Kerala

ഭക്ഷ്യവിഷബാധയുണ്ടായ ഹോട്ടൽ 'സെയിൻ' നേരത്തെയും നടപടി നേരിട്ടിരുന്നു; ലൈസൻസിലും അവ്യക്തത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: പെരിഞ്ഞനത്ത് ഒരാൾക്ക് ജീവഹാനി സംഭവിച്ച ഭക്ഷ്യവിഷബാധയ്ക്ക് കാരണക്കാരായ സെയിൻ ഹോട്ടൽ നേരത്തെയും നടപടി നേരിട്ടിരുന്നു. വൃത്തിഹീനമായി പ്രവർത്തിച്ചതിന്റെ പേരില്‍ അധികൃതര്‍ പൂട്ടിച്ച ഹോട്ടലാണ് സെയിൻ. എന്നാൽ വീണ്ടും തുറന്ന് പ്രവർ‌ത്തിച്ചപ്പോൾ ഇവിടെ പരിശോധനകൾ നടന്നിരുന്നില്ല. ഭക്ഷണത്തിൽ നിറം ചേർത്തതിന്റെ പേരിൽ ഹോട്ടലിനെതിരെ കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച് അവശനിലയിൽ ചികിത്സയിലായിരുന്ന പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ഇന്നലെ മരിച്ചിരുന്നു.

ഒടുവിൽ പുറത്തുവന്ന കണക്ക് പ്രകാരം സെയിനില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം അസ്വസ്തത അനുഭവപ്പെട്ട 213 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. 49 പേർ ഇപ്പോഴും ചികിത്സയിലാണ്. മെയ് 25 ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യം 27 പേരും പിന്നീട് 85 പേരും ചികിത്സ തേടി. തിങ്കളാഴ്ച ഇത് 178 പേർ എന്ന നിലയിലേക്ക് ഉയർന്നു. ചൊവ്വാഴ്ചയും ആളുകൾ ചികിത്സ തേടിയതോടെ ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 213 ആകുകയായിരുന്നു.

30 കിലോ അരിയുടെ കുഴിമന്തി ശനിയാഴ്ച ഉണ്ടാക്കിയിരുന്നുവെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണ്ടെത്തൽ. കുറഞ്ഞത് 230 പേരെങ്കിലും ഇത് കഴിച്ചതായാണ് കണക്കാക്കുന്നത്. ഈ ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കും വിഷബാധയേറ്റിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കുഴിമന്തി ഉണ്ടാക്കിയത്.

കുഴിമന്തിക്കൊപ്പം ഉപയോ​ഗിച്ച മയണൈസ് ആണോ അപകടത്തിന് കാരണമായതെന്ന് ആരോ​ഗ്യവകുപ്പിന് സംശയമുണ്ട്. മുട്ട ചേർത്ത മയണൈസ് ആണ് ഇവിടെ ഉണ്ടാക്കുന്നതെന്നാണ് പ്രാഥമിക നി​ഗമനം. 2023 ജനുവരിയിൽ ആരോ​ഗ്യവകുപ്പ് മുട്ട ചേർത്ത മയണൈസ് നിരോധിച്ചിരുന്നു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഹോട്ടൽ പൂട്ടിച്ചിരുന്നു. എന്നാൽ പൊലീസും ഭക്ഷ്യ സുരക്ഷാ ഉദ്യോ​ഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ഭക്ഷണ സാമ്പിളുകളോ അവശിഷ്ടങ്ങളോ കണ്ടെത്താനായിരുന്നില്ല. ഹോട്ടലിൽ ഉപയോഗിക്കാൻ വെച്ചിരുന്ന എണ്ണയും പാചകംചെയ്യാത്ത സാധനങ്ങളുമാണ് പരിശോധനയിൽ ആകെ ലഭിച്ചത്.

അതേസമയം ഹോട്ടലിന്റെ ലൈസൻസ് പുതുക്കൽ നടപടി ഇതുവരെയും പൂ‍ർത്തിയാക്കിയിട്ടില്ല. ഹോട്ടൽ ഉടമസ്ഥാവകാശത്തിൽ തർക്കം നിലനിൽക്കുന്നതിനാൽ ലൈസൻസ് പുതുക്കുന്ന നടപടി നീട്ടിവെച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. റഫീഖ്, അസ്ഫർ എന്നിവരാണ് സെയിൻ ഹോട്ടലിന്റെ നടത്തിപ്പുകാർ. മരണം നടന്നതിന് പിന്നാലെ ഇവർ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.

വിഷബാധയേറ്റ് ഒരാൾ മരിച്ചതിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോർട്ടത്തിന്റെയും റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് മനപൂർവ്വമായ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർക്കുമെന്ന് കൈപ്പമംഗലം പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT