ആ ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ല, ടാർഗറ്റ് ചെയ്തുള്ള ആരോപണം; പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ഫെഫ്കയ്ക്കെതിരെയും ഭാഗ്യലക്ഷ്മിക്കെതിരെയും ഗുരുതര ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് രംഗത്തെത്തിയിരുന്നു

കൊച്ചി: തനിക്കെതിരെ ആരോപണമുന്നയിച്ച ഹെയർ സ്റ്റൈലിസ്റ്റിനെ അറിയില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫെഫ്ക മീറ്റിംഗിന് എത്തിയ രണ്ടു സ്ത്രീകൾ തന്നെ വ്യക്തിവിരോധത്തോടെ തുറിച്ചു നോക്കിയിരുന്നുവെന്നും തന്നെ ടാർഗറ്റ് ചെയ്തുള്ള ആരോപണമാണിതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

ഫെഫ്കയ്ക്കെതിരെയും ഭാഗ്യലക്ഷ്മിക്കെതിരെയും ഗുരുതര ആരോപണവുമായി ഹെയർ സ്റ്റൈലിസ്റ്റ് രംഗത്തെത്തിയിരുന്നു. പരാതി പറയുന്നവരെ ഫെഫ്ക അനൗദ്യോഗികമായി വിലക്കുന്നുവെന്നും ഫെഫ്കയിൽ എത്തുമ്പോൾ ഭാഗ്യലക്ഷ്മി വേട്ടക്കാർക്ക് ഒപ്പം നിൽക്കുകയാണെന്നുമായിരുന്നു ഹെയർ സ്റ്റൈലിസ്റ്റ് റിപ്പോർട്ടറിനോട് പറഞ്ഞത്.

എന്നാൽ ആരോപണങ്ങളെല്ലാം ഭാഗ്യലക്ഷ്മി നിഷേധിച്ചു. ഇതിനുപിന്നിൽ ആരാണ് എന്ന് പറയുന്നില്ല. സംഘടനയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവർക്ക് പറയാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് മറ്റു ചിലരെ ആയുധമാക്കി ആരോപണം ഉന്നയിക്കുകയാണ്. പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. തനിക്ക് അങ്ങനെ പറയാനുള്ള അധികാരം എന്താണെന്നും അവർ ചോദിച്ചു. യോഗം മൂന്ന് ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. തെളിവ് പുറത്ത് കൊണ്ടുവന്നാൽ നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വളരെ ബോൾഡായിട്ടുള്ള ഒരു സ്ത്രീ എന്ന നിലയിലാണ് ഭാഗ്യലക്ഷ്മിയെ മനസിൽ കൊണ്ടുനടന്നിരുന്നതെന്നും പരാതികൊടുത്തിട്ടുള്ള ആളുകളെക്കുറിച്ച് അന്വേഷിക്കാൻ അവർ തയാറായില്ലെന്നും ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചിരുന്നു. അവർ പറഞ്ഞത് നിങ്ങൾ മലർന്നുകിടന്ന് തുപ്പുന്നു എന്നാണ്. അതായത് നിങ്ങളുടെ സഹപ്രവർത്തകരെത്തന്നെ നിങ്ങൾ മീഡിയയിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല എന്നാണ്. എന്തെങ്കിലും മോശം അനുഭവമുണ്ടായാൽ അപ്പോൾത്തന്നെ പ്രതികരിക്കണമെന്നും വർഷങ്ങൾ കഴിഞ്ഞല്ല വരേണ്ടത് എന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞതെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.

To advertise here,contact us