In-depth

മെയ് 14:ലോകഭൂപടത്തിൽ ഇസ്രയേൽ ഉദിച്ചു, ഉദിക്കാനൊരു ആകാശമില്ലാതെ പലസ്തീന്‍ ജനത അഭയാർത്ഥികളായി

ഷംസുദ്ധീൻ അല്ലിപ്പാറ

2024 മെയ് 14, ഇസ്രയേലിന് 76ാം സ്വാതന്ത്ര്യ ദിനമാണ്. പിറവി കൊണ്ട് ഏഴരപതിറ്റാണ്ടിനിപ്പുറവും അതിരുകളില്ലാത്ത വളരുന്ന ഇസ്രയേലിന്‍റെ രൂപീകരണ ചരിത്രത്തിലേക്ക്......

1948, മെയ് 14, വെള്ളിയാഴ്ച. ഡേവിഡ് ബെന്‍ ഗൂറിയന്‍ എന്ന സമുന്നതനായ സയണിസ്റ്റ് നേതാവിന്‍റെ പ്രഖ്യാപനത്തോടെ ലോകഭൂപടത്തില്‍ പുതിയൊരു രാജ്യം പിറന്നു. സർവലോക ജൂതർക്കായി ഇസ്രയേല്‍ എന്ന പുതിയ രാജ്യം. അന്ന് പക്ഷേ, ലോകം മറ്റൊരു രാജ്യത്തിന്‍റെ അസ്തമയവും കണ്ടു. ഉദിക്കാനൊരു ആകാശമില്ലാത്തവരായി പലസ്തീന്‍ ജനത അനാഥമായിത്തീർന്നതും അതേ രാത്രിയാണ്.

ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ നേരിട്ട ജനതയാണ് ജൂതന്മാർ. അസീറിയക്കാർ, ബാബിലോണിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങി ചരിത്രവഴിയില്‍ ആധിപത്യത്തിന് വേണ്ടി പോരാടിയവരുടെ ആക്രമണം ഭയന്നോടിയാണ് ജൂതന്മാർ ലോകത്താകെ ചിതറിത്തെറിച്ചത്. എന്നിട്ടും വേട്ടയാടലിന് കുറവുണ്ടായില്ല. യൂറോപ്പിലായിരുന്നു കൊടിയ പീഡനങ്ങള്‍. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ പോലും, ക്രിസ്തുവിന്‍റെ ഘാതകരെന്ന പേരില്‍ യഹൂദരുടെ മൃതദേഹങ്ങള്‍ വിളക്കുമരങ്ങളില്‍ കിടന്ന് ആടി. രണ്ട് ലോകയുദ്ധകാലങ്ങളില്‍ പീഡനങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തി. അഡോള്‍ഫ് ഹിറ്റ്‍ലറുടെ നാസി ജർമ്മനി 60 ലക്ഷം ജൂതന്മാരെയാണ് ഇക്കാലത്ത് കൊന്നുതള്ളിയത്.

യഹൂദ ജനതക്കായി ഒരു രാജ്യം വേണമെന്ന സയണിസ്റ്റ് സൈദ്ധാന്തികന്‍ തിയോഡര്‍ ഹേള്‍സലിന്‍റെ കാലങ്ങളായുള്ള ആശയത്തിന് ലോകജനതയ്ക്കിടയില്‍നിന്ന് പിന്തുണ ലഭിച്ചുതുടങ്ങിയത് ചരിത്രത്തിന്‍റെ ഈ ദശാസന്ധിയിലാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്ന് പരാമർശിക്കപ്പെട്ട പലസ്തീനിലേക്ക് ജൂതന്മാരുടെ പലായനം തുടങ്ങുന്നത് അങ്ങനെയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് തന്നെ ബ്രിട്ടീഷുകാരുമായി സയണിസ്റ്റ് നേതൃത്വം ഇക്കാര്യത്തില്‍ ചർച്ച നടത്തിയിരുന്നു. കുപ്രസിദ്ധ ബാള്‍ഫർ പ്രഖ്യാപനമുണ്ടായത് ഇതിന്‍റെ തുടർച്ചയായാണ്. 1917 നവംബർ രണ്ടിനാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ബാള്‍ഫർ, പലസ്തീന്‍ ഭൂമിയില്‍ ജൂതരാഷ്ട്രമുണ്ടാക്കാന്‍ എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പ് ബ്രിട്ടനിലെ സയണിസ്റ്റ് നേതാവ് ലോര്‍ഡ് റോത്സ് ചൈല്‍ഡിന് നല്‍കിയത്.

1914 മുതല്‍ 18 വരെ നീണ്ട ഒന്നാം ലോകമഹായുദ്ധത്തില്‍ ജർമനിക്കും ഓസ്ട്രിയക്കുമൊപ്പം പോരാടിയ ഓട്ടോമന്‍ സാമ്രാജ്യം ബ്രിട്ടന്‍, ഫ്രാന്‍സ് സഖ്യകക്ഷികള്‍ക്ക് മുന്നില്‍ തകർന്നില്ലാതെയായി. ഇതോടെ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ അധീനതയിലായിരുന്ന പശ്ചിമേഷ്യ സഖ്യകക്ഷികള്‍ പങ്കിട്ടെടുത്തപ്പോള്‍ പലസ്തീന്‍ സ്വാഭാവികമായും ബ്രിട്ടന്‍റെ കൈകളിലായി. പീന്നിടെല്ലാം വേഗത്തിലായിരുന്നു. ബ്രിട്ടന്‍റെ സഹായത്തോടെ തന്നെ യൂറോപ്പില്‍നിന്ന് ജൂതന്മാർ പലസ്തീനിലേക്ക് ഒഴുകി. ജൂതരാഷ്ട്ര നിർമിതിക്കായി സമാഹരിച്ച Jewish National Fund കൊണ്ട് വാങ്ങികൂട്ടിയ ഭൂമിയില്‍ അതിരുകെട്ടി രാഷ്ട്രീയ അധികാരം സ്ഥാപിച്ചു തുടങ്ങിയ കുടിയേറ്റക്കാർ, പതുക്കെ പതുക്കെ തദ്ദേശീയരായ അറബ് വംശജരെ ആട്ടിയോടിക്കാന്‍ തുടങ്ങി.

രണ്ടു പതിറ്റാണ്ടു കൊണ്ട് പലസ്തീനിലെ ജൂത ജനസംഖ്യ 11 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി. ഒപ്പം സംഘർഷങ്ങളും പതിവായി. ജൂതരും അറബികളും ഒരുപോലെ എതിരായതോടെ, രണ്ട് ലോകയുദ്ധങ്ങള്‍ക്കിടയില്‍ നെരിഞ്ഞമർന്ന് ദുർബലമായി തുടങ്ങിയ ബ്രിട്ടന്‍, പലസ്തീനില്‍നിന്ന് പിന്‍വാങ്ങാന്‍ തന്നെ തീരുമാനിച്ചു. പലസ്തീനിന്‍റെ രാഷ്ട്രീയാധികാരത്തിനുള്ള അറബ്-ജൂത വടംവലി ഐക്യരാഷ്ട്ര സഭയിലെത്തുന്നത് അങ്ങനെയാണ്. 1947 നവംബർ 29 ന് യു.എന്‍ പൊതുസഭയില്‍ പലസ്തീന്‍ വിഭജന പദ്ധതി അവതരിപ്പിക്കപ്പെട്ടു.

ഒരു അറബ് രാഷ്ട്രം, സ്വതന്ത്ര ജൂത രാഷ്ട്രം, അന്താരാഷ്ട്ര ട്രസ്റ്റീഷിപ്പായി പുണ്യഭൂമി ജെറുസലേം - പലസ്തീനെ മൂന്നായി വിഭജിക്കാനായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. 33 രാജ്യങ്ങള്‍ വിഭജനപദ്ധതിയെ അനുകൂലിച്ചപ്പോള്‍ ഇന്ത്യയടക്കം 13 രാജ്യങ്ങള്‍ തീരുമാനത്തെ എതിർത്തു. വിഭജനപ്രഖ്യാപനം പലസ്തീനിലെ തെരുവുകളെ കലാപമുഖരിതമാക്കി. ഭാവി രാജ്യങ്ങളുടെ ഭാഗധേയം പരസ്പരം പോരടിക്കുന്ന അറബ്-ജൂത ജനതയ്ക്ക് വിട്ട് ബ്രിട്ടന്‍റെ അവസാന സൈനികകപ്പലും മെഡിറ്ററേനിയന്‍ തീരം വിട്ടു.

1948 മെയ് 14ന് അതിരുകളില്ലാത്ത ഇസ്രയേല്‍ രാജ്യം അങ്ങനെ പലസ്തീനിന്‍റെ ഭൂമികയില്‍ ഉദയം ചെയ്തപ്പോള്‍, ഏഴ് ലക്ഷം അറബ് ജനത ഭൂമിയും ആകാശവും നഷ്ടപ്പെട്ട അഭയാർത്ഥികളായി. ഇസ്രയേലിന് പക്ഷേ അതൊരു പ്രശ്നമായിരുന്നില്ല. പുതിയ സൂര്യോദയം അതിജീവനത്തിന്‍റെ അവസാന പിടിവള്ളിയാണെന്ന് ആ ജനത കണക്കൂട്ടിയിരുന്നിരിക്കണം. ഈജിപ്ത്, സിറിയ, ജോർദാന്‍, ഇറാഖ്, യമന്‍, മൊറോക്കോ, സൗദി അറേബ്യ, സുഡാന്‍.. ഏതാണ്ട് എല്ലാ അറബ് രാജ്യങ്ങളും തങ്ങളെ ഇല്ലാതാക്കാൻ ഒന്നിച്ചെത്തിയിട്ടും ഇസ്രയേല്‍ പിടിച്ചുനിന്നു. പത്ത് മാസം നീണ്ട യുദ്ധം അവസാനിച്ചപ്പോൾ യു എൻ വിഭജനപദ്ധതിപ്രകാരം തങ്ങൾക്ക് ലഭിച്ച മുഴുവൻ ഭൂപ്രദേശത്തിനും പുറമേ അറബ് രാജ്യത്തിനായി വീതം വെച്ച ഭൂമിയുടെ അറുപത് ശതമാനം ഇസ്രയേൽ കൈയ്യടക്കി. ഇതിനിടയിൽ, ജന്മനാട്ടിൽ നിന്നു നാടുകടത്തപ്പെട്ട ഒരു ജനതയുടെ പൊള്ളുന്ന അനുഭവങ്ങളുടെ ചുരുക്കപ്പോര് മാത്രമായി പലസ്തീന്‍ ചുരുങ്ങി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT