ഇന്ത്യ, രണ്ടാംതവണ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ദിനം. മഹേന്ദ്രസിങ് ധോനി സിക്സറിലൂടെ ഫിനിഷ് ചെയ്ത് ലോക കിരീടത്തില് ഇന്ത്യ മുത്തമിട്ട്, സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി താരങ്ങൾ സ്റ്റേഡിയം വലംവെച്ച് ആഘോഷിക്കുമ്പോള് ബിഹാറിലെ സമസ്തിപൂരിൽ ഒരു കുഞ്ഞ് പല്ലില്ലാത്ത മോണകാട്ടി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കർഷകനായ സഞ്ജീവ് സൂര്യവംശിയുടെ മകൻ വൈഭവ് സൂര്യവംശി.
പിറന്നിട്ട് ആറുദിവസമായിട്ടേയുള്ളൂ. രാജ്യം ആഘോഷത്തിമിർപ്പിലാണ്. താജ്പൂരിലെ വീട്ടിൽ, വൈഭവിനെ കണ്ടവരാരും, ഒരുനാള് ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിക്കുന്നവനാകും ഇവനെന്ന് വിചാരിച്ചുകാണില്ല. പക്ഷെ, കാലം കരുതിവെച്ചത് മറ്റൊരു ചരിത്രമാണ്. അതൊരു നിയോഗംപോലെ 2025-ൽ അവതരിച്ചു. ഏപ്രിൽ മാസത്തെ ഒരു രാവിൽ വൈഭവ് സൂര്യവംശി ജ്വലിച്ചു.
ഗുരു, പിതാവ്
ഐ.പി.എലിന്റെ നാലാം എഡിഷന് ഏതാനും ദിവസങ്ങള്ക്കുമുമ്പാണ് വൈഭവ് സൂര്യവൻശിയുടെ ജനനം. 2011 മാര്ച്ച് 27-ന് ബിഹാറിലെ സമസ്തിപുരിലെ താജ്പൂരിൽ. കർഷക കുടുംബത്തിലായിരുന്നു പിറവിയെങ്കിലും, വൈഭവിന്റെ ക്രിക്കറ്റ് ലോകത്തേക്ക് കൈമെയ് മറന്ന് കൂടെനിൽക്കുന്ന അച്ഛനായിരുന്നു ഹീറോ. ദാരിദ്രത്തിലും തളരാതെ ക്രിക്കറ്റിനുവേണ്ടി അദ്ദേഹം മകനുവേണ്ടി പൊരുതി.
വൈഭവ് സൂര്യവൻശിയുടെ മികവിന് നന്ദി പറയേണ്ടത് അച്ഛനോടാണ്. വൈഭവിന്റെയുള്ളിലെ പ്രതിഭയെ കണ്ടെത്തി, വളര്ത്തിയെടുത്തു അച്ഛൻ സഞ്ജിവ് സൂര്യവംശി. അതിനായി ത്യജിച്ചത് തന്റെയും കുടുംബത്തിന്റെയും വരുമാനം കൂടിയാണ്, ജീവിതമാർഗവും. മകന്റെ ക്രിക്കറ്റ് ഭാവിക്കായി ചെലവിനുള്ള പണം കണ്ടെത്താന് തന്റെ കൃഷിയിടങ്ങള് പലപ്പോഴായി മുറിച്ചുവിറ്റു സഞ്ജീവ് സൂര്യവംശി.
ആരുമറിയാത്ത രഹസ്യം, അഥവാ അച്ഛന്റെ ഹീറോയിസം ഒരിക്കല് വൈഭവ് സൂര്യവംശി ലോകത്തോട് വിളിച്ചുപറഞ്ഞു. പക്ഷെ, അവിടെയും അച്ഛൻ കുറച്ചുവാക്കുകളിൽ ഒതുങ്ങി. എല്ലാം മകന്റെ കഴിവെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി റിയൽ ഹീറോ. മകന്റെ കഠിനാധ്വാനമാണ് ഇന്നീ നിലയിലെത്തിച്ചതെന്നാണ് സഞ്ജീവിന്റെ വാക്കുകള്. കൃഷിഭൂമി വിറ്റത് മാത്രമല്ല, സമസ്തിപൂരിലെ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലേക്ക് വൈഭവുമൊത്തുള്ള ദുസ്സഹ ദൂരയാത്രയുടെയും ക്രെഡിറ്റ് അച്ഛൻ സഞ്ജീവ് സൂര്യവംശിക്ക് തന്നെ. ഒമ്പതാം വയസ്സിൽ സമസ്തിപൂരിലെ അക്കാദമിയിലേക്ക് ദിനേനെയുള്ള യാത്ര കഠിനമായിരുന്നെങ്കിലും പിന്നോട്ടായില്ല അച്ഛനും മോനും.
പന്ത്രണ്ടാം വയസ്സിൽ വിനു മങ്കാദ് ട്രോഫിയിൽ ബിഹാറിന് വേണ്ടി അണ്ടർ 19 വിഭാഗത്തിൽ കളിച്ചിരുന്നു വൈഭവ്. 2024 ജനുവരിയിൽ മുംബൈയ്ക്കെതിരെ ബിഹാറിനു വേണ്ടി വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. അന്ന് വൈഭവിന് 12 വയസ്സും 284 ദിവസവും മാത്രമാണ് പ്രായം. ബിഹാറിനു വേണ്ടി രഞ്ജി ട്രോഫിയിൽ കളിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് കളിക്കാരനായി വൈഭവ് സൂര്യവംശി. 2024 ഡിസംബറിൽ, മധ്യപ്രദേശിനെതിരേ വിജയ് ഹസാരെ ട്രോഫിയിൽ ബിഹാറിനു വേണ്ടി കളിച്ച്, ലിസ്റ്റ് എ ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ തരാമെന്ന നേട്ടവും വൈഭവ് തന്റെ പേരിൽ കുറിച്ചു. 13 വയസ്സും 269 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ നേട്ടം.
ആഭ്യന്തര ക്രിക്കറ്റിൽ മകന്റെ മികവിന് നല്ല മാർക്കിട്ട് മുൻ താരങ്ങൾ രംഗത്തെത്തിയതോടെ അച്ഛൻ സഞ്ജീവിന് ആത്മവിശ്വാസമായി. വൈഭവിനുവേണ്ടിയുള്ള സഞ്ജീവിന്റെ പ്രയത്നങ്ങളൊന്നും വെറുതെയായില്ല. ക്രിക്കറ്റിന്റെ അത്യുന്നതങ്ങളിലേക്ക് മകന് കുതിക്കുമ്പോള്, അവന് രാജ്യത്തിന്റെ മകന് കൂടിയാണെന്ന അഭിമാനബോധമാണ് സഞ്ജീവിന്. ഒരിക്കൽ, ആഭ്യന്തര ലീഗിൽ കളിച്ചുയർന്നപ്പോൾ ബിഹാറിന്റെ മകനെന്ന് തന്റെ മകനെ വിശേഷിപ്പിച്ചെങ്കിൽ, ഇന്ന് ഇന്ത്യയുടെയൊന്നാകെ ആവേശമെന്ന ഖ്യാതിയുലേക്കുള്ള മകന്റെ വളർച്ച കണ്ടുനിൽക്കുമ്പോൾ, നിറഞ്ഞമനസ്സോടെയുള്ള ആത്മസംതൃപ്തിയാകും സഞ്ജീവിന്. ഒന്നും വെറുതെയായില്ലല്ലോ!
Vaibhav Suryavanshi on the sacrifices of his parents. 🥹❤️- Vaibhav said, "whatever I'm today, it's only because of my parents". ❤️ pic.twitter.com/BrgrTadEIQ
ജൂനിയർ കോടിപതി
രാജസ്ഥാന് റോയല്സിനുവേണ്ടി മൂന്ന് മത്സരങ്ങളിലാണ് ഇതുവരെ ഇടംകൈയൻ ബാറ്റർ കളിച്ചത്. ഗുജറാത്ത് ടൈറ്റന്സിനെതിരേ, ഏപ്രില് 28-ലെ രാത്രിയില് ജയ്പൂരിലെ മത്സരം കണ്ടവരാരും വൈഭവിനെ മറക്കില്ല. വൈഭവ് സൂര്യവംശി, ആ രാത്രി ജ്വലിച്ചുയര്ന്നപ്പോള് താരനിബിഢമായ ഗുജറാത്തിന് തലകുനിച്ചുമടക്കം. 35 പന്തില് കുറിച്ചത് സെഞ്ചുറി. 38 പന്തില് 101 റണ്സെടുത്ത് മടങ്ങുമ്പോള് എഴുന്നേറ്റുനിന്ന് കൈയടിച്ചു, സ്റ്റേഡിയമൊന്നാകെ. ഭാവി താരത്തിന് വേണ്ടി കൈയടിക്കാന് മടിച്ചില്ല ആരും. ഐ.പി.എലിലെ കന്നി മത്സരത്തില് ലഖ്നൗ സൂപ്പര് ജയന്റ്സിനെതിരെ 34, റോയല് ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 16 എന്നിങ്ങനെയായിരുന്നു മുന് ഇന്നിങ്സുകള്.
ഐ.പി.എൽ. അരങ്ങേറ്റത്തില് സിക്സറടിച്ചായിരുന്നു സൂര്യവംശിയുടെ തുടക്കം. ഷാര്ദുല് താക്കൂറിന്റെ പന്തിനെ നേരട്ട വൈഭവ് സൂര്യവംശി, സ്ഫോടനാത്മകമായ ഒരു ഐ.പി.എലിന് നാന്ദികുറിക്കുമ്പോൾ തുടക്കക്കാരന്റെ കത്തിക്കയറലെന്നാണ് ക്രിക്കറ്റ് ലോകം നിനച്ചതെങ്കില് അതൊരു സൂചനയായിരുന്നുവെന്ന് തെളിയിച്ചു പിന്നീട് വൈഭവ്. ഐ.പി.എല്. കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. അരങ്ങേറ്റം കുറിക്കുമ്പോള് പ്രായം വെറും 14 വയസ്സും 23 ദിവസവും മാത്രം! ഐ.പി.എലിലെ അതിവേഗ സെഞ്ചുറിയില് രണ്ടാമതെന്ന് രേഖപ്പെടുത്തും, വൈഭവിന്റേത്. മുപ്പത് പന്തില് സെഞ്ചുറി നേടിയ ക്രിസ് ഗെയിലാണ് ഒന്നാമത്. 2013-ലായിരുന്നു അത്. തൊട്ടുപിന്നിലിതാ ഒരു പതിന്നാലുകാരന്! ഏറ്റവും പ്രായം കുറഞ്ഞ ഒരു താരത്തിന്റെ സെഞ്ചുറി നേട്ടമെന്ന റെക്കോഡ് ഖ്യാതിയും. റെക്കോർഡുകളുടെ വെടിക്കെട്ടിനായിരുന്നു കഴിഞ്ഞ ദിവസം വൈഭവ് തീകൊളുത്തിയത്.
शानदार, जबरदस्त, जिंदाबाद वैभव#vaibhavsuryavanshi #IPL2025 pic.twitter.com/aetk6PpjmM
13-ാം വയസ്സില് ഓസ്ട്രേലിയ അണ്ടര്-19 ടീമിനെതിരെ 58 പന്തില് സെഞ്ചുറി നേടിയതോടെ വൈഭവ് ദേശീയ മാധ്യമങ്ങളിൽ വാര്ത്തയായി. അന്നത്തെ പ്രകടനം വൈഭവിനെ യൂത്ത് ക്രിക്കറ്റില് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാക്കി. 13 വര്ഷവും 187 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു നേട്ടം. നാഗ്പൂരിലെ ആ പ്രകടനമാണ് സൂര്യവംശിയെ സ്വന്തമാക്കാൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. അടിസ്ഥാന വില 30 ലക്ഷമുണ്ടായിരുന്ന വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.1 കോടി രൂപയ്ക്ക്. രാജസ്ഥാന് പിഴച്ചില്ല. പ്രതിസന്ധി ഘട്ടത്തിൽ വൈഭവ് റോയൽസിനെ കൈപിടിച്ചു, രാജകീയമായിത്തന്നെ. ഇനിയും പെയ്തുതീരാത്ത പേമാരിയാണ് വൈഭവ് സൂര്യവംശി. ഇനിയുമിനിയും നിനച്ചിരിക്കാത്ത നേരത്ത് തോരാമഴയായി പേമാരിയായി പെയ്തിടും.
Content Highlights: Vaibhav Suryavanshi, 14, rewrites history books, create dozens of records