Kerala

വയനാട്ടിലെ കാട്ടാന ആക്രമണം; വേ​ഗത്തിൽ നടപടികൾ സ്വീകരിക്കും, ആലോചനയോഗം ഉടനെന്ന് വനം വകുപ്പ് മന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടില്‍ ഒരാള്‍ മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവം ​ഗുരുതരമായി തന്നെ നോക്കുകാണുന്നുവെന്നും ആലോചനയോഗം ഉടൻ ഉണ്ടാകുമെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ആനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കർണാടക വനം വകുപ്പിൻ്റെ വീഴ്ചയെ കുറിച്ച് ഇപ്പോൾ പറയാനാകില്ല എന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിൻ്റെ സഹായത്തോടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

ജനങ്ങളുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. ആനയെ പിടികൂടാനുള്ള തീരുമാനം ആലോചിച്ച് എടുക്കും. സ്വാഭാവിക നടപടികൾ കൊണ്ട് മാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവും എന്ന് കരുതുന്നില്ല കർണാടകയുമായി ബന്ധപ്പെടുമെന്നും കൂടുതൽ ആ‍ർ ആർ ടി സംഘത്തെ അയക്കു‌മെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവകളുടെ നിരന്തരമായ ആക്രമണത്തിന് വിധേയമായി വയനാട്ടിലെ മനുഷ്യർ കൊല്ലപ്പെടുകയും കൃഷി നശിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വനം വകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും വേ​ഗത്തിൽ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് വേണ്ട രീതിയിൽ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളെന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുന്നു. കൂടുതൽ ദൗത്യ സംഘത്തെ അയച്ചുകൊണ്ട് വന്യമൃ​ഗങ്ങളെ പിടികൂടി സംരക്ഷിക്കുകയോ കാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഏതാനും നാളുകൾക്ക് മുൻപ് ക‍ർണാടകയിൽ നിന്ന് തന്നെ വന്ന മറ്റൊരു കാട്ടാനയെ മയക്കുവെടി വെച്ച് പിടിച്ചുവെങ്കിലും അതിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന ​ദാരുണമായ സംഭവം കൂടിയുണ്ട്. ഇതെല്ലാം പരസ്പര വിരുദ്ധമായി ഏറ്റുമുട്ടുന്ന നിലപാടുകളാണ്. രണ്ട് പക്ഷത്തും വലിയ വാശിയോടുകൂടി പ്രവ‍ർത്തിക്കുന്നവരുണ്ട്. ഒരു ച‍‌‍‌‍ർച്ചയിൽ ആന സ്നേഹികളുടെ ഭാ​ഗത്തു നിന്നും വനം വകുപ്പിന് വളരെ രൂക്ഷമായ വിമ‍‌ർശനമാണുണ്ടായത്. വകുപ്പ് പിരിച്ച് വിടണമെന്ന് വരെ അവര്‍ പറഞ്ഞു.

ഒരു ഉന്നത തല യോ​ഗം ഉടൻ തന്നെ കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള നടപടികൾ സ്വീകരിക്കാൻ നി‍ർദേശിച്ചിട്ടുണ്ട്. ആന എവിടെ നിന്ന് വന്നുവെന്നുള്ള അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി അതി‍ർത്തി താണ്ടിയെന്നുള്ള വിവരം ലഭിച്ചതിന് പിന്നാലെ ഉദ്യോ​ഗസ്ഥർ അവിടെ തന്നെയുണ്ട്. ആനയെത്തിയതിനെ തുട‍ർന്ന് വിവരം ലഭിച്ചാൽ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിൽ നിന്നും ലക്ഷ്യ സ്ഥാനത്തേക്കെത്താനുള്ള സാവകാശം സ്വാഭാവികമായുമുണ്ടാകുമല്ലോ. ആ സാവകാശം എന്നതിൽ കവിഞ്ഞ് ഒരു വീഴ്ച ഉണ്ടായിട്ടില്ല. കർമ്മനിരതരായിരിക്കുന്ന അവരുടെ ആത്മവിശ്വസം തക‍ർക്കുന്ന തരത്തിൽ നമ്മൾ സംസാരിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഭാ​ഗത്ത് നിന്ന് സഹകരണം ഉണ്ടാകണം. ജനക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. കുറേകൂടി സൗമ്യമായി ഉദ്യോ​ഗസ്ഥരോട് സംസാരിച്ച് ജനപ്രതിനിധികളുമായി ച‍ർച്ച ചെയ്ത് മുൻപോട്ട് പോകുക എന്നതാണ് ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യം. ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു എന്നത് ​ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ​സർക്കാരും വനംവകുപ്പും ആതേ ​ഗൗരവത്തോടെ തന്നെ ഈ സംഭവത്തെ കാണുന്നുണ്ട്. ഈ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി അദ്ദേഹത്തിന്റെ കൂടി സഹായം തേടാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. ഇപ്പോൾ ആരുടെയും ഭാ​ഗത്തുള്ള വീഴ്ച്ചയെ കുറിച്ചല്ല, ഇനി എന്താണ് ചെയ്യാൻ കഴിയുക എന്നതാണ് ആലോചിക്കുന്നത്. ജനങ്ങളെ പോലെ തന്നെ ആശങ്ക നമുക്കുമുണ്ട്. ഉചിതമായ തീരുമാനം തന്നെയെടുക്കും. കർണാടക ഫോറസ്റ്റ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT