രഞ്ജിത്തിനെതിരെ പൊലീസില് പരാതി നല്കി ബംഗാളി നടി

റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

കൊച്ചി: ചലച്ചിത്ര അക്കാദമി മുന് ചെയര്മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പൊലീസില് പരാതി നല്കി ബംഗാളി നടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്ക്കാണ് പരാതി നല്കിയത്. ക്രിമിനല് നടപടി സ്വീകരിക്കണമെന്ന് പരാതിയില് ആവശ്യപ്പെട്ടു.

ഇ മെയിലിലൂടെയാണ് പരാതി നല്കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില് സ്പര്ശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില് വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില് അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല് റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന് ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില് പറയുന്നു.

രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില് അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും നടി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന് എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന് രഞ്ജിത്തുമായി കൊച്ചിയില് കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന് പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്ത്തകര്ക്കായി പാര്ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള് നിരവധി ആളുകള് ഉണ്ടായിരുന്നു. നിര്മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന് രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാന് കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില് തൊട്ടു, വളകള് പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തില് പ്രതികരിക്കാന് സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയില് നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല് മുറിയില് കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭര്ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള് പറയാന് പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആര്ക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകന് ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിര്ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്. അതിക്രമം നേരിട്ടവര് പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള് മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

To advertise here,contact us