ഒരുരാത്രി ഇരുണ്ട് വെളുക്കുമ്പോഴേയ്ക്കും ജീവനും ജീവിതവും ഉരുളെടുത്തു പോയതിന്റെ തീരാവ്യഥകളില് നിന്നും മുണ്ടക്കൈ-ചൂരല്മല നിവാസികള് ഇതുവരെ മുക്തരായിട്ടില്ല. തിരിച്ചറിയാനാകാത്ത വിധം കുത്തിയൊലിച്ചു പോയ ഒരു ഭൂപ്രദേശത്ത് ഇന്ന് അവശേഷിക്കുന്നത് കൂറ്റന്പാറക്കെട്ടുകളും മണ്കൂനകളും ദുരന്തത്തെ അതിജീവിച്ച പാതിതകര്ന്ന നിര്മ്മിതികളും മാത്രമാണ്. വീടുകളും കടകളും ആരാധാനാലയങ്ങളുമെല്ലാം വീണ്ടെടുക്കാന് കഴിയാത്ത വിധത്തില് മണ്ണില് പുതഞ്ഞ് പോകുകയോ തകര്ത്തെറിയപ്പെടുകയോ ചെയ്തു. വീണ്ടെടുക്കാനാവാത്ത വിധം മണ്ണിനടിയില് ആണ്ടുപോയ ജീവിതസമ്പാദ്യങ്ങളെക്കാള് അതിജീവിച്ചവരെ വേദനിപ്പിക്കുന്നത് ഇനിയൊരിക്കലും തിരിച്ചുകിട്ടാനാവാത്ത വിധം മണ്ണിനടിയില് പൂണ്ടുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്മ്മകളാവാം. ഇനിയൊരിക്കലും വീണ്ടെടുക്കാനാവാത്ത വിധം തകര്ന്നു പോയ മണ്ണില് നിന്നും കുടിയിറങ്ങേണ്ടി വന്ന ജനതയ്ക്ക് അതിജീവനത്തിന്റെ കൈത്താങ്ങ് ഒരുക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെ ബാധ്യതയാണ്.
റീബില്ഡ് വയനാട് എന്ന ദൗത്യത്തെ തികഞ്ഞ സാമൂഹ്യ ഉത്തരവാദിത്വത്തോടെ റിപ്പോര്ട്ടര് ടിവി ഏറ്റെടുക്കുകയാണ്. നേരത്തെ ദുരന്തത്തിലെ അതിജീവിതരെ പുനരധിവസിപ്പിക്കുന്നതിനായി ടൗണ്ഷിപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി മുഖ്യമന്ത്രിക്ക് മുമ്പില് റിപ്പോര്ട്ടര് ടി വി സമര്പ്പിച്ചിട്ടുണ്ട്. ദുരന്തമേഖലയിലെ ജനങ്ങളുടെ ജീവിതം വീണ്ടെടുക്കുന്നതിനായി റീബില്ഡ് വയനാട് എന്ന ലക്ഷ്യത്തോടെ റിപ്പോര്ട്ടര് ടി വി വീണ്ടെടുക്കാം വയനാടിനെ എന്ന ക്യാമ്പയിന് തുടക്കം കുറിക്കുകയാണ്.