Election Results 2024

തലസ്ഥാനത്ത് തരൂരിന്റെ ത്രില്ലർ പോരാട്ടം, അവസാനഘട്ടത്തിലെ വൻ തിരിച്ച് വരവ്; തുണച്ചത് തീരദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ത്രില്ലർ പോരാട്ടം നടന്ന തിരുവനന്തപുരത്ത് 2014 ലേതിന് സമാനമായാണ് ശശി തരൂരിന്റെ അവസാനഘട്ടത്തിലെ തിരിച്ച് വരവ്. യുഡിഎഫും എന്‍ ഡി എയും തമ്മില്‍ നേരിട്ടേറ്റുമുട്ടിയ തലസ്ഥാനത്ത് ഇത്തവണയും തീരദേശ വോട്ടുകളാണ് തരൂരിനെ തുണച്ചത്. പാറശ്ശാല മണ്ഡലത്തില്‍ രണ്ടാമതെത്തിയത് ഒഴിച്ചാല്‍ വോട്ടെടുപ്പിന്‍റെ ഒരുഘട്ടത്തിലും പന്ന്യന്‍ രവീന്ദ്രന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല.ത്രികോണപ്പോരിനൊടുവില്‍ തലസ്ഥാനത്തെ ത്രില്ലടിപ്പിച്ച വിജയമാണ് ശശി തരൂന് ലഭിച്ചത്.

കോണ്‍ഗ്രസ്സിനായി രണ്ടാം തവണ മത്സരിക്കാന്‍ 2014 ല്‍ കളത്തിലിറങ്ങിയപ്പോള്‍ ഒ രാജഗോപാല്‍ തീർത്ത പ്രതിരോധത്തിന് സമാനമായിരുന്നു ഇത്തവണ രാജീവ് ചന്ദ്രശേഖറും കാഴ്ചവെച്ചത്.തരൂരിനെ വെളളം കുടിപ്പിച്ച ബിജെപി, ഒരുവേള പ്രതീക്ഷകളുടെ കൊടുമുടി കയറിയെങ്കിലും ഫോട്ടോ ഫിനിഷില്‍ നിലം പതിക്കുകയായിരുന്നു. 16077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ തലസ്ഥാനത്തെ താരമായത്. കടുത്ത മത്സരം നേരിട്ട തിരുവനന്തപുരത്ത് തീരദേശവും ഗ്രാമീണ മേഖലയുമാണ് തരൂരിന് തുണയായത്.

സമുദായ സമവാക്യങ്ങളിലും ന്യൂനപക്ഷ പിന്തുണയിലും പ്രതീക്ഷയർപ്പിച്ച കോണ്‍ഗ്രസ്സിന് ഇത്തവണയും തെറ്റിയില്ല. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലെ പരമ്പരാഗത വോട്ടുകള്‍ കൂടിയായപ്പോള്‍ വിയർത്തിട്ടാണെങ്കിലും തരൂരിന് വിജയം സാധ്യമായി.ബിജെപി പ്രതീക്ഷ പുലർത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലും തരൂരിന് മുന്നേറാൻ കഴിഞ്ഞു. കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് തുടങ്ങിയ നഗരമണ്ഡലങ്ങള്‍ പതിവ് പോലെ ഇത്തവണയും ബിജെപിക്കൊപ്പമായിരുന്നു

തിരുവനന്തപുരത്തെ ആറു നിയമസഭാ മണ്ഡലങ്ങള്‍ ഇടതു പക്ഷത്തിനൊപ്പമാണെങ്കിലും ഒരിടത്തു പോലും പന്ന്യന് മുന്നേറ്റമുണ്ടാക്കാനായില്ല. പാറശ്ശാലയില്‍ രണ്ടാമതെത്തിയതൊഴിച്ചാല്‍ ബാക്കി ഇടങ്ങളിലെല്ലാം മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു. മണ്ഡലത്തില്‍ പോളിങ് കുറഞ്ഞത് മുന്നണികളെ ഒരുപോലെ ആശങ്കയിലാഴ്ത്തിയിരുന്നു. മൂന്ന് തവണ എം പിയായ ശശി തരൂരിന് തലസ്ഥാനത്ത് നേരിയ തോതിലെങ്കിലും എതിർ വികാരമുണ്ടായിരുന്നു. തരൂർ വിരുദ്ധ വോട്ടുകള്‍ രാജീവിലേക്കും പന്ന്യനിലേക്കും വിഭജിച്ചു പോയതും കടുത്ത മത്സരത്തിനിടയിലും തരൂരിന് സാധ്യതയേറ്റി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT