Kerala

മുഖ്യമന്ത്രിക്ക് ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ പ്രശ്നം; വിമർശനത്തിന് സതീശന്റെ മറുപടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: കഴിഞ്ഞ മുപ്പത് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരേ കാര്യമാണ് പറയുന്നതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയ്ക്ക് എന്താണ് പറ്റിയത്? രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടേയിരിക്കുന്നു. ഏത് ലോകത്താണ് മുഖ്യമന്ത്രി ജീവിക്കുന്നത്? മുഖ്യമന്ത്രി ദേശാഭിമാനിയും കൈരളിയും മാത്രം കാണുന്നതിന്റെ പ്രശ്നമാണെന്നും വി ഡി സതീശൻ പറഞ്ഞു. പിണറായി വിജയൻ കേരളത്തിൻറെ മുഖ്യമന്ത്രിയാണ്. കേരളം വലിയ അപകടത്തിലേക്ക് പോകുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഇത് ഒന്നും ഓർക്കുന്നില്ല. എല്ലാ വകുപ്പും തകർന്നു തരിപ്പണമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയാസ് മൗലവിയുടെ കൊലപാതകം അന്വേഷിച്ചത് ശരിയായില്ല. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം എന്ന് പറഞ്ഞിട്ടും എന്ത് നടപടി എടുത്തു? പൊലീസ് നന്നായി അന്വേഷിച്ചു എന്ന് പറഞ്ഞു. എന്നാൽ പ്രോസിക്യൂഷനും അന്വേഷണ സംഘവും ഒത്തു കളിച്ചു. അലനെയും താഹയെയും യുഎപിഎ ചുമത്തി ജയിലിലിട്ട മുഖ്യമന്ത്രി ആർഎസ്എസ് പ്രവർത്തകർ പ്രതികളായ കേസിൽ യുഎപിഎ ചുമത്താൻ മടിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി ഇന്നും വിമർശനമുന്നയിച്ചിരുന്നു. കോൺഗ്രസിന്റെ പ്രധാന നേതാവായ രാഹുൽ വന്ന് മത്സരിക്കുന്നത് ആരോടാണ്? കേരളത്തിലെ പ്രധാന ശക്തി എൽഡിഎഫ് ആണെന്നിരിക്കെ ബിജെപിയെ നേരിടാനാണ് രാഹുൽ വയനാട്ടിലേക്ക് വന്നതെന്ന് പറയാനാകുമോ‌ എന്നും മുഖ്യമന്ത്രി ചോദിച്ചു. ആനിരാജയാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥി. മണിപ്പൂർ വിഷയത്തിൽ ആനി രാജയെ രാജ്യദ്രോഹിയായാണ് മുദ്രകുത്തിയത്‌. ആനി രാജയ്ക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലെ അനൗചിത്യം രാജ്യമാകെ ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT