ചാംപ്യൻ താരങ്ങളില്ലാത്ത ചാംപ്യൻസ് ട്രോഫി; ചാംപ്യൻസ് ട്രോഫി 'RULE OUT' ഇലവൻ എട്ടു ടീമുകളെയും വെല്ലും

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പല ടീമുകളുടെയും പ്രധാന താരങ്ങൾ ടീമിന് പുറത്താണ്. പുറത്തായ ബുംമ്രയും സ്റ്റാർക്കും അടക്കമുള്ള 13 പ്രധാന താരങ്ങളും അതിൽ നിന്നുള്ള ബെസ്റ്റ് ഇലവനും

ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പല ടീമുകളുടെയും പ്രധാന താരങ്ങൾ ടീമിന് പുറത്താണ്. എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ചാംപ്യൻമാരുടെ പോരാട്ടത്തിന്റെ മാറ്റ് കുറയ്ക്കുന്നതും ചില ചാംപ്യൻ താരങ്ങളുടെ അഭാവമായിരിക്കും. പരിക്കുകൾ, വ്യക്തിപരമായ കാരണങ്ങൾ, അപ്രതീക്ഷിത വിരമിക്കൽ തുടങ്ങി പല കാരണങ്ങളാണ് ആരാധകർക്കും ടീമിനും ഈ മിന്നും താരങ്ങളെ നഷ്ടപ്പെടാൻ കാരണം.

ഈ കളിക്കാരുടെ അഭാവം ടൂർണമെന്റിന്റെ ആവേശത്തെ തന്നെ ബാധിക്കും. ചില ടീമുകൾക്ക് പകരക്കാരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ചില താരങ്ങൾക്ക് അതേ രീതിയിലുള്ള പകരക്കാരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ടൂർണമെന്റ് വികസിക്കുംതോറും ഈ താരങ്ങളുടെ അഭാവവും മുഴച്ചുനിൽക്കും. പല കാരങ്ങളാൽ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് നഷ്‌ടമായ താരങ്ങളിലേക്ക് ഒരു എത്തിനോട്ടം.

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംമ്ര പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ നഷ്ടം. അടുത്തിടെ സമാപിച്ച ഓസീസിനെതിരെയുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ഈ ടൂര്ണമെന്റിലും ടീമിന്റെ കുന്തമുന 32 വിക്കറ്റുകൾ നേടി ടൂർണമെന്റ് താരമായ ബുംമ്രയായിരുന്നു.

Also Read:

Sports Talk
സജനയ്ക്കും മിന്നുമണിക്കുമൊപ്പം അരങ്ങേറ്റത്തിന് ജോഷിതയും; WPL ലെ മലയാളി സാന്നിധ്യമായി വയനാടൻ പെരുമ

സമീപ കാലത്ത് നടന്ന ടി 20 ലോകകപ്പിലും 2023 ൽ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫെനലിലെത്തിച്ചത് ബുംമ്രയുടെ മാസ്മരിക പ്രകടനം കൂടിയായിരുന്നു. ബുംമ്രയ്ക്ക് പകരം പുതുമുഖക്കാരനായ ഹർഷിത് റാണയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ബുംമ്രയുടെ വിടവ് നികത്തപ്പെടാതെ അങ്ങനെ തന്നെ നിൽക്കും.

നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് യുവ ബാറ്റിങ് ഓൾറൗണ്ടർ ജേക്കബ് ജേക്കബ് ബെതലിനെ ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്. സ്പിൻ അനുകൂല പിച്ചുകളിൽ നന്നായി കളിക്കുന്ന താരം കൂടിയാണ് ബെതൽ. താരത്തിന്റെ ഇടംകൈയ്യൻ സ്പിന്നും ഇംഗ്ലണ്ടിന് നഷ്ടമാകും. പകരക്കാരനായി ടോം ബാന്റണെ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും യുവ താരത്തിന്റെ നഷ്ടം അങ്ങനെ തന്നെ തുടരും.

ദക്ഷിണാഫ്രിക്കയിൽ നിന്ന് രണ്ട് താരങ്ങളാണ് പരിക്കുമൂലം പുറത്തായത്. 150 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ എറിയുന്ന രണ്ട് താരങ്ങളെയാണ് നഷ്ടമായത് എന്നും ശ്രദ്ധേയമാണ്. ആൻ‍റിച്ച് നോർക്യ, ജെറാൾഡ് കോട്‌സി എന്നിവരാണ് ഇവർ. 2024 ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച സംഭാവന നൽകുകയും ഫൈനലിലേക്കെത്താൻ സഹായിക്കുകായും ചെയ്ത താരമാണ് കോട്‌സി.

ഏറ്റവും കൂടുതൽ നഷ്ടങ്ങളുണ്ടായ ടീം ഓസ്‌ട്രേലിയയാണ്. ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തന്നെയാണ് പരിക്കേറ്റ് പുറത്തായ താരങ്ങളിൽ ഒരാൾ. ബോർഡർ-ഗാവസ്‌കർ ട്രോഫിക്കിടെ കമ്മിൻസിന് കണങ്കാലിന് പരിക്കേറ്റതിനാൽ ഓസ്‌ട്രേലിയയുടെ ശ്രീലങ്കൻ പര്യടനവും നഷ്ടമായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക് പിന്മാറിയതും തിരിച്ചടിയായി. ടൂർണമെന്റുകളിൽ ഓസീസിന്റെ കുന്തമുനയായ സ്റ്റാർക്കിന്റെ യോർക്കറുകളെ ക്രിക്കറ്റ് പ്രേമികളും മിസ് ചെയ്യും. ഇടുപ്പിന് പരിക്കേറ്റ് പുറത്തായ മറ്റൊരു പ്രധാന ഓസീസ് പേസറാണ് ഹേസൽവുഡ്. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിച്ചിരുന്ന താരത്തിന് മുമ്പുണ്ടായിരുന്ന പരിക്കുകൾ വീണ്ടും വില്ലനാവുകയിരുന്നു.

നടുവേദനയെ തുടർന്ന് ഓൾറൗണ്ടർ മിച്ചൽ മാർഷ് ടീമിൽ നിന്ന് പുറത്തായതാണ് ഓസീസിനെ വലയ്ക്കുന്ന മറ്റൊന്ന്. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ തിളങ്ങാൻ താരത്തിനായിരുന്നില്ലെങ്കിലും ഐസിസി ടൂർണമെന്റിൽ അവസരത്തിനൊത്തുയർന്ന് പ്രകടനം കാഴ്ചവെക്കാൻ താരത്തിനാവാറുണ്ട്. ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്നും അപ്രതീക്ഷിതമായി വിരമിച്ച മാർക്കസ് സ്റ്റോയിനിസ് ആണ്.

സ്റ്റാർ ബാറ്റർ സയിം അയൂബ് ഇല്ലതെയാണ് ആതിഥേയരായ പാകിസ്താൻ സ്വന്തം മണ്ണിലെ ചാംപ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്നത്. നേരത്തെ താരത്തിന്റെ ഫിറ്റ്നസ് ഉറപ്പിക്കാൻ ടീം പ്രഖ്യാപനം വരെ വൈകിച്ച പാകിസ്താൻ ടീമിന് ഒടുവിൽ അയൂബ് ഇല്ലാതെ ടീം പ്രഖ്യാപിക്കേണ്ടി വന്നിരുന്നു.

അഫ്ഗാനിസ്ഥാൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന മുജീബ് ഉർ റഹ്മാൻ ആണ് പരിക്കേറ്റ് പുറത്തായ മറ്റൊരു താരം. കഴിഞ്ഞ വർഷം ഡിസംബറിൽ സിംബാബ്‌വെ പര്യടനത്തിനിടെ കൈയുടെ കൈയ്ക്ക് പരിക്കേറ്റ താരത്തിന് ഇപ്പോഴും ഫിറ്റ്നസ് വീണ്ടെടുക്കാൻ പറ്റിയിട്ടില്ല.അഫ്ഗാനിസ്ഥാന്റെ 18 വയസ്സുള്ള സ്പിൻ സെൻസേഷൻ അല്ലാഹ് ഗസൻഫറിനും ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. നാല് മാസത്തെ വിശ്രമത്തിലുള്ള താരത്തിന് മുംബൈയ്‌ക്കൊപ്പമുള്ള ഐപിഎൽ 2025 സീസണും നഷ്ടമാകും.

കഴിഞ്ഞ ദിവസം പരിക്കേറ്റ ന്യൂസിലാൻഡ് പേസർ ബെൻ സിയേഴ്സിനും ചാംപ്യൻസ് ട്രോഫി നഷ്ടമാകും. കറാച്ചിയിൽ നടന്ന പരിശീലന സെഷനിൽ സിയേഴ്സിന് ഇടത് പിൻതുടയുടെ ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത്. പകരക്കാരനായി ജേക്കബ് ഡഫിയെ കിവീസ് ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights:Champions Trophy without champions; Champions Trophy 'RULE OUT' XI will beat all eight teams

To advertise here,contact us