Kerala

പത്തനംതിട്ടയിൽ കാട്ടാന ആക്രമണം; മധ്യവയസ്കന് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട; കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടർന്ന് ആനയെ ഓടിക്കാൻ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.

പ്രദേശത്തേക്ക് വനപാലകരും പൊലീസുമെത്തിയിട്ടുണ്ട്. ബിജുവിൻ്റെ മൃതദേഹം പുരയിടത്തിൽ നിന്നും മാറ്റി. ജില്ലാ കളക്ടർ സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചു. മുൻപും നിരവധി തവണ കാട്ടാനയുടെ ശല്യമുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ജില്ലാ ഭരണകൂടം അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ട‍ർ സംഭവ സ്ഥലത്തേക്ക് എത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ടയിൽ നിന്നും ശബരിമലയിലേക്കുള്ള പ്രധാന പാതിയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വനമേഖലയോട് ചേ‍ർന്ന് കിടക്കുന്ന പ്രദേശമായ തുലാപ്പള്ളി നിരവധിപേ‍‍ർ താമസിക്കുന്ന ജനവാസ മേഖല കൂടിയാണ്.

അതേസമയം, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന് കര്‍മ്മ പരിപാടി ആവശ്യപ്പെട്ട് പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക നിധി രൂപീകരിക്കണം. കോര്‍പസ് ഫണ്ട് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് പിവി അന്‍വര്‍ എംഎല്‍എയുടെ ഹര്‍ജിയിലെ ആവശ്യം.

പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിന് സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിക്കണം. വന്യജീവികളെ കൊല്ലുന്നതിന് പകരം ജനന നിരക്ക് നിയന്ത്രിക്കണം. മനുഷ്യനും കൃഷിക്കും വെല്ലുവിളിയാകുന്ന വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാന്‍ അനുവദിക്കണം. രാജ്യത്ത് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സമഗ്ര നയം രൂപീകരിക്കണമെന്നുമാണ് പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയിലെ ആവശ്യം

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

തീവ്രന്യൂനമർദ്ദം; ഒരാഴ്ച കേരളത്തിൽ മഴ സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

SCROLL FOR NEXT