Kerala

ഈ കാലവർഷത്തിൽ കൂടുതൽ മഴ; മുന്നൊരുക്കങ്ങൾ സജ്ജമെന്ന് ശേഖർ കുര്യാക്കോസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഈ കാലവർഷത്തിൽ കൂടുതൽ മഴ ലഭിക്കുമെന്ന് ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്. മഴക്കാല മുന്നൊരുക്കങ്ങളെല്ലാം സജ്ജമാണെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. 106 ശതമാനം മഴയുണ്ടാകുമെന്നാണ് വിലയിരുത്തൽ. മഴയുടെ മൊത്തം അളവ് കൂടുതലാകും. എന്നാൽ മഴ ഏത് രീതിയിൽ ലഭിക്കുമെന്നത് പ്രധാനമാണ്. കുറഞ്ഞ മണിക്കൂര്‍ സമയത്തേയ്ക്ക് അതിശക്തമായ മഴയുണ്ടാകുകയും പിന്നെ മഴയില്ലാതെയിരിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ കുറച്ച് ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുകയും പിന്നീട് മഴയില്ലാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തേക്കാം. മഴ കൂടുമെന്ന് തന്നെയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പും മറ്റ് കേന്ദ്രങ്ങളും അറിയിക്കുന്നതെന്നും ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

നേരത്തെ മെയ് രണ്ടിന് മുഖ്യമന്ത്രി യോ​ഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചുള്ള സജ്ജീകരങ്ങളെല്ലാം പൂർ‌ത്തിയായിട്ടുണ്ട്. ഈ വർഷത്തെ ഓറഞ്ച് ബുക്ക് തയ്യറാക്കി സർക്കാരിന്റെ പരി​ഗണനയ്ക്ക് നൽകി. ജനറൽ കോർഡിനേഷന് വേണ്ട സജീകരണങ്ങൾ നടത്തി. ഫോൺ നമ്പറുകൾ പരിശോധിച്ചു. ഏര്‍ളി വാണിങ് സിസ്റ്റവും സാറ്റലൈറ്റ് ഫോണുകളും പരിശോധിച്ചു. കാപ്പ് അലേ‍ർട്ട് സംവിധാനം പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയെന്നും സജ്ജീകരങ്ങൾ പൂർത്തിയാക്കിയെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം അറിയിച്ചു. ആവശ്യമെങ്കിൽ, നിലവിലുള്ള രണ്ട് എൻഡിആർഎഫ് സംഘത്തിന് പുറത്ത് കൂടുതൽ എൻഡിആർഎഫ് സംഘത്തെ സംസ്ഥാനത്ത് നിയോഗിക്കുമെന്നും ശേഖർ കുര്യാക്കോസ് പറഞ്ഞു.

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ആറ് ദിവസം വ്യാപകമായി ഇടി/മിന്നല്‍/കാറ്റ് എന്നിവയോട് കൂടിയ മിതമായ/ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT