Kerala

കള്ളപ്പണിക്കന്മാർ എന്ന് സുരേന്ദ്രൻ, ഗണപതിവട്ടജി എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കർ; പരസ്പരം പോര്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സുരേഷ് ​ഗോപിയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിൽ ഉടലെടുത്ത വിവാദങ്ങൾക്കിടെ പരസ്പരം പഴിചാരി അധ്യക്ഷൻ കെ സുരേന്ദ്രനും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും. വാക്പോരിന് തുടക്കം കുറിച്ചത് സുരേന്ദ്രനാണ്. സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് സുരേന്ദ്രന്റെ പ്രതികരണത്തിന് കാരണം. 'കള്ളപ്പണിക്കന്മാർ' എന്നാണ് ആരോപണങ്ങൾക്ക് മറുപടി പറയവെ സുരേന്ദ്രൻ പറഞ്ഞത്. ഇതിന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിലൂടെ മറുപടി നൽകി. തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രത്തോടെയായിരുന്നു മറുപടി.

മാധ്യമങ്ങൾ മാത്രമല്ല, ചില ആക്രി നിരീക്ഷകരും ബിജെപി നേതൃത്വം സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കള്ളപ്പണിക്കർമാർ കുറേയേറേ ആൾക്കാർ ചാനലിൽ വന്നിരിക്കുന്നുണ്ടെന്നും അവർ ബിജെപി നേത‍ൃത്വം സുരേഷ് ​ഗോപിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെയാണ് ശ്രീജിത്ത് പണിക്കരും രം​ഗത്തെത്തിയത്. ​'ഗണപതിവട്ടജി' എന്നാണ് പോസ്റ്റിൽ അഭിസംബോധന ചെയ്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുൽത്താൻ ബത്തേരിയെ ​ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്‍റെ വിവാ​ദം പരാമർശിച്ചാണ് പോസ്റ്റ്.

'നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം' എന്നാണ് പോസ്റ്റിൽ പരിഹാസം ഉയരുന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കർ

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT