Kerala

ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: എൻ ഭാസുരാംഗൻ അനധികൃതമായി ജോലി നൽകിയ സിപിഐ നേതാക്കളുടെ മക്കളെ മിൽമയിൽ നിന്ന് പുറത്താക്കി. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ്റെ മകളടക്കമുള്ള മൂന്ന് പേരെയാണ് പിരിച്ചുവിട്ടത്. കോടികളുടെ തട്ടിപ്പ് മറച്ചുവെക്കാൻ സിപിഐ നേതാക്കളുടെ മക്കൾക്ക് ഭാസുരാംഗൻ ജോലി നൽകിയ വാർത്ത റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. റിപ്പോർട്ടർ അന്വേഷണം തുടരുന്നു.

മുപ്പത് വർഷത്തോളം കണ്ടല ബാങ്കിൻ്റെ പ്രസിഡണ്ടായിരുന്ന സിപിഐ നേതാവ് എൻ ഭാസുരാംഗൻ രണ്ടുവർഷത്തിലേറെ മിൽമയുടെ തെക്കൻ മേഖലാ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടത്തിയ ഭാസുരാംഗൻ മാറനെല്ലൂർ ക്ഷീരയുടെയും പ്രസിഡണ്ടായിരുന്നു. കോടികളുടെ ക്രമക്കേട് നടത്തി ക്ഷീരയുടെ പ്ലാൻ്റടക്കം അടച്ചുപൂട്ടി. കണ്ടല ബാങ്കിലും ക്ഷീരയിലും നടത്തിയ അതേ ക്രമക്കേട് മിൽമയിലും ഭാസുരാംഗൻ തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയുടെ പിടിവീണതും ജയിലിലായതും.

മിൽമയിൽ വന്ന് അധിക കാലം ആകും മുമ്പ് തന്നെ മഹാരാഷ്ട്രയിൽ നിന്ന് പാൽ കൊണ്ടുവന്നതിൽ കിലോമീറ്റർ കൂട്ടിക്കാണിച്ച് 90 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തി. ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങളായെങ്കിലും ഒരു നടപടിയും മിൽമയോ സർക്കാരോ ഇതുവരെ എടുത്തില്ല. അതിനിടയിലാണ് സിപിഐ നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും മിൽമയിൽ അനധികൃതമായി ജോലി നൽകിയത് റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 19 ന് ആയിരുന്നു വാർത്ത പുറത്തുവന്നത്.

കോടികളുടെ അഴിമതി നടത്തിയിട്ടും നേതാക്കളുടെ പ്രിയങ്കരാനായിരുന്നു ഭാസുരാംഗൻ. സിപിഐ നേതാക്കളുടെ മക്കൾക്കും ബന്ധുക്കൾക്കും ജോലി കൊടുത്തും ബാങ്കിൽ വാരിക്കോരി വായ്പ കൊടുത്തും ഒക്കെയായിരുന്നു ഭാസുരാംഗൻ നേതാക്കളുടെ പ്രിയങ്കരനായത്. സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ്റെ മകൾക്കും സിപിഐ സംസ്ഥാന കൗൺസിൽ അംഗം പാട്ടത്തിൽ ഷൗക്കത്തിൻ്റെ മകനും അടക്കം നിരവധി പേർക്ക് അനധികൃതമായി മിൽമയിൽ താൽക്കാലിക നിയമനം നൽകി.

വാർത്ത പുറത്തുവന്ന് പത്ത് ദിവസത്തിനുള്ളിൽ തന്നെ മാങ്കോട് രാധാകൃഷ്ണൻ്റെ മകളെ മിൽമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വൈകാതെ പാട്ടത്തിൽ ഷൗക്കത്തിൻ്റെ മകനെയും പുറത്താക്കി. കണ്ടല ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ വായ്പ എടുത്ത ക്ഷീരയുടെ മുൻ എംഡി സോജൻ ചന്ദ്രനെയും ഭാസുരാംഗൻ മിൽമയിൽ തിരുകിക്കയറ്റിയിരുന്നു. സോജനെയും മിൽമ പുറത്താക്കി. പക്ഷേ മാങ്കോട് രാധാകൃഷ്ണൻ എംഎൽഎ ആയിരിക്കെ പിഎ ആയിരുന്ന ശ്രീകുമാർ ഇപ്പോഴും ജോലിയിൽ തുടരുകയാണ്. ഭാസുരാംഗൻ വഴി മിൽമയിൽ അനധികൃതമായി ജോലിയിൽ കയറിയ നൂറിലേറെ പേർ ഇപ്പോഴും തുടരുകയാണ്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT