'അവരേക്കാൾ ഭംഗിയെനിക്കാണ്, കമലയുടെ ഫോട്ടോ കൊള്ളാത്തതുകൊണ്ട് മാഗസിന്റെ പബ്ലിഷർമാർക്ക് നന്നായി ചിത്രം വരക്കുന്നവരെ കൊണ്ടുവരേണ്ടി വന്നു.' അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എതിർ സ്ഥാനാർത്ഥി കമല ഹാരിസിനെതിരെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വംശീയ പരാമർശങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണിത്. പ്രതിപക്ഷ മര്യാദകളൊന്നും പാലിക്കാതെ തുടരെത്തുടരെ പൊതു വേദിയിൽ വെച്ച് കമല ഹാരിസിനെ അപമാനിക്കുന്ന ട്രംപിന്റെ അവസാനത്തെ പരാമർശവുമായേക്കില്ല ഇത്. തീവ്രവലതുപക്ഷ നിലപാടുകാരനായ ട്രംപിൻ്റെ മുൻകാല പരാമർശങ്ങൾ പരിശോധിച്ചാൽ താൻ തൊടുത്തുവിട്ട അമ്പുകളെല്ലാം തന്നെ വംശീയതയുടേതാണെന്ന് മനസിലാകും. അതുതന്നെയാണ് അറുപതാമത് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ട്രംപ് ആവർത്തിക്കുന്നതും.
ടൈംസ് മാഗസിൻ്റെ മുഖചിത്രമായി വന്ന കമല ഹാരിസിന്റെ ചിത്രത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമർശമായിരുന്നു ട്രംപ് ഏറ്റവും ഒടുവിൽ നടത്തിയത്. ശനിയാഴ്ച പെനിസിൽവാനിയയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു കമലയുടെ ശാരീരിക ഭംഗിയെക്കുറിച്ച് ട്രംപ് മോശം പരാമർശം നടത്തിയത്. 'ടൈം മാഗസിനിൽ കമലയുടെ ചിത്രമില്ല. അവരെ വരക്കാൻ അസാധാരണ കഴിവുള്ള കലാകാരന്മാർ അവർക്കുണ്ടായിരുന്നു,' തുടങ്ങിയ രീതിയിലായിരുന്നു ട്രംപ് കമലയെ അപമാനിച്ചത്. മാത്രവുമല്ല, രണ്ട് മണിക്കൂറോളം സമയമെടുത്താണ് കമലയുടെ സാമ്പത്തിക നയത്തെക്കുറിച്ച് റാലിയിൽ ട്രംപ് സംസാരിച്ചത്.
40000 കടന്ന് മരണസംഖ്യ, പോളിയോയടക്കമുള്ള രോഗങ്ങൾ ബാധിച്ച പിഞ്ചുകുഞ്ഞുങ്ങൾ; അവസാനിക്കാതെ ഗാസൻ രോദനം
ഇതാദ്യമായല്ല, കമലയ്ക്കെതിരെ ട്രംപ് അപകീർത്തി പരാമർശങ്ങൾ നടത്തുന്നത്. കഴിഞ്ഞ ആഴ്ച തനിക്ക് കമലയോട് ബഹുമാനമില്ലെന്നും അതുകൊണ്ട് തന്നെ അവരെ വ്യക്തിപരമായി ആക്രമിക്കാനുള്ള അർഹതയുണ്ടെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ ജോ ബൈഡനെയും ട്രംപ് വെറുതെ വിട്ടിരുന്നില്ല. 'ബൈഡന് എന്തു പറ്റി. ഞാൻ ആദ്യം ട്രംപിനെതിരെയെയായിരുന്നു മത്സരിച്ചത്. എന്നാൽ ഇപ്പോൾ മറ്റാർക്കോ എതിരെയാണ് മത്സരിക്കുന്നത്. ആർക്കെതിരെയാണ് ഞാൻ മത്സരിക്കുന്നത്? ആരാണ് ഹാരിസ്?' എന്നായിരുന്നു ട്രംപ് ആക്രോശിച്ചത്. കമല ബൈഡന്റെ സ്ഥാനാർത്ഥിത്വം മോഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു അട്ടിമറിയാണെന്നും അതുകൊണ്ട് തന്നെ ജോ ബൈഡൻ കമലയെ വെറുക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
അമേരിക്കയെ ബാധിക്കുന്ന പൊതുവായ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ കമലയുടെ ചിരിയെയും അവരുടെ ബുദ്ധിയെയും കളിയാക്കാനും അപഹസിക്കാനുമാണ് ട്രംപ് ഇപ്പോഴും ശ്രമിക്കുന്നത്. കമലയ്ക്കെതിരെയുള്ള ട്രംപിന്റെ ആക്രമണങ്ങൾക്ക് നിഴലിക്കുന്നത് എതിർ സ്ഥാനാർത്ഥിയെന്നോ, രാഷ്ട്രീയ ശത്രുവെന്നോ ഉള്ള ഘടകം മാത്രമല്ല. ബൈഡനിൽ നിന്നും വ്യത്യസ്തമായി അവർ, ഇന്ത്യൻ വംശജയും ആ നിലയിൽ കറുത്ത വർഗക്കാരിയുമാണെന്ന വംശീയബോധമാണ് ട്രംപിൻ്റെ പ്രതികരണങ്ങളിൽ മുഴച്ച് നിൽക്കുന്നത്. പച്ചക്കറി കഴിക്കുന്നയാൾ, തീവ്ര ഇടതുപക്ഷ ഭ്രമമുള്ളയാൾ, മിടുക്കില്ലാത്തയാൾ തുടങ്ങിയ പ്രയോഗങ്ങളിലൂടെയാണ് കമലയെ ട്രംപ് പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും ആക്രമിക്കുന്നത്.
മാത്രവുമല്ല, കമലയുടെ വംശത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും വലിയ രീതിയിലുള്ള സംശയങ്ങൾ വോട്ടർമാരിലേക്കെറിഞ്ഞു കൊടുക്കുന്ന രീതിയിലുള്ള പരാമർശങ്ങളും ട്രംപ് പ്രയോഗിക്കുന്നു. 'അവർ ഇന്ത്യനാണോ കറുത്ത വർഗക്കാരിയാണോയെന്ന് എനിക്ക് അറിയില്ല' എന്നായിരുന്നു കറുത്ത വർഗക്കാരായ മാധ്യമപ്രവർത്തകരുടെ ദേശീയ കൂട്ടായ്മയിൽ (നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേർണലിസ്റ്റ്) സംസാരിക്കവേ ട്രംപ് പറഞ്ഞത്. 'കമലയെ ഒഴിച്ച് ഞാൻ മറ്റാരെയും ബഹുമാനിക്കും, കാരണം അവർ എല്ലായ്പ്പോഴും ഇന്ത്യനായിരുന്നു. എന്നാൽ അവർ പെട്ടെന്ന് കറുത്ത വർഗക്കാരിയായി മാറുകയായിരുന്നു,' എന്നായിരുന്നു ട്രംപ് പറഞ്ഞത്.
മുജീബുർ റഹ്മാൻ: ചരിത്രത്തിനും വർത്തമാനത്തിനും ഇടയിൽ മായ്ക്കാനാവാത്ത നൊമ്പരമായി ആ ചോരക്കറ
കമലയോട് മാത്രമല്ല, കറുത്ത വർഗക്കാരായ എല്ലാവരോടും ട്രംപ് കാണിക്കുന്ന മനോഭാവം വെറുപ്പിന്റേതാണ്. അന്ന് വേദിയിലുണ്ടായിരുന്ന എബിസി ന്യൂസ് കറസ്പോണ്ടന്റും പാനൽ മോഡറേറ്ററുമായ റേച്ചൽ സ്കോട്ടിന്റെ ചോദ്യങ്ങളോടും അദ്ദേഹം മോശമായി പ്രതികരിച്ചിരുന്നു. കറുത്ത വർഗക്കാരെ വിശേഷിപ്പിക്കാൻ മൃഗം, ഭ്രാന്തൻ തുടങ്ങിയ പദങ്ങളുപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇത്രയും ഭീകരമായ ചോദ്യങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നുള്ള മറുപടിയായിരുന്നു ട്രംപ് നൽകിയത്.
മുൻ അമേരിക്കൻ പ്രസിഡൻ്റ് ബറാക് ഒബാമ അമേരിക്കയിലല്ല ജനിച്ചതെന്നുള്ള ജന്മവാദ സിദ്ധാന്ത (ബെർത്തറിസം)ത്തിൻ്റെ പ്രധാന വക്താവും ട്രംപായിരുന്നു. കറുത്ത വർഗക്കാരായ രാഷ്ട്രീയക്കാരെ അവരുടെ എല്ലാ യോഗ്യതകളും റദ്ദാക്കിക്കൊണ്ട് അപമാനിച്ച് നേരിടാനുള്ള ട്രംപിൻ്റെ രീതി ആരംഭിച്ചത് ഇവിടെ നിന്നാണെന്ന് പറയാം. ഹിലരി ക്ലിൻ്റണിലൂടെയാണ് ഒബാമയുടെ പൗരത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതെങ്കിലും ഒബാമയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാൻ സ്വകാര്യ ഏജൻസികളെ വരെ ട്രംപ് നിയോഗിച്ചിരുന്നു. ജന്മസർട്ടിഫിക്കറ്റ് ഒബാമ പ്രസിദ്ധപ്പെടുത്തിയതിന് ശേഷം അത് വ്യാജമാണെന്നും ട്രംപ് പ്രചരിപ്പിച്ചിരുന്നു. ഒബാമയിൽ നിന്ന് തുടങ്ങി ഇപ്പോൾ കമലയിൽ വരെ എത്തിനിൽക്കുന്ന ട്രംപിൻ്റെ വംശീയ അധിക്ഷേപ പട്ടികയിൽ സാധാരണക്കാർ വരെയുണ്ട്.
തൻ്റെ മേലുള്ള ക്രിമിനൽ കുറ്റാരോപണം കാരണം കറുത്ത വർഗക്കാർ തന്നിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന കറുത്ത വർഗക്കാരെ അപമാനിക്കുന്ന പ്രതികരണവും ട്രംപ് നടത്തിയിരുന്നു. കറുത്ത വംശജരോട് മാത്രമല്ല, കുടിയേറ്റ വിഭാഗങ്ങളോടും എൽജിബിടിക്യു വിഭാഗങ്ങളോടുമുള്ള വിദ്വേഷവും പല വേദികളിലായി ട്രംപ് തുറന്നു പറഞ്ഞിട്ടുണ്ട്. 'രണ്ട് കോടിയോളം വരുന്ന ജനങ്ങൾ അമേരിക്കയിലേക്ക് വരുന്നുണ്ട്. പലരും ജയിലിൽ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഭ്രാന്താശുപത്രിയിൽ നിന്നും വരുന്നവരാണ്. പലരും തീവ്രവാദികളാണ്. തെക്കേ അമേരിക്കയിൽ നിന്ന് മാത്രമല്ല, ആഫ്രിക്കയിൽ നിന്നും ലോകമെമ്പാട് നിന്നും ആളുകൾ വരുന്നുണ്ട്,' എന്നാണ് ടെസ്ല സിഇഒയും വ്യവസായിയുമായ ഇലോൺ മസ്കുമായുള്ള അഭിമുഖത്തിൽ കുടിയേറ്റത്തെക്കുറിച്ച് ട്രംപ് നിലപാട് പറഞ്ഞത്. ഈ തിരഞ്ഞെടുപ്പ് കാലത്തും പഴയ അതേ രീതികൾ തന്നെയാണ് ട്രംപ് ആവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് അവസാനിച്ചാലും ഇതേ പ്രസ്താവനകളും ഇതേ നിലപാടുകളും ട്രംപ് ആവർത്തിക്കുമെന്നതിൽ തർക്കമില്ല. ട്രംപിൻ്റെ ഇതുവരെയുള്ള ചരിത്രം ഇതിന് അടിവരയിടുന്നുണ്ട്.