Kerala

റിയാസ് മൗലവി വധക്കേസ് വിധി; ജില്ലയിലെ ക്രമസമാധാന നില വിലയിരുത്തൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: റിയാസ് മൗലവി വധക്കേസ് വിധിയെ തുടർന്ന് കാസർകോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലാന് യോഗം ചേർന്നത്. ജില്ലാ പൊലീസ് മേധാവി പി ബിജോയ്‌, ഡിവൈഎസ്പിമാർ എന്നിവർ യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ ക്രമസമാധാന നില വിലയിരുത്താനാണ് യോഗം ചേരുന്നത്. പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20 നാണ് പ്രതികള്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്.

റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തിൽ പ്രോസിക്യൂഷനെതിരെ സമസ്ത മുഖപത്രമായ സുപ്രഭാതം വിമർശിച്ചിരുന്നു. ആർഎസ്എസ് നേതാക്കൾ ഉൾപ്പെടുന്ന കേസിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്നുവെന്നാണ് സുപ്രഭാതം വിമർശിച്ചത്. തെളിവ് ശേഖരണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതയോ സംശയിക്കാം. സമീപകാല കോടതി വിധികളിൽ പക്ഷപാതം മുഴച്ചു നിൽക്കുവെന്ന വിമർശനവും സുപ്രഭാതം ഉയർത്തുന്നത്.

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ മെല്ലെപ്പോക്കാണ് അന്വേഷണങ്ങളിലെന്ന് ഷാന്‍ വധക്കേസ്, രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്. പി ജയരാജന്‍ വധശ്രമ കേസില്‍ ആര്‍എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട സംഭവവും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനാണോ അതോ കോടതികള്‍ തെളിവുകള്‍ പരിഗണിക്കാത്തതാണോയെന്നാണ് സുപ്രഭാതം എഡിറ്റോറിയൽ ചോദിക്കുന്നത്. അറുകൊലയേക്കാള്‍ അമ്പരപ്പുളവാക്കുന്നതാണ് പ്രതികളെ വെറുതെ വിട്ട കോടതി വിധി. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പ്രോസിക്യൂഷന് നിരന്തരം വീഴ്ച സംഭവിക്കുന്നതെന്ന് അതിശയിപ്പിക്കുന്നതാണ്. സാക്ഷിമൊഴികളും ഫോറന്‍സിക് ഉള്‍പ്പെടെ നൂറിലേറെ തെളിവുകളും ഹാജരാക്കിയിട്ടും കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു എന്നത് ദുരൂഹവും ഭയാജനകവുമാണ്.

ഡിഎന്‍എ ഫലം അടക്കമുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും കോടതി മുഖവിലക്കെടുത്തില്ലെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. തെളിവുശേഖരണത്തില്‍ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും 170 പേജുള്ള വിധിപ്പകര്‍പ്പില്‍ പറയുന്നു. മൂന്നു ദിവസത്തിനകം പ്രതികളെ പിടിക്കുകയും 85-ാം നാള്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് അഭിമാനിക്കുന്ന കേരളാ പൊലീസിനാണ് പിഴച്ചതെന്നാണോ മറ്റുള്ളവര്‍ വിചാരിക്കേണ്ടത്! കോടതി ചൂണ്ടിക്കാട്ടിയ വീഴ്ചകള്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കില്‍ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ റിയാസ് മൗലവി വധക്കേസില്‍ ഒത്തുകളിയോ മധ്യസ്ഥമോ നടന്നതായി ന്യായമായും സംശയിക്കാം. എന്നാല്‍ ഡിഎന്‍എ ഫലം ഉള്‍പ്പെടെയുള്ള അതിപ്രധാന തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികള്‍ കുറ്റവിമുക്തരായെങ്കില്‍ നമ്മള്‍ ആരെയാണ് സംശയിക്കേണ്ടതെന്നും ലേഖനം ചോദിക്കുന്നു.

മതസ്പര്‍ധയുണ്ടാക്കാനും അതുവഴി വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടാനുമാണ് ഒരു യുവപണ്ഡിതനെ പള്ളിക്കകത്ത് നിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം നീതിപീഠം മുഖവിലക്കെടുത്തില്ല. ഗൂഢാലോചനാവാദം സാധൂകരിക്കാനോ ഒരു സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ജഡ്ജി കെ കെ ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ ആര്‍എസ് എസ് ബന്ധം തെളിയിക്കാനുള്ള നിരവധി തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT