Kerala

കൂത്തുപറമ്പ് സമരം എന്തിനായിരുന്നു, സിപിഐഎം പുഷ്പനെ മറന്നോ? വിദേശസർവകലാശാല വിഷയത്തിൽ വിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: വിദേശ സർവകലാശാലകൾക്ക് സിപിഐഎം പച്ചക്കൊടി കാണിക്കുമ്പോൾ കൂത്തുപറമ്പ് രക്തസാക്ഷികളെ ഒറ്റുകൊടുക്കുകയാണെന്ന രാഷ്ട്രീയ വിമർശനവും ശക്തിപ്പെടുന്നു. 30 വർഷങ്ങൾക്ക് മുൻപ് പരിയാരം സഹകരണ മെഡിക്കൽ കോളേജിനെ സ്വകാര്യ മെഡിക്കൽ കോളേജാക്കി മാറ്റുന്നു എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ സമരം നടത്തിയത്. ആ സമരത്തിൽ അഞ്ച് പേർ രക്തസാക്ഷികളാവുകയും പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മാറുകയും ചെയ്തു. ആ സമരം എന്തിനായിരുന്നുവെന്നാണ് ഇപ്പോൾ പാർട്ടിക്ക് നേരെ ഉയരുന്ന ചോദ്യം.

കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ ചർച്ചയ്ക്ക്, 30 വർഷങ്ങൾക്ക് മുൻപ് ചോരയിൽ കുതിർന്ന ഒരു ചരിത്രം പറയാനുണ്ട്. സിപിഐഎം മറന്നാലും മറന്നുവെന്ന് നടിച്ചാലും അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്തതാണ് കൂത്തുപറമ്പെന്ന ചരിത്രം. പരിയാരം സഹകരണ മെഡിക്കൽ കോളേജിനെ അട്ടിമറിച്ച് സ്വകാര്യ മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് അന്ന് ഡിവൈഎഫ്ഐ തെരുവിലിറങ്ങിയത്.

1994 നവംബർ 25ന് കൂത്തുപറമ്പ് അർബൻ ബാങ്കിന് മുന്നിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ റോഷൻ, ബാബു, ഷിബുലാൽ, രാജീവൻ, മധു എന്നീ അഞ്ച് പേർ പൊലീസിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. നട്ടെല്ലിന് വെടിയേറ്റ പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി. ചോരയുടെ മണം പേറുന്ന ആ ചരിത്രത്തിൻ്റെ 30 വർഷങ്ങൾക്കിപ്പുറം ഇടതുപക്ഷ സർക്കാർ വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പരവതാനി വിരിക്കാൻ ഒരുങ്ങുകയാണ്.

മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സ്വകാര്യ മൂലധനം സ്വീകരിക്കാമെന്ന് അന്നത്തെ യുവജന നേതാവും ഇന്നത്തെ പാർട്ടി സെക്രട്ടറിയുമായ എം വി ഗോവിന്ദൻ ന്യായീകരിക്കുമ്പോൾ എന്തിനായിരുന്നു അഞ്ച് ചെറുപ്പക്കാരുടെ ജീവൻ കുരുതി കൊടുത്തത് എന്നാണ് മറുചോദ്യം. വിദേശ സർവകലാശാല നയത്തെ ന്യായീകരിച്ച് ശരിയെന്ന് സ്ഥാപിക്കാമെങ്കിലും രക്തസാക്ഷിത്വത്തെ ഒറ്റുകൊടുക്കരുതെന്നാണ് പാർട്ടിയോട് ആവശ്യപ്പെടുന്നത്. അന്നില്ലാത്ത ഏത് പുതിയ മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് നവകേരളത്തിൽ ഉണ്ടായതെന്ന് പാർട്ടി അനുഭാവികൾക്കിടയിൽ തന്നെ മറുചോദ്യം ഉയരുന്നു. വിമർശന-സ്വയം വിമർശന പ്രത്യയശാസ്ത്രത്തെ സംബന്ധിച്ച് രക്തസാക്ഷിത്വം ഉന്നതമായി കാണുന്നു. അതിനാൽ തന്നെയാണ് രക്തസാക്ഷികളുടെ ഓർമ്മകളൊടുള്ള വെല്ലുവിളിയായി വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT