Kerala

ചെമ്പേരി ലൂര്‍ദ് മാതാ ദേവാലയം ഇനി ബസിലിക്ക, പരിശുദ്ധ പിതാവിന്റെ പള്ളി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരി അതിരൂപതയിലെ ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഇതുസംബന്ധിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അറിയിപ്പ് തലശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. ഇതോടെ സിറോ മലബാര്‍ സഭയിലെ ബസിലിക്കകളുടെ എണ്ണം അഞ്ച് ആയി.

ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ ലൂര്‍ദ് മാതാ ദേവാലയത്തിന് പരിശുദ്ധ പിതാവിന്റെ പള്ളി എന്ന ബഹുമതി ലഭിക്കും. മാര്‍പാപ്പ ഒരുസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ബസിലിക്കയില്‍ വെച്ചാണ് ദൈവജനത്തോട് സംസാരിക്കുക. 1948ല്‍ സ്ഥാപിക്കപ്പെട്ട ചെമ്പേരി ഇടവകയില്‍ 1400 കുടുംബങ്ങളാണുള്ളത്. ഫാ. ജോര്‍ജ് കാഞ്ഞിരക്കാട്ടാണ് വികാരി. ഇടവക വികാരി ഇനി റെക്ടറെന്ന പേരിലാകും അറിയപ്പെടുക. പള്ളിയുടെ നവീകരണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഓഗസ്റ്റ് 14ന് ബസിലിക്ക പ്രഖ്യാപനം നടക്കും.

റോമന്‍സഭയുമായും കത്തോലിക്കസഭയുടെ പരമോന്നത അധികാരിയായ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്ന ഇടമാണ് ബസിലിക്ക. ആ പദവിയാണ്ഇപ്പോൾ ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തിന് ലഭിച്ചിരിക്കുന്നത്. ലോകത്ത് ആകെ നാല് മേജര്‍ ബസിലിക്കയാണുള്ളത്. ഇവ നാലും റോമിലാണ്. സെയ്ന്റ് പീറ്റേഴ്സ്, സെയ്ന്റ് ജോണ്‍ ലാറ്ററന്‍, സെയ്ന്റ് മേരി മേജര്‍, സെയ്ന്റ് പോള്‍ ഔട്ട്‌സൈഡ് ദ് വാള്‍ ബസിലിക്ക എന്നിവയാണ് നാല് മേജര്‍ ബസിലിക്കകൾ. ഇവ പേപ്പല്‍ ബസിലിക്ക എന്നും അറിയപ്പെടുന്നു.

ബാക്കിയുള്ളവയൊക്കെ മൈനര്‍ ബസിലിക്കകളാണ്. അര്‍ത്തുങ്കല്‍, വല്ലാര്‍പ്പാടം, തൃശ്ശൂര്‍ പുത്തന്‍പള്ളി പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്ക, പള്ളിപ്പുറം മഞ്ഞുമാത, അടുത്തകാലത്ത് ബസിലിക്കപ്പദവി കിട്ടിയ മാഹി സെയ്ന്റ് തെരേസ പള്ളി തുടങ്ങിയവ മൈനര്‍ ബസിലിക്കകളാണ്. ബസിലിക്കാപ്പദവി സൂചിപ്പിക്കുന്നതിന് മൂന്ന് അടയാളങ്ങളാണുള്ളത്. ഒന്ന്, മഞ്ഞയും ചുവപ്പും വരകളാല്‍ രൂപകല്പനചെയ്ത പട്ടുമേലാപ്പിന്റെ കുട. ഇത് മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്. രണ്ടാമത്തേത് മണികളാണ്, മാർപാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കുന്ന ഇവ തൂണിലാണ് ഘടിപ്പിക്കുക. മൂന്നാമത്തേത് പേപ്പല്‍ കുരിശിന്റെ താക്കോലുകളാണ്. മാർപാപ്പയുടെ പ്രതീകമായ ഈ താക്കോലുകള്‍ ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെ സൂചിപ്പിക്കുന്നു. ഇവ മൂന്നും ചെമ്പേരിയിലെ പള്ളിയിലും ഇനി സ്ഥാപിക്കും.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT