ഇത്തവണ ഭാഗ്യതാരങ്ങളായല്ല; വിജയ് ഹസാരെ ഫൈനലിൽ ഈ രണ്ട് മലയാളികളെത്തുന്നത് റിയൽ ഹീറോസായി

അഞ്ചാം കിരീട ലക്ഷ്യവുമായി കർണാടകയും പ്രഥമ കിരീട ലക്ഷ്യവുമായി വിദർഭയും ജനുവരി 18 ന് പരസ്പരം ഏറ്റുമുട്ടുമ്പോൾ ഉള്ള കൗതുകം ഇരു ടീമിലും ഓരോ മലയാളിയുണ്ട് എന്നതാണ്

വിജയ് ഹസാരെ ട്രോഫി 2024-25 സീസണിന്റെ ഫൈനൽ ചിത്രം തെളിഞ്ഞു. ഇന്ത്യൻ താരങ്ങൾ ഏറെ അണിനിരന്ന, വമ്പൻ ടീമുകൾക്ക് അടിതെറ്റിയ ടൂർണമെന്റിൽ സെമിയിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് വിദർഭയും ഹരിയാനയെ തോൽപ്പിച്ച് കർണാടകയും ഫൈനലിലെത്തി. അഞ്ചാം കിരീട ലക്ഷ്യവുമായി കർണാടകയും പ്രഥമ കിരീട ലക്ഷ്യവുമായി വിദർഭയും ജനുവരി 18 ന് പരസ്പരം ഏറ്റുമുട്ടമ്പോള്‍ ഉള്ള ഒരു കൗതുകം ഇരു ടീമിലും ഓരോ മലയാളിയുണ്ടെന്നുള്ളതാണ് . ഇരു ടീമിന്റെയും ശക്തിയും ധൈര്യവും ഈ മലയാളികളാണ്.

കർണാടക ടീമിൽ ദേവ്ദത്ത് പടിക്കലാണ് അണിനിരക്കുന്നതെങ്കിൽ വിദർഭയ്ക്കൊപ്പം 33 കാരനായ കരുൺ നായരാണ്. ആദ്യ സെമിയിൽ ഹരിയാനയ്ക്കെതിരെ അഞ്ചു വിക്കറ്റ് വിജയം നേടി കർണാടക ഫൈനൽ ഉറപ്പിച്ചപ്പോൾ 113 പന്തിൽ 86 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു കളിയിലെ താരം. സെമി ഉൾപ്പടെ മൂന്ന് കളികളിൽ മാത്രമാണ് പടിക്കൽ കർണാടകയ്ക്ക് വേണ്ടിയിറങ്ങിയത്. ഇതിൽ ക്വാർട്ടർ ഫൈനലിൽ ശക്തരായ ബറോഡയ്ക്കെതിരെ സെഞ്ച്വറി നേടി. മറ്റൊരു മത്സരത്തിൽ ഹരിയാനക്കെതിരെ 86 റൺസ് നേടി.

അതേ സമയം ടൂർണമെന്റിലുടനീളം മിന്നും പ്രകടനം നടത്തുന്ന കരുൺ നായരും വിദർഭയ്ക്ക് വേണ്ടി സെമി ഫൈനലിൽ തിളങ്ങി. 44

പന്തിൽ അഞ്ച് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 200 സ്ട്രൈക്ക് റേറ്റിൽ 88 റൺസാണ് പുറത്താകാതെ താരം നേടിയത്. ഇതോടെ പരമ്പരയിൽ താരത്തിന്റെ ബാറ്റിങ് ആവറേജ് 752 ആയി ഉയർന്നു. ഏഴ് മത്സരങ്ങളിൽ നിന്നും താരം 752 റൺസാണ് നേടിയത്. താരം തന്നെയാണ് ടൂർണമെന്റ് ടോപ് സ്‌കോറർ. സീസണിൽ അഞ്ച് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും നേടി. ഒറ്റ മത്സരത്തിൽ മാത്രമാണ് താരത്തിന്റെ വിക്കറ്റ് വീണത്. 112, 44, 163, 113 , 112 , 122 , 88 എന്നിങ്ങനെയാണ് ഈ വിജയ് ഹസാരെയിൽ താരത്തിന്റെ സ്കോർ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടാൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം മാനദണ്ഡമാക്കുമെന്ന് പറയുമ്പോഴും ഇരുവരെയും എന്ത് കൊണ്ട് പരിഗണിക്കുന്നില്ല എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പടിക്കലിന് ചില അപൂർവ സമയങ്ങളിലെങ്കിലും അവസരം ലഭിക്കാറുണ്ടെകിലും കരുൺ നായരെ ബിസിസിഐ കാണാത്ത മട്ടാണ്. പടിക്കലിന് ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ പരിക്കുള്ള ശുഭ്മാൻ ഗില്ലിന് പകരം അവസരം ലഭിച്ചെങ്കിലും മുതലാക്കാനായിരുന്നില്ല.

അതേ സമയം ഇന്ത്യൻ ടീമിൽ അവസരം കിട്ടിയപ്പോഴെല്ലാം നിറഞ്ഞാടിയ താരമാണ് കരുൺ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ആറ് മത്സരങ്ങളിൽ നിന്നായി ഏഴ് ഇന്നിങ്‌സുകളിൽ നിന്ന് 374 റൺസെടുത്തു. 2016ൽ ചെന്നൈയിലാണ് കരുൺ അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. അന്ന് 303 റൺസുമായി പുറത്താകാതെ നിന്ന കരുൺ ടെസ്റ്റ് ക്രിക്കറ്റിൽ വിരേന്ദർ സെവാഗിന് ശേഷം ട്രിപ്പിൾ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമായി മാറിയിരുന്നു. എന്നാൽ അതിന് ശേഷം കരുണിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിൽ 33കാരനായ താരത്തിന് വീണ്ടുമൊരു അവസരം ലഭിക്കുമോയെന്ന് അറിയാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

Also Read:

Sports Talk
2016 ലെ ലെസ്റ്റർ ആവർത്തിക്കുമോ; 78 കളിലെ ഫോറസ്റ്റ് വസന്തം തിരിച്ചുവരുമോ; നമ്മെ കൊതിപ്പിക്കുന്ന നോട്ടിങ്ഹാം

KARUN NAIR IN VHT 2024-25. 🔥- 752 runs at an average of 752. 🤯pic.twitter.com/qa4fmSCa64

അതിനിടെ താരത്തെ പരിഗണിക്കാത്തതിൽ വിമർശനവുമായി മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. കരുൺ ഫാൻസി ഡ്രസ്സ് ഇടാത്തത് കൊണ്ടും ടാറ്റൂ അടിക്കാത്തത് കൊണ്ടുമാണോ ടീമിൽ പരിഗണിക്കാത്തത് എന്നാണ് ഹർഭജൻ പരിഹസിച്ചു ചോദിച്ചത്. ഏതായാലും തുടർച്ചയായ പരമ്പര തോൽവിക്ക് ശേഷം താരങ്ങൾക്കുള്ള പെരുമാറ്റ ചട്ടത്തിൽ തുടങ്ങി സമൂല മാറ്റത്തിനൊരുങ്ങുന്ന ബിസിസിഐ ഇവരെ പരിഗണിക്കുമോ എന്ന് കണ്ടറിയാം.

Content Highlights: Not as lucky this time; These two Malayalees are the real heroes in the Vijay Hazare final

To advertise here,contact us