'വാക്കുകള് വേദനിപ്പിച്ചിട്ടുണ്ടെങ്കില് ക്ഷമിക്കണം'; യൂട്യൂബിലെ വിവാദ പരാമര്ശത്തില് കൃഷ്ണകുമാര്

സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില് നടത്തുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ യൂട്യൂബ് ചാനലിലൂടെ പരിഹസിച്ചതില് ക്ഷമ ചോദിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര് ജി. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലില് വന്ന വ്ളോഗില് താന് പറഞ്ഞ വാക്കുകള് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില് ക്ഷമ ചോദിക്കുന്നുവെന്ന് കൃഷ്ണകുമാര് റിപ്പോര്ട്ടര് ചാനലിനോട് പറഞ്ഞു. 'ഖേദമുണ്ട്...വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.

'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. ഞാനവിടെ ഇരിക്കുമ്പോള് നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ,' എന്നാണ് വീട്ടിലെ ചില കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന് പിന്നാലെ കൃഷ്ണകുമാര് പൊട്ടിച്ചിരിച്ചുകൊണ്ട് പറയുന്നത്. സിന്ധു കൃഷ്ണകുമാറും സമാനമായി പ്രതികരണമാണ് വീഡിയോയില് നടത്തുന്നത്.

ഓഗസ്റ്റ് 19ന് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവന്നതിന് പിന്നാലെ പൊട്ടിപുറപ്പെട്ട സ്ത്രീ വിരുദ്ധ-പരിഹാസ ട്രോളുകളുടെ അതേ രൂപത്തിലാണ് കൃഷ്ണകുമാറിന്റെയും കമന്റെന്ന വിമര്ശനം ഉയര്ന്നിരുന്നു. റിപ്പോര്ട്ടിന്റെ ഗൗരവസ്വഭാവത്തെ തീര്ത്തും അവഗണിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സംസാരമെന്നും അഭിപ്രായങ്ങളുണ്ട്. വീഡിയോയിലെ ഈ ഭാഗം ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാണ്.

മകളുടെ വിവാഹത്തിന്റെ പശ്ചാത്തലത്തില് സ്ത്രീകള് സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇതേ വീഡിയോയില് കൃഷ്ണകുമാര് സംസാരിക്കുന്നുണ്ട്. ഇന്ത്യയില് നിരവധി സ്ത്രീ നേതാക്കളുണ്ടെന്നും അടുത്ത നൂറ്റാണ്ട് സ്ത്രീകളുടേതാകുമെന്നെല്ലാം പറഞ്ഞതിന് പിന്നാലെയാണ് കൃഷ്ണകുമാര് ഹേമ കമ്മിറ്റി റിപ്പോര്ട്ടിനെ പരിഹസിക്കുന്ന നിലയില് സംസാരിച്ചിരിക്കുന്നത്. പാട്രിയാര്ക്കല് സമൂഹത്തിന്റെ ഇരട്ടതാപ്പിന്റെ മികച്ച ഉദാഹരണമാണ് ഇതെന്ന നിലയിലുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ ചിലര് കുറിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടിനെ ചൂണ്ടിക്കാണിച്ച് രൂക്ഷമായ പരാമര്ശങ്ങളും കമന്റുകളായി വന്നിരുന്നു.

To advertise here,contact us