Election Results 2024

ഇടത് കേന്ദ്രങ്ങളിൽ വിള്ളൽ വീഴ്ത്തി ലീഗിന്റെ തേരോട്ടം; മലപ്പുറത്തും പൊന്നാനിയിലും ചരിത്ര നേട്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇളക്കം തട്ടാതെ മുസ്ലിംലീഗിന്റെ കോട്ടകൾ. മലപ്പുറത്തും പൊന്നാനിയിലും ചരിത്രനേട്ടവുമായാണ് ലീഗിന്റെ വിജയം. തമിഴ്നാട് രാമനാഥപുരത്തും വൻ വിജയമാണ് ലീഗ് നേടിയത്. ഇടത് കേന്ദ്രങ്ങളിൽ പോലും വിള്ളൽ വീഴ്ത്തിയയായിരുന്നു ലീഗിന്റെ തേരോട്ടം.

300118 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. 235760 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പൊന്നാനിയിൽ സമദാനിയും ലീഗിന്റെ പച്ചക്കൊടി നാട്ടിയത്. ഇരുമണ്ഡലങ്ങളിലെയും ലീഗിന്റെ തന്നെ പൂർവ്വകാല റെക്കോർഡുകൾ മുഴുവൻ തിരുത്തിയാണ് ഇരുവരുടെയും വിജയം. തമിഴ്നാട് രാമനാഥപുരത്ത് മുൻ മുഖ്യമന്ത്രികൂടിയായ ഒ പനീർസെൽവത്തെ 165292 വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് ലീഗിന്റെ നവാസ് ഖനി സീറ്റ് നിലനിർത്തിയത്. കനത്ത വെല്ലുവിളികൾക്കിടയിലും മത്സരിച്ച മൂന്ന് സീറ്റിലും മിന്നും വിജയം നേടാനായതിന്റെ ആവേശത്തിലാണ് ലീഗ് നേതൃത്വം. രാഹുൽ ഗാന്ധിയുടേത് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ ടി മുഹമ്മദ് ബഷീറിൻ്റേത്. പൗരത്വ ഭേദഗതി നിയമമടക്കം തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടതു പക്ഷം പ്രചാരണം നടത്തിയെങ്കിലും ദേശീയ വിഷയങ്ങളുടെ ഗുണം ലഭിച്ചത് ലീഗിനാണ്.

പരമാവധി ഒരു ലക്ഷം പൊന്നാനിയിലും രണ്ട് ലക്ഷം മലപ്പുറത്തും ഭൂരിപക്ഷം കണക്ക് കൂട്ടിയ ലീഗ് നേതൃത്വത്തെ തന്നെ ലഭിച്ച വൻ ഭൂരിപക്ഷം അത്ഭുതപ്പെടുത്തി. ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകളെല്ലാം മലപ്പുറം ജില്ലയിൽ പിഴയ്ക്കുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് വെറും 38 വോട്ടിന് വിജയിച്ച പെരിന്തൽമണ്ണ മണ്ഡലത്തിൽ ഇത്തവണ ഇരുപത്തി ആറായിരത്തിലധികം വോട്ടിൻ്റെ ലീഡാണ് ലീഗിന് ലഭിച്ചത്. സിപിഐഎം ലീഡ് പ്രതീക്ഷിച്ച മങ്കടയിൽ ലീഗിന്റെ ഭൂരിപക്ഷം നാൽപത്തി ഒന്നായിരം കടന്നു. മലപ്പുറം ജില്ലയിൽ ഇടത് കോട്ടകളായ തവനൂരും നിലമ്പൂരും പൊന്നാനിയുമെല്ലാം ഇടതുപക്ഷത്തെ കൈവിട്ടു.

മണ്ഡലം വെച്ച് മാറ്റം അടക്കം ഇടതുപക്ഷം ചർച്ചയാക്കിയെങ്കിലും സിറ്റിങ് എംപിക്ക് എതിരായ വികാരം മറികടക്കാൻ അത് ഗുണം ചെയ്തതെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും മത്സര രംഗത്ത് ഇല്ലാതിരുന്നതും ലീഗിന് തുണയായി. സമസ്ത ലീഗ് തർക്കമായിരുന്നു ലീഗിന് തെരഞ്ഞെടുപ്പിലുടനീളം വെല്ലുവിളി ഉയർത്തിയത്. എന്നാൽ സമസ്തയുടെ ബഹുഭൂരിപക്ഷം വോട്ടുകളും ലീഗിനെ പിന്തുണച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ വെല്ലുവിളി നേരിട്ടതോടെ സംഘടന സംവിധാനം ഉണർന്ന് പ്രവർത്തിച്ചതും കോട്ടം തട്ടാതിരിക്കാൻ നേതൃത്വം തന്നെ അടിത്തട്ടിലിറങ്ങി ചുക്കാൻ പിടിച്ചതും ലീഗിന്റെ ഭൂരിപക്ഷത്തിന് ആക്കം കൂട്ടിയെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT