ഐപിഎൽ സീസണിലെ രണ്ടാം മത്സരത്തിലും രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടു. കൊൽക്കത്തയ്ക്കെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും റോയൽസ് മോശമായി. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നത് ഒരു യുവതാരമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാൻ നിരയുടെ ടോപ് സ്കോർ. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ.
ഐപിഎൽ 2025, താരലേലത്തിന് മുമ്പായി രാജസ്ഥാൻ റോയൽസ് ഒരു തീരുമാനമെടുത്തിരുന്നു. ലേലത്തിന് വെക്കാതെ ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ധ്രുവ് ജുറേലിനെയും ഉൾപ്പെടുത്തി. ജോസ് ബട്ലറിനെ പോലും ഒഴിവാക്കിയാണ് ജുറേലിനെ 14 കോടി രൂപയ്ക്ക് രാജസ്ഥാൻ ടീമിൽ നിലനിർത്തിയത്. കഴിഞ്ഞ ഐപിഎല്ലിൽ മോശ പ്രകടനം നടത്തിയ താരം. ഇത്രയധികം തുക നൽകി ജുറേലിനെ നിലനിർത്തിയത് എന്തിന്? ആരാധകരുടെയും ക്രിക്കറ്റ് നിരീക്ഷകരുടെയും വിമർശനങ്ങൾ അത്രമേൽ ശക്തമായിരുന്നു. പക്ഷേ ഐപിഎൽ ദിവസങ്ങളിൽ ജുറേൽ തന്റെ മികവ് തെളിയിക്കുകയാണ്.
സൺറൈസേഴ്സിനെതിരെ ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ പതറാതെ നിന്ന താരം. മൂന്നിന് 50 എന്ന സ്കോറിൽ നിന്ന് സഞ്ജുവിനൊപ്പം ജുറേൽ പോരാട്ടം തുടങ്ങി. 35 പന്തിൽ 70 റൺസുമായി അയാൾ രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോററായി. ജുറേൽ വീണിടത്ത് നിന്നുമാണ് സൺറൈസേഴ്സ് മത്സരത്തിൽ തിരിച്ചുവന്നത്. കൊൽക്കത്തയ്ക്കെതിരെ ഗുവാഹത്തിൽ റോയൽസ് രണ്ടാം മത്സരത്തിനിറങ്ങി. അജിൻക്യ രഹാനെ തന്റെ ബൗളർമാരെ നന്നായി ഉപയോഗിച്ചപ്പോൾ രാജസ്ഥാൻ മുൻനിര വീണുകൊണ്ടിരുന്നു. ഒരിക്കൽകൂടി ധ്രുവ് ജുറേൽ ക്രീസിലെത്തി. 29 പന്തിൽ 33 റൺസുമായി വീണ്ടും രാജസ്ഥാന്റെ ടോപ് സ്കോർ. 150 എന്ന മാന്യമായ സ്കോറിലെത്താൻ രാജസ്ഥാനെ സഹായിച്ച താരം. പക്ഷേ ആ പോരാട്ടത്തിനും റോയൽസിനെ രക്ഷിക്കാനായില്ല.
ഒരിക്കൽ തന്റെ 14-ാം വയസിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ക്രിക്കറ്റ് അവസാനിപ്പിക്കാൻ ഒരുങ്ങിയതാണ് ജുറേൽ. എന്നാൽ മകന്റെ ആഗ്രഹത്തിന് ജുറേലിന്റെ അമ്മ പിന്തുണ നൽകി. തന്റെ സ്വർണം വിറ്റ് അവർ മകന് ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകി. ഇതോടെ ക്രിക്കറ്റിനോട് ധ്രുവ് കൂടുതൽ പ്രതിബദ്ധത കാണിച്ചു. തന്റെ അമ്മയുടെ ത്യാഗങ്ങൾ വെറുതെയാകാൻ പാടില്ലെന്ന് ജുറേൽ ഉറച്ച തീരുമാനമെടുത്തു. ആ പോരാട്ടവീര്യമാണ് ഇന്നും അയാളിൽ കാണുന്നത്. ജുറേൽ ഇന്ത്യൻ ക്രിക്കറ്റിന് ഒരു സന്ദേശം നൽകുന്നു. ഒരു മത്സരത്തിലോ ഒരൊറ്റ സീസണിലോ അവസാനിക്കുന്നതല്ല ധ്രുവ് ജുറേലിന്റെ കരിയർ. ഒരു മികച്ച വിക്കറ്റ് കീപ്പർ ബാറ്ററാകാൻ ജുറേലിന് കരിയർ ഏറെ ബാക്കിയുണ്ട്.
Content Highlights: Dhruv Jurel plays solo performance amid RR's consecutive loses