Kerala

എഴുതിയ കവിത പോലെ അനുജയുടെ മരണം; ദുരൂഹതകൾ ഇനിയും ബാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: വികലമായ പകലുകൾ

ചുട്ടുപൊള്ളുന്ന വീഥികൾ

നിഴലുകൾ വിശ്രമമില്ലാതെ സഞ്ചരിക്കുന്നു

ഒടുവിൽ എത്തിച്ചേരുന്നത് ചോരമണമുള്ള ഇരുട്ടിൽ

അവിടെ യുദ്ധം രണ്ടുപേർമാത്രം.....

പത്തനംതിട്ട പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച അനുജ എഴുതിയ കവിതയിലെ വരികളാണിത്. 2021ൽ എഴുതിയ കവിതയിലെ വരികൾ അന്വർഥമാക്കുന്നതുപോലെയായി അനുജയുടെ മരണമെന്നാണ് അടുത്തറിയുന്നവർ ഇപ്പോൾ പറയുന്നത്. ചുട്ടുപൊള്ളുന്ന വീഥി എത്തിച്ചേർന്ന ചോരമണമുള്ള ഇരുട്ടിൽ ജീവിതമവസാനിപ്പിച്ച രണ്ടുപേരായി അനുജയും ഹാഷിമും വാർത്തകളിൽ നിറയുമ്പോൾ ദുരൂഹതകളും ബാക്കിയാണ്.

കെ പി റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമണ്‍ നോര്‍ത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന്‍(37), സ്വകാര്യ ബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ ഹാഷിം (31) എന്നിവര്‍ മരിച്ചത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് മാറിത്താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തി‌ലേക്ക് നയിച്ച അപകടത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ നിഗമനം. ഒരു വർഷം മുമ്പാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. അനുജ കൈവിട്ടു പോകുമെന്ന തോന്നലാണ് ഹാഷിമിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കാർ ലോറിയിലേക്ക് ഇടിച്ചു കയറിയാണ് അനുജയും സുഹൃത്ത് ഹാഷിമും മരിച്ചത്.

ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം–പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്. ആ സമയത്ത് പരിചയത്തിലായതാവാമെന്നാണ് നാട്ടുകാർ ഉൾപ്പടെ കരുതുന്നത്. അടുത്തിടെയാണ് അനുജയുടെ ഭർത്താവിന് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. അനുജയുടെയും ഹാഷിമിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങൾ പൊലീസ് വീണ്ടെടുക്കും. അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാന്‍ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സ്‌കൂളില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ അനുജയെ ബസ്സില്‍ നിന്ന് കാറിലേക്ക് ഹാഷിം നിര്‍ബന്ധപൂര്‍വ്വം വിളിച്ചിറക്കി കയറ്റുകയായിരുന്നു. ബസ്സില്‍ നിന്നിറങ്ങാൻ അനുജ ആദ്യം തയ്യാറായില്ല. തുടർന്ന് അനുജ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു ഹാഷിം വന്നതോടെ, സഹോദരനാണെന്ന് പറഞ്ഞാണ് ഒപ്പം പോയതെന്ന് സഹഅധ്യാപകർ മൊഴി നൽകിയിരുന്നു. കുറച്ചുനേരം കഴിഞ്ഞ് വിളിച്ചപ്പോൾ അനുജ കരയുകയായിരുന്നു. പിന്നീട് തിരിച്ചുവിളിച്ചു. കുഴപ്പമൊന്നുമില്ല, കുടുംബപ്രശ്നങ്ങളാണെന്നും അനുജ പറഞ്ഞു. ഇതേത്തുടർന്ന് അധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ചതോടെയാണ് അങ്ങനെയൊരു അനുജനില്ലെന്നും വിളിച്ചുകൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നും മറ്റുള്ളവർ അറിയുന്നത്. പിന്നാലെ, ഇവർ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തി. ആ നേരത്താണ് അപകടവിവരം അറിഞ്ഞത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT