Kerala

കാട്ടാനപ്പേടിയിൽ കേരളം; സംസ്ഥാനത്ത് 41 ദിവസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് പേർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കേരളത്തിൽ മനുഷ്യ മൃഗ സംഘർഷം തുടർച്ചയാകുന്നതിനിടെ നിരവധി പേരുടെ ജീവനാണ് പൊലിയുന്നത്. ഒരു മാസവും പത്ത് ദിവസവും പിന്നിടുമ്പോൾ കേരളത്തിൽ 2024 ൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പേരാണ്. ഇതിൽ മൂന്ന് പേർ മരിച്ചത് ഇടുക്കിയിലാണ്, രണ്ട് പേർ വയനാട്ടിലും കൊല്ലപ്പെട്ടു.

വയനാട്ടിലെ മാനന്തവാടിയിലിറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്ത് അകത്ത് കടന്ന് ഒരാളെ കുത്തിക്കൊന്ന അതിദാരുണമായ സംഭവമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച അജിയെന്നയാളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആനയാണ് ജനവാസമേഖലയിൽ ഇറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 58 കാരനായ കുഞ്ഞവറാൻ കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ കുഞ്ഞവറാനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മൂന്നാറിലെത്തിയതായിരുന്നു കോയമ്പത്തൂർ സ്വദേശിയായ പോൾ രാജ്.വിവാഹപ്പന്തലിൽനിന്ന് പുറത്തുപോയ പോൾ രാജിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.

ഇടുക്കിയിൽ തന്നെ ജനുവരിയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ പന്നിയാര്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ പരിമള മോഹന്‍ കൊല്ലപ്പെട്ടു. ആനയുടെ ആക്രമണത്തിൽ വാരിയെല്ലിനടക്കം ഗുരുതര പരിക്കേറ്റ പരിമളം ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.

ജനുവരിയിൽ തന്നെ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരിക്കേറ്റ ചിന്നക്കനാൽ സ്വദേശി കൊല്ലപ്പെട്ടിരുന്നു. വെള്ളക്കല്ലിൽ സൗന്ദർ രാജ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതിലും എത്രയോ പേർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നതും എത്രയോ പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 45 പേർക്ക് ജീവൻ നഷ്ടമായി. കൂടുതൽ മരണവും സംഭവിച്ചത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതും ഇടുക്കിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കാട്ടാന ആക്രമണത്തെ പ്രതിരോധിക്കാൻ പലവിധ മാർഗങ്ങൾ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലം കാണുന്നില്ല. ആനമതിലും ഫെൻസിംഗും കടന്നു പോലും ആന ജനവാസ മേഖലയിലേക്ക് എത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ പ്രതിരോധ മാർഗങ്ങൾ നടപ്പാക്കുന്നുവെങ്കിലും വനം വകുപ്പുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അത്തരം പ്രവർത്തനങ്ങൾക്ക് താമസമുണ്ടാക്കുന്നുണ്ട്. ഓരോ തവണ ആക്രമണമുണ്ടാകുമ്പോഴും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്താറുണ്ട്. എന്നാൽ ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാരിനായിട്ടില്ല.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT