ഭരണകക്ഷി എംഎൽഎക്ക് സ്വയം രക്ഷയ്ക്ക് തോക്കുമായി നടക്കേണ്ട അവസ്ഥ: വി ടി ബൽറാം

ക്രമസമാധാനപാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

തിരുവനന്തപുരം: എ ഡി ജി പി എം ആർ അജിത്കുമാർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്ക് നേരേ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തെത്തിയതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഭരണപക്ഷ എംഎൽഎയ്ക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ സ്വയം തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ. ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണത്രേയെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സ്വർണ്ണ കടത്ത്, ഫോൺ ചോർത്തൽ, കൊലപാതകം തുടങ്ങി ഗുരുതര കുറ്റങ്ങൾ എ ഡി ജി പിക്ക് മേൽ ഉയർത്തിയ പി വി അൻവർ എസ് സുജിത്ദാസുമായുള്ള പുതിയ ഫോൺസംഭാഷണവും പുറത്തുവിട്ടു. താൻ മലപ്പുറം എസ്പിയായിരിക്കേ, ക്യാമ്പ് ഓഫീസിൽ നിന്ന് മരംമുറിച്ചെന്ന കേസിൽ നിന്ന് പിന്മാറാൻ സുജിത്ദാസ് പി വി അൻവറിനോട് യാചിക്കുന്ന ഫോൺ സംഭാഷണം അൻവർ നേരത്തേ പുറത്തുവിട്ടിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ അടക്കം ഫോൺ സംഭാഷണം എം ആർ അജിത്കുമാർ ചോർത്തിയെന്ന ഓഡിയോ സന്ദേശവും അദ്ദേഹം പുറത്ത് വിട്ടു. പൊലീസ് ഉദ്യോഗസ്ഥന്റേതാണ് പുറത്ത് വിട്ട ഓഡിയോ സന്ദേശമെന്ന് പി വി അൻവർ പ്രതികരിച്ചു. വെളിപ്പെടുത്തലിലും ആരോപണങ്ങൾക്കും പിന്നാലെ തന്റെ ജീവൻ അപകടത്തിലാണെന്നും പിവി അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചു.

അതേ സമയം പി വി അൻവറിന്റെ വെളിപ്പെടുത്തലിലും ആരോപണത്തിലും വെട്ടിലായിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. തുടർന്ന് പിവി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ പത്തനംതിട്ട എസ് പി സുജിത്ത് ദാസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഗുരുതര ചട്ടലംഘനമെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സുജിത് ദാസിനെ സസ്പെന്ഡ് ചെയ്യാന് ആഭ്യന്തര വകുപ്പ് ശുപാര്ശ ചെയ്തിരുന്നു. മലപ്പുറം മുന് എസ്പിയായ സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് റിപ്പോര്ട്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്ട്ട് റെയിഞ്ച് ഡിഐജി ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.സംഭവത്തിൽ മുഖ്യമന്ത്രി നേരിട്ട് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഫോണും ചോർത്തി?; എഡിജിപിക്കെതിരെ പിവി അൻവറിന്റെ ഗുരുതര ആരോപണം

To advertise here,contact us