വിമർശിക്കേണ്ട സമയമല്ല, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം: കെ സുധാകരനെ തള്ളി വി ഡി സതീശൻ

ദുരിതാശ്വാസനിധിക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശത്തെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം. സർക്കാറിനെ വിമർശിക്കേണ്ട സമയമല്ലിതെന്നും സതീശൻ പറഞ്ഞു. ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു. ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുന്നുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ല. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറും. കോൺഗ്രസ് 100 വീടുകൾ നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം. ദുരിതാശ്വാസ നിധിക്കെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡി സതീശന് പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയത്. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു. ഈ പരാമർശത്തെയാണ് വി ഡി സതീശൻ എതിർത്തത്.

ദുരന്തമുഖത്ത് ആശ്വാസമേകാൻ ലെഫ്. കേണൽ മോഹൻലാൽ: വയനാട്ടിൽ എത്തി

അതേസമയം, വയനാടിന് സഹായവുമായി നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. വ്യവസായികളും സിനിമ താരങ്ങളും ഉൾപ്പടെ ഒട്ടനവധി സംഭാവന നൽകിയിരുന്നു. എന്നാൽ ദുരിതാശ്വാസനിധിക്കെതിരെ വ്യാപകമായ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

To advertise here,contact us