അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത് ആഷസ് വഴിയല്ല; ചരിത്ര ലക്ഷ്യത്തിന് ഇന്ത്യ

അടുത്ത വർഷം ജൂണിലാണ് മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുക

ഡൽഹി: ഇംഗ്ലണ്ടിനെതിരെ അടുത്ത വർഷം ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയുടെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. അടുത്ത വർഷം ജൂൺ 20ന് പരമ്പരയ്ക്ക് തുടക്കമാകുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പും ആരംഭിക്കും. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ആരംഭിച്ചത് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പരയോടെ ആയിരുന്നു.

അടുത്ത വർഷം ജൂണിൽ ഇംഗ്ലണ്ടിൽ കളിക്കാനൊരുങ്ങുമ്പോൾ മറ്റൊരു ചരിത്ര നേട്ടമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. 18 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. 2007ൽ മൈക്കൽ വോണിന്റെ സംഘത്തെ തോൽപ്പിച്ച രാഹുൽ ദ്രാവിഡിന്റെ ഇന്ത്യൻ ടീമാണ് അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

2011-12ലാണ് ഇന്ത്യൻ സംഘം പിന്നീട് ഇംഗ്ലണ്ടിൽ എത്തിയത്. 4-0 ത്തിന് അന്ന് ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ പരാജയപ്പെട്ടു. 2014ൽ 3-1 നായിരുന്നു ഇന്ത്യയുടെ പരാജയം. 2018ൽ 4-1ന് ഇംഗ്ലണ്ട് വിജയിച്ചു. 2021-22ൽ ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിച്ചു. ഇത്തവണ 2-2ന് പരമ്പര സമനിലയായി.

To advertise here,contact us