Kerala

'തൃശ്ശൂരിൽ എന്നെ കുരുതി കൊടുത്തു, കൂടുതൽ പ്രതികരിക്കാൻ കഴിയില്ല'; തിരഞ്ഞെടുപ്പ് തോൽവിയിൽ കെ മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ തോൽവിയിൽ റിപ്പോർട്ടറിനോട് പ്രതികരിച്ച് കെ മുരളീധരൻ. തൃശ്ശൂരിൽ തന്നെ കുരുതി കൊടുത്തുവെന്നും ഇതിൽ കൂടുതൽ പ്രതികരിക്കാൻ കഴിയില്ല എന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. തനിക്ക് പരാതിയില്ലെന്നും കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കട്ടെ എന്നും കെ മുരളീധരൻ പ്രതികരിച്ചു. 'തൃശ്ശൂരിൽ കുരുതികൊടുക്കൽ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളും കോൺഗ്രസ് വിജയിച്ചപ്പോൾ എനിക്ക് തോൽവിക്ക് നിന്ന് കൊടുക്കേണ്ടി വന്നു. പാർട്ടി അച്ചടക്കം മാനിച്ച് വിഷയത്തിൽ കൂടുതൽ പറയുന്നില്ലെന്നും മുരളീധരൻ പ്രതികരിച്ചു, റിപ്പോർട്ടർ ചാനലിന്റെ പതിനാലാം വാർഷികവുമായി ബന്ധപ്പെട്ട സ്പെഷ്യൽ പ്രോഗാമിലാണ് മുരളീധരന്റെ പ്രതികരണം.

തൃശ്ശൂരിലെ തോൽവിയിൽ സിപിഐഎമ്മിനെയും കെ മുരളീധരൻ വിമർശിച്ചു. ഒരു കമ്മീഷണർ വിചാരിച്ചാൽ തൃശ്ശൂർ പൂരം അട്ടിമറിക്കാൻ കഴിയുമോ എന്ന് ചോദിച്ച മുരളീധരൻ, പൂരം കലക്കിയതിന് പിന്നിൽ കേരള സർക്കാരാണെന്ന് ആരോപിച്ചു. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ചില അന്തർധാരകൾ നടന്നിട്ടുണ്ടെന്നും അത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കലിലടക്കം സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേടുകൾ നടന്നുവെന്നും മുരളീധരൻ കൂട്ടിചേർത്തു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും മുരളീധരൻ വിമർശിച്ചു. മേയർ ആര്യ പാർട്ടിയുടെ കുഴി തോണ്ടുകയാണ് എന്നായിരുന്നു വിമർശനം

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു. പാലക്കാട് നഗരസഭയിൽ മാത്രമാണ് ബിജെപിക്ക് മുൻതൂക്കമുള്ളതെന്നും അത് മൊത്തം മണ്ഡലത്തിന്റെ ഫലത്തെ മാറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കുന്നുവെന്ന നിലപാടിലായിരുന്ന കെ മുരളീധരൻ വട്ടിയൂർകാവ് മണ്ഡലം വഴി രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്നിരുന്നു. വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കെ മുരളീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

വട്ടിയൂർകാവ് മണ്ഡലത്തോട് എല്ലാ കാലത്തും ആത്മബന്ധമുണ്ടെന്നും മണ്ഡലത്തിൽ നേരിട്ട തിരിച്ചടിയിൽ നിന്ന് പാർട്ടിയെ കൊണ്ട് വരികയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നും ബാക്കിയെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.

'ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസൻ'; വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

കൂട്ടുപ്രതികള്‍ അറിയാതെ കലയുടെ മൃതദേഹം മാറ്റി? അനിലിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

പറഞ്ഞത് ശരിതന്നെ, പര്‍വ്വതീകരിക്കേണ്ടെന്ന് സജി ചെറിയാന്‍; 'ചര്‍ച്ച നടക്കട്ടെ'

കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷം; യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

നരകയാതന അനുഭവിച്ച് പൊലീസുകാർ; രണ്ട് ദിവസം അടുപ്പിച്ച് ഡ്യൂട്ടി; മുഖ്യമന്ത്രിയുടെ ഉറപ്പിന് പുല്ലുവില

SCROLL FOR NEXT