Kerala

'എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല, ആത്മഹത്യയല്ലാതെ വേറെ വഴിയില്ല; പ്രതികരിച്ച് യാത്രക്കാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ. വിഷയത്തിൽ എയർ ഇന്ത്യ വിശദീകരണം നൽകിയിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം ഇല്ലെന്ന വിവരം ലഭിക്കുന്നതെന്നും യാത്രക്കാർ പറഞ്ഞു. നാളെ തന്നെ വിവിധ സ്ഥലങ്ങളിലെത്തേണ്ടവരുണ്ട്. വിസ കാലവധി കഴിയാറായ സാഹചര്യത്തിൽ അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ലെന്ന് ഒരു യാത്രക്കാരൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.

'നാളെ തന്നെ മസ്ക്കറ്റിലെത്തണം. വിസാ കാലവധി തീരുകയാണ്. ഒരു നിവർത്തിയും ഇല്ല. അവിടെയെത്തിയില്ലെങ്കിൽ ആത്മഹത്യയെല്ലാതെ വേറെ വഴിയില്ല. ആ വക്കിൽ നിൽക്കുകയാണ്. 14നോ17നോ ടിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിന് പോയിട്ട് കാര്യമില്ല. വിസ നാളെ തീരുകയാണ്', യാത്രക്കാരൻ പറഞ്ഞു.

'7.40ന് എൻട്രി ലഭിച്ചു, 10.40നായിരുന്നു പോകേണ്ടിയിരുന്നത്. ഷാർജയിലേക്കായിരുന്നു ഫ്ലൈറ്റ്. ബോഡിങ് പാസ് ലഭിച്ച്, എമി​ഗ്രേഷനും കഴിഞ്ഞും ല​ഗേജ് പോയി കഴിഞ്ഞ് കാത്തിരിക്കുന്ന സമയത്താണ് ഫ്ലൈറ്റ് രണ്ട് മണിക്കൂർ വൈകുമെന്ന് അറിയുന്നത്. ശേഷം ഒരു കുപ്പി വെള്ളം കൊണ്ടുതന്നിട്ട്, ഇന്നത്തെ ഫ്ലൈറ്റ് കാൻസലായെന്ന് പറയുകയായിരുന്നു. എല്ലാവരേയും പുറത്തേക്കിറക്കി. അവർക്ക് ഇഷ്ടപ്പെടുന്ന ഒരു തീയതി തരുന്നു, ആ ദിവസം വേണമെങ്കിൽ പൊക്കോളു എന്ന് പറയുന്നു. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും അവർ ചെയ്ത് തരുന്നില്ല. ഒൻപതാം തീയതിയ്ക്ക് മുൻപായി ജോയിൻ ചെയ്യേണ്ടതാണ്. ജോലി നഷ്ടപ്പെടുന്ന രീതിയിൽ നിൽക്കുകയാണ്. ഏതെങ്കിലും രീതിയിൽ ഇവിടെ നിന്ന് ഇറക്കുക, ചെല്ലേണ്ട സ്ഥലത്ത് എത്തിക്കുക എന്നാണ് പറയാനുള്ളത്. അല്ലാതെ ഇവിടെ നിന്ന് ആരും പോകില്ല. വിസ തീർന്ന് നിൽക്കുന്ന ആളുകൾ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു നിൽക്കുന്നുണ്ട്. കെട്ടിതൂങ്ങി ചാവുമെന്ന് പൊലീസിനോട് പറഞ്ഞവരുണ്ട്. അതുകൊണ്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തുക. ടിക്കറ്റ് മാറ്റിത്തരാമെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്നലെ രാത്രി 12 മണിയ്ക്ക് എത്തിയതാണ് കു‍ഞ്ഞുമായി', യാത്രക്കാർ പറഞ്ഞു.

'പത്തനംതിട്ടയിൽ നിന്ന് വരികയാണ്. 10 മണിയ്ക്ക് ഇറങ്ങിയതാണ്. എട്ടേമുക്കാലിന്റെ ഫ്ലൈറ്റായിരുന്നു. ഒരുപാട് നേരമായി ക്യൂ നിൽക്കുകയാണ്. അധികൃതർ മറുപടിയൊന്നും തരുന്നില്ല. നാളെ ഫ്ലൈറ്റ് ഉണ്ടെന്ന് പറയുന്നു. പക്ഷേ നാളത്തേക്ക് കൺഫോമൊന്നുമല്ല. ഫ്ലൈറ്റ് മുടങ്ങിയതിൽ വിമാനത്താവളത്തിലെ അധികൃതർ വിശദീകരണം തരുന്നില്ല. അഞ്ചേകാലിന് വിമാനത്താവളത്തിൽ വരുമ്പോഴാണ് വിവരം ലഭിക്കുന്നത്. 150 കിലോമീറ്റർ യാത്ര ചെയ്ത് വന്നവരാണ്. ഇവരോട് ചോദിക്കുമ്പോൾ ഏഴ് ദിവസം ഒന്നുമില്ല, ഏതെങ്കിലും ഒരുദിവസം ടിക്കറ്റ് തരാമെന്നാണ് പറയുന്നത്. അതിൽ ഉറപ്പൊന്നുമില്ല. ഇന്ന് തന്നെ വിദേശത്ത് എത്തേണ്ടിയിരുന്നവർ ഉണ്ടായിരുന്നു, അവർ പ്രതിഷേധം നടത്തിയിരുന്നു. യാതൊരു മറുപടിയും നൽകാത്ത സാഹചര്യത്തിൽ അവരൊക്കെ തിരികെ പോയി.

5000 രൂപ മുടക്കിയാണ് വിമാനത്താവളത്തിൽ എത്തിയത്. വാഹനം പറഞ്ഞുവിട്ടു. തിരിച്ചുപോകണമെങ്കിൽ ഇത്രയും അധികം പെട്ടികളുമായി ഇനി ബസിൽ പോകാൻ പറ്റില്ല. ഇതിനെ പറ്റി ഇവരൊന്നും തന്നെ പറയുന്നില്ല. ചോദിക്കുമ്പോൾ നമ്മളെപോലെ അവർക്കും അറിയില്ലെന്നാണ് പറയുന്നത്. അറിയാവുന്ന ആരുമില്ലാത്ത അവസ്ഥയാണ്. കോംപൻസേഷൻ ലഭിക്കുന്ന അവസ്ഥ പോലുമില്ല. നാളെ ടിക്കറ്റുണ്ടെന്നാണ് പറഞ്ഞത്. നാളെ എടുക്കുന്നില്ലെന്നാണ് തീരമാനിച്ചിരിക്കുന്നത്. എടുത്തിട്ട് ഇതേ അവസ്ഥയാണെങ്കിൽ എന്തുചെയ്യും. ചെന്നിട്ട് പല അത്യാവശ്യങ്ങളും ഉണ്ട്. അതൊന്നും നടക്കില്ലെന്ന അവസ്ഥയാണ്.

മെഡിക്കൽ എമർജൻസിയെ തുടർന്ന് മസ്ക്കറ്റിൽ പോകാനായി എത്തിയതായിരുന്നു. രാവിലെ അ‍ഞ്ചരക്കെത്തിയപ്പോൾ ഫ്ലൈറ്റ് കാൻസലാക്കിയെന്നാണ് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുമന്നറിയിപ്പും നൽകിയിരുന്നില്ല. ഇന്നൊന്നും അടുത്ത ഫ്ലൈറ്റില്ലെന്നാണ് പറയുന്നത്. 14, 17 തീയതികളിലാണ് ഇനി ഫ്ലൈറ്റ് ഉള്ളൂ എന്നാണ് പറയുന്നത്. റീ ഫണ്ടിങ്ങിന് രണ്ടാഴ്ച എടുക്കുമെന്നാണ് ജീവനക്കാർ പറയുന്നത്', യാത്രക്കാർ പ്രതികരിച്ചു.

'മകന് മസ്ക്കറ്റിൽ പോകുന്നതിനായി വന്നതാണ്. രാവിലെ അഞ്ച് മണിയ്ക്ക് എത്തിയതാണ്. 8.50നാണ് ഫ്ലൈറ്റ്. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം ലഭിക്കുന്നത്. പകരം മറ്റൊരു സംവിധാനത്തെ കുറിച്ച് പറയുന്നില്ല. യാതൊരുവിധ പ്രതികരണവും അവർ നടത്തുന്നില്ല. മുപ്പത് കൊല്ലം മുൻപ് മസ്ക്കറ്റിൽ നിന്ന് വരുമ്പോൾ എയർ ഇന്ത്യ ഫ്ലൈറ്റിൽ ഇതേ അവസ്ഥ നേരിട്ടിരുന്നു. അന്ന് അക്കോമഡേഷനും കാര്യങ്ങളും തന്നിരുന്നു. എയർ ഇന്ത്യ ഫ്ലൈറ്റ് കൊള്ളത്തില്ല. എൻ്റെ മകൻ എടുത്തത് ഞാൻ അറിഞ്ഞില്ലായിരുന്നു, അറിഞ്ഞിരുന്നുവെങ്കിൽ എടുപ്പിക്കില്ലായിരുന്നു. മുപ്പത് കൊല്ലം മുൻപത്തെ എക്സപീരിയൻസുണ്ട്. ഞാൻ ഇതിൽ പെട്ടുപോയതാണ്. ഇപ്പോഴും ഇവർ വളരുന്നില്ല. കാരണം എന്താണെന്ന് ഇവരോട് തന്നെ ചോദിക്കണം, നാലുമണിക്കൂർ യാത്ര ചെയ്താണ് വിമാനത്താവളത്തിൽ എത്തിയത്, അവരുടെ പ്രതികരണത്തിനായി കാത്തുനിൽക്കുകയാണ്.', യാത്രക്കാരൻ്റെ പിതാവ് പറഞ്ഞു.

വിമാനത്താവളത്തിൻ്റെ പലഭാ​ഗങ്ങളിലായി യാത്രക്കാരും യാത്ര അയ്ക്കാൻ എത്തിയവരും കാത്തുനിൽക്കുകയാണ്. എയർ ഇന്ത്യ ടിക്കറ്റ് കൗണ്ടറിന് മുന്നിലാണ് പ്രതിഷേധവുമായി യാത്രക്കാർ നിൽക്കുന്നത്. ക്യാബിനുള്ളിൽ ചില ജീവനക്കാരുണ്ട്. പകരം സംവിധാനം ഏർപ്പാടാക്കാമെന്നാണ് ജീവനക്കാർ നൽകുന്ന വിശദീകരണം. അതും ഏഴ് ദിവസത്തിനകം യാത്ര ക്രമീകരിക്കാമെന്നും അടച്ചപണം റീഫണ്ട് ചെയ്യാണെന്നുമാണ് ജീവനക്കാർ പറയുന്നത്. അതിന് അപ്പുറത്തേക്ക് ഒന്നും എയർ ഇന്ത്യ എക്സപ്രസ് ജീവനക്കാർക്ക് പ്രതികരിക്കാനാകുന്നില്ല. രേഖകൾ പരിശോധിച്ച് യാത്രക്കാരോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ മറുപടി നൽകാനാകുന്നില്ല. മസ്ക്കറ്റ്, ഷാർജ, അബുദബി തുടങ്ങിയിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വിവിധ ജില്ലയിൽ നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ യാത്രക്കാരാണ് പ്രതിസന്ധി നേരിടുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT