Kerala

മേയർ- ഡ്രൈവർ തർക്കം; ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാതെ പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ മേയർക്കെതിരെ കന്റോൺമെന്റ് പൊലീസിന് പരാതി നൽകിയതിന് പിന്നാലെ പൊലീസ് കമ്മീഷണർക്കും പരാതി നൽകി ഡ്രൈവർ യദു. കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിന് പിന്നാലെയായിരുന്നു ഡ്രൈവർ യദു കമ്മീഷണർക്ക് പരാതി നൽകിയത്. കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും, അസഭ്യം പറഞ്ഞെന്നും ചൂണ്ടി കാണിച്ചാണ് ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, ആര്യയുടെ സഹോദരൻ എന്നിവർക്കെതിരെ യദു കമ്മീഷണർക്ക് പരാതി നൽകിയത്. വിഷയത്തിൽ ഇതുവരെ പൊലീസ് കേസ് എടുത്തിട്ടില്ല.

കേസ് എടുത്തില്ലെങ്കിലും മേയർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവർത്തിക്കുന്നത്. അതിനിടെ ബസ് സർവീസ് തടഞ്ഞ മേയർക്കും എംഎൽഎക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നൽകിയിരുന്നു. നടുറോഡിൽ ബസ്സിന് മുന്നിൽ മേയറുടെ കാർ കുറുകെ നിർത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തിൽ, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു. ഇനിയും പ്രതിഷേധം കടുപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതിനിടെ വിഷയത്തിൽ കെഎസ്ആർടിസി വിജിലൻസ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്. വിശദമായി അന്വേഷിച്ച്, കുറ്റമറ്റ റിപ്പോർട്ട്‌ സമർപ്പിക്കാൻ ആണ് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശം. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം തുടർ നീക്കം ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തുവെച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവർ യദു രംഗത്തെത്തുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT