അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ ലെഗ് സ്പിൻ മാന്ത്രികതയ്ക്ക് മൂർച്ച കുറയുന്നതായി ആരാധക വിലയിരുത്തൽ. ഈ ഐപിഎൽ സീസണിൽ ഒരു വിക്കറ്റ് മാത്രമാണ് റാഷിദിന് നേടാനായത്. കഴിഞ്ഞ സീസണിലാകട്ടെ 12 മത്സരങ്ങളിൽ നിന്ന് റാഷിദ് നേടിയത് 10 വിക്കറ്റുകൾ മാത്രം. 2017ൽ സൺറൈസേഴ്സ് താരമായി ഐപിഎല്ലിന് അരങ്ങേറ്റം കുറിച്ച ശേഷം റാഷിദിന്റെ ഏറ്റവും കുറഞ്ഞ വിക്കറ്റ് നേട്ടമാണ് കഴിഞ്ഞ സീസണിലേത്. ഇതോടെയാണ് ആരാധകർ റാഷിദിന്റെ സ്പിൻ മികവിന് ഇതെന്തുപറ്റിയെന്ന ചോദ്യമുയർത്തുന്നത്.
സീസണിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ നാല് ഓവർ പന്തെറിഞ്ഞ റാഷിദ് 54 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റ് നേട്ടമൊന്നും സ്വന്തമാക്കാനും കഴിഞ്ഞില്ല. 18-ാം ഓവറിൽ ലിയാം ലിവിങ്സ്റ്റൺ റാഷിദിനെ മൂന്ന് തവണയാണ് നിലംതൊടാതെ അതിർത്തി കടത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ഐപിഎൽ സീസണിലെ ഏക വിക്കറ്റ് റാഷിദ് സ്വന്തമാക്കിയത്. നാല് ഓവറിൽ 48 റൺസ് വിട്ടുകൊടുത്ത റാഷിദ് പ്രിയാൻഷ് ആര്യയുടെ വിക്കറ്റ് നേടി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ട് ഓവർ മാത്രമാണ് റാഷിദ് പന്തെറിഞ്ഞത്.
ഐപിഎൽ 2017ൽ സൺറൈസേഴ്സ് താരമായി അരങ്ങേറുമ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള റാഷിദ് ഖാന് പ്രായം വെറും 17 വയസ് മാത്രമായിരുന്നു. നാല് കോടി രൂപയ്ക്കാണ് അഫ്ഗാൻ താരത്തെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി താരം ശ്രദ്ധ നേടി. പിന്നീടങ്ങോട്ട് സൺറൈസേഴ്സ് നിരയിലെ നിർണായക സാന്നിധ്യമായി റാഷിദ് മാറി. 2018 മുതലുള്ള സീസണുകളിൽ റാഷിദിന്റെ പ്രതിഫലം ഒമ്പത് കോടിയായി ഉയർന്നു. സൺറൈസേഴ്സിനായി അഞ്ച് സീസണുകൾ കളിച്ച റാഷിദ് 93 വിക്കറ്റുകൾ നേടി.
2022ലെ ഐപിഎൽ താരലേലത്തിന് മുമ്പായി സൺറൈസേഴ്സ് വിടാൻ റാഷിദ് തീരുമാനിച്ചു. ലേലത്തിൽ തനിക്ക് മികച്ച തുക ലഭിക്കുമെന്നായിരുന്നു റാഷിദിന്റെ വിലയിരുത്തൽ. ലേലത്തിന് മുമ്പ് നാല് താരങ്ങളെ മാത്രമായിരുന്നു ടീമുകൾക്ക് നിലനിർത്താൻ കഴിയുമായിരുന്നത്. കെയ്ൻ വില്യംസണെ നിലനിർത്തുകയാണ് സൺറൈസേഴ്സ് ചെയ്തത്.
2022ൽ ഗുജറാത്ത് ടൈറ്റൻസിലെത്തിയപ്പോൾ റാഷിദിന് 15 കോടി രൂപ പ്രതിഫലം ലഭിച്ചു. 2023ലെ ഐപിഎല്ലിലാണ് റാഷിദ് എക്കാലത്തെയും മികച്ച പ്രകടനം പുറത്തെടുത്തത്. 17 മത്സരങ്ങളിൽ നിന്നായി താരം നേടിയത് 27 വിക്കറ്റുകളാണ്. 2024ൽ പ്രകടനം മോശമായെങ്കിലും ഇത്തവണത്തെ ഐപിഎല്ലിന് മുമ്പായുള്ള താരലേലത്തിൽ 18 കോടി രൂപയ്ക്കാണ് റാഷിദിനെ ഗുജറാത്ത് നിലനിർത്തിയത്. ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ നിർദ്ദേശാനുസരണമാണ് ഗുജറാത്ത് റാഷിദ് ഖാനെ ആദ്യ ചോയ്സായി നിലനിർത്തിയത്. എന്നാൽ താരത്തിന്റെ പ്രകടനം മോശമാകുന്നത് ഗുജറാത്ത് ടൈറ്റൻസിന് സീസണിൽ തലവേദനയാകാൻ സാധ്യതയുണ്ട്.
Content Highlights: Rashid Khan's Horror Start To IPL 2025 Keeps Getting Worse