Kerala

അതിതീവ്ര മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്,മൂന്ന് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.

നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്ന് രാവിലെ അതിശക്തമായ മഴയാണ് ലഭിച്ചത്.

കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.

തെക്കന്‍ കേരളത്തില്‍ മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു.

കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും വീടുകളിലും വെള്ളം കയറി. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.

കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കിള്ളൂരിന് സമീപം ബ്രേക്ക്ഡൗണായ ലോറിക്ക് പിന്നില്‍ കാറുകള്‍ ഇടിച്ചുകയറി അപകടം ഉണ്ടായി. അതിനിടെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT