Kerala

മിക്ക കുറ്റകൃത്യങ്ങളിലും 'റെന്റ് എ കാര്‍', ക്രിമിനലുകള്‍ക്കും സൗകര്യം; ഒന്നും ചെയ്യാനാകാതെ പൊലീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ള മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി കൈമാറ്റം ചെയ്ത് വരുന്ന ഓണേര്‍സ് റെന്റ് എ കാറുകളെന്ന് റിപ്പോര്‍ട്ട്. റെന്റ് എ കാറുകള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റോട് കൂടിയ രജിസ്‌ട്രേഷനുണ്ടെങ്കിലും ഇതൊന്നും ചെയ്യാതെ റെന്റിന് കൊടുക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുന്നുമില്ല. ഏറ്റവും അവസാനം കരമന അഖില്‍ വധക്കേസ് പ്രതികളും ഉപയോഗിച്ചത് ഇതുപോലെ നിയമവിരുദ്ധമായി വാടകയ്ക്ക് എടുത്ത കാര്‍ തന്നെയാണ്.

2012 മെയ് നാലിന് ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ പ്രതികളുപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കര്‍ പതിച്ച ഇന്നോവ കാറും വാടകയ്ക്ക് എടുത്തതായിരുന്നു. കറുത്ത നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ നമ്പറുകളാണ് നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്ന റെന്റ് എ കാറുകള്‍ക്ക് വേണ്ടത്. എന്നാല്‍ ഇങ്ങനെ റെന്റ് എ കാറുകളായി വ്യത്യസ്ത നമ്പര്‍ പ്ലേറ്റുകളുമായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ കേരളത്തില്‍ അപൂര്‍വമാണ്. ഓണേര്‍സ് വാഹനങ്ങളാണ് യഥേഷ്ടം ലാഭത്തിന് വേണ്ടി നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കുന്നത്. ഇത് പ്രതികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുന്നു.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം കരമനയിലെ അഖില്‍ വധക്കേസ് പ്രതികളും വാടകയ്ക്ക് എടുത്ത കാറാണ് കൊലയ്ക്ക് ഉപയോഗിച്ചത്. സമീപ കാലത്ത് തിരുവനന്തപുരത്ത് തന്നെ നിരവധി ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് കടത്ത് സംഘവും യഥേഷ്ടം ഇത് തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇങ്ങനെ ഓണേര്‍സ് വാഹനങ്ങള്‍ വാടകയ്ക്ക് നിയമവിരുദ്ധമായി കൊടുക്കുന്നതിനെതിരെ ഒന്നും ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിനോ പൊലീസിനോ കഴിയുന്നുമില്ല.

വാഹന ഉടമയില്‍ നിന്ന് വാഹനം വാടകയ്ക്ക് കൊണ്ടുപോകുന്നവര്‍ എന്ത് ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് ഉടമകള്‍ അറിയുന്നില്ല. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍ കാര്‍ കസ്റ്റഡിയിലെടുക്കുമെന്നല്ലാതെ വാഹന ഉടമ കേസില്‍ പ്രതിയാകാറുമില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ നിയമവിരുദ്ധമായ റെന്റ് എ കാര്‍ ബിസിനസ് പൊടിപൊടിക്കുകയും അത് ക്രിമിനലുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുകയും ചെയ്യും. ഓണേര്‍സ് വാഹനങ്ങള്‍ റെന്റിന് കൊടുക്കുന്നു എന്ന് തെളിയിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനോ പൊലീസിനോ എളുപ്പമല്ല. ഒരു സുഹൃത്തിന് കൈമാറിയതാണ് എന്ന് പറഞ്ഞാല്‍ നിയമപരമായി ഒന്നും ചെയ്യാനുമാകില്ല. ഈ പഴുതാണ് കേരളത്തിലെ ക്രിമിനലുകള്‍ക്ക് സൗകര്യമാകുന്നത്.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT