ഖത്തർ പരീക്ഷയിൽ ഇന്ത്യയ്ക്ക് തോൽവി; ലോകകപ്പ് യോഗ്യത ഇനി കടുപ്പം

ആദ്യ 30 മിനിറ്റിനുള്ളിൽ ഖത്തർ എട്ട് കോർണർ കിക്കുകൾ നേടിയെടുത്തു.

ഭുവനേശ്വർ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനോട് തോൽവി വഴങ്ങി ഇന്ത്യ. ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യ താളം കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഖത്തറിന്റെ ആദ്യ ഗോൾ പിറന്നു. ആദ്യ മിനിറ്റുകളിൽ ഇന്ത്യൻ പ്രതിരോധത്തെ ഖത്തർ തുടർച്ചയായി വെല്ലുവിളിച്ചു. നാലാം മിനിറ്റിൽ മുസ്തഫ മെഷാലിന്റെ ഷോട്ട് നോക്കി നിൽക്കാനെ ഇന്ത്യൻ ഗോൾ കീപ്പർ അമരീന്ദർ സിംഗിന് സാധിച്ചുള്ളു. പിന്നീട് ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരികെ വരാൻ സാധിച്ചു. എങ്കിലും ശക്തമായ ആക്രമണവുമായി ഖത്തർ മുന്നേറി.

ആദ്യ 30 മിനിറ്റിനുള്ളിൽ ഖത്തർ എട്ട് കോർണർ കിക്കുകൾ നേടിയെടുത്തു. ശക്തമായ ഇന്ത്യൻ പ്രതിരോധം ഗോളെണ്ണം ഉയർത്താനുള്ള ഖത്തറിന്റെ ആഗ്രഹങ്ങൾക്ക് തടസം നിന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗോൾ പോസ്റ്റിനെ ലക്ഷ്യം വയ്ക്കുന്ന ആദ്യ ശ്രമം 35-ാം മിനിറ്റിലാണ് വന്നത്. അപുയ തൊടുത്ത ഷോട്ട് പക്ഷേ ഗോൾപോസ്റ്റിന് ഏറെ മുകളിലൂടെ പോയി. പിന്നാലെ ഖത്തർപോസ്റ്റിലേക്ക് ആക്രമണവുമായി നിലവാരമാർന്ന പ്രകടനം ഇന്ത്യ പുറത്തെടുത്തു. പക്ഷേ ഫിനിഷിംഗിലെ പോരായ്മകൾ ചില മികച്ച അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായി.

42-ാം മിനിറ്റിൽ ഖത്തറിന്റെ അൽമോസ് അലി വലചലിപ്പിച്ചെങ്കിലും ഗോൾ ആഘോഷത്തിന് മുമ്പ് തന്നെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. ആദ്യ പകുതി പിന്നിടുമ്പോൾ ഖത്തർ ഏകപക്ഷീയമായ ഒരു ഗോളിന് ഖത്തർ ലീഡ് ചെയ്തു. ആദ്യ പകുതിക്ക് സമാനമായി രണ്ടാം പകുതിയും ഖത്തറിന്റെ തകർപ്പൻ ഗോളോടെയാണ് തുടക്കമായത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഓഫ്സൈഡിൽ കുരുങ്ങി നഷ്ടമായ ഗോൾ ഇത്തവണ അൽമോസ് അലി പൂർത്തിയാക്കി.

രണ്ടാം പകുതിയിൽ ഉദാന്ത സിംഗിന് പകരം മഹേഷ് സിംഗിനെ ഇന്ത്യ ഇറക്കിയിരുന്നു. 63-ാം മിനിറ്റിൽ അനിരുദ്ധ് ഥാപ്പയ്ക്ക് പകരം മലയാളി താരം സഹൽ അബ്ദുൾ സമദും ഗ്രൗണ്ടിലെത്തി. ആദ്യ പകുതിയിൽ അപൂയ, അനിരുദ്ധ ഥാപ്പ ഓരോ അവസരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൾ ഗ്രൗണ്ടിൽ ഇറങ്ങിയ ഉടൻ തന്നെ സഹൽ അബ്ദുൾ സമദും മികച്ച ഒരവസരം പാഴാക്കി. 82-ാം മിനിറ്റിൽ സുനിൽ ഛേത്രിയെയും ലാലിയന്സുവാല ഛാങ്തയെയും ഇന്ത്യൻ പിൻവലിച്ചു. പകരക്കാരായി ഇഷാൻ പണ്ഡിതയും രാഹുൽ കെ പിയുമാണ് എത്തിയത്.

84-ാം മിനിറ്റിൽ യൂസഫ് അബ്ദുറിസാഖ് ഇന്ത്യൻ തോൽവിയുടെ ആഘാതം വീണ്ടും ഉയർത്തി. മുഹമ്മദ് വാദിന്റെ ക്രോസ് തകർപ്പൻ ഹെഡറിലൂടെ അബ്ദുറിസാഖ് വലയിലെത്തിച്ചു. രണ്ടാം പകുതിയിലും ഗോൾ നേടാൻ കഴിയാതെ വന്നതോടെ ഏകപക്ഷീയമായി ഇന്ത്യ മത്സരം കൈവിട്ടു.

To advertise here,contact us