ഇന്ത്യയുടെ പുരോഗമന, മതേതരത്വ പ്രതിച്ഛായയെ അക്രമസംഭവങ്ങള് തകര്ത്തു, ബിജെപി ഇന്ധനം നല്കി; ഖാര്ഗെ

മണിപ്പൂരിലെ തീ ഹരിയാനയിലെ നൂഹില് എത്തിക്കാന് ബിജെപി സര്ക്കാര് അനുവദിച്ചെന്നും ഖാര്ഗെ ആരോപിച്ചു.

ഹൈദരാബാദ്: ഇന്ത്യയുടെ പുരോഗമന, മതേതരത്വ പ്രതിച്ഛായയെ അക്രമസംഭവങ്ങള് തകര്ത്തുവെന്നും ബിജെപി അതിന് ഇന്ധനം പകര്ന്നെന്നും ആരോപിച്ച് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ. തെലങ്കാനയില് പുനഃസംഘടിപ്പിച്ച കോണ്ഗ്രസ് പ്രവര്ത്തക സമിതിയുടെ ആദ്യ യോഗത്തിലാണ് ഖാര്ഗെയുടെ പ്രതികരണം.

സമൂഹത്തിലെ അടിച്ചമര്ത്തപ്പെട്ട വിഭാഗങ്ങള്ക്ക് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്, ഭക്ഷ്യ സുരക്ഷ എന്നീ അവകാശങ്ങള് ഉറപ്പുവരുത്തുന്നതിന് വേണ്ടി അടിയന്തരമായി ജാതി സര്വേക്കൊപ്പം തന്നെ ജാതി സെന്സസും നടത്താന് കോണ്ഗ്രസ് ആവശ്യപ്പെടുകയാണെന്നും ഖാര്ഗെ പറഞ്ഞു. ഇന്ഡ്യ സഖ്യത്തിലെ 24 പാര്ട്ടികള് ഒരുമിച്ചു നില്ക്കുന്നത് പ്രാധാന്യമേറിയ അടിസ്ഥാന ആവശ്യങ്ങള്ക്ക് വേണ്ടിയാണെന്നും ഖാര്ഗെ പറഞ്ഞു.

പാര്ലമെന്റില് പ്രതിപക്ഷത്തെ അടിച്ചമര്ത്താനും പൊതുജനാഭിപ്രായം രേഖപ്പെടുത്തുന്നതിനെ ഇല്ലാതാക്കാനും കേന്ദ്രസര്ക്കാര് ശ്രമിക്കുന്നതിനെതിരെ ശക്തമായി തങ്ങള് പ്രതിഷേധിക്കുന്നു. പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനം ഭരണകക്ഷിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് സംശയമുളവാക്കുന്നതാണെന്നും ഖാര്ഗെ പറഞ്ഞു.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, മണിപ്പൂര് അക്രമം, തൊഴിലാളികളുടെയും കര്ഷകരുടെയും അവസ്ഥ മോശമാകല്, അസമത്വം വര്ധിക്കല് എന്നിവ തടയാന് നരേന്ദ്രമോദി സര്ക്കാര് പരാജയപ്പെട്ടു. മണിപ്പൂരില് തുടരുന്ന ദൗര്ഭാഗ്യകരമായ സംഭവങ്ങള്ക്ക് രാജ്യമാകെ സാക്ഷിയാണ്. മണിപ്പൂരിലെ തീ ഹരിയാനയിലെ നൂഹില് എത്തിക്കാന് ബിജെപി സര്ക്കാര് അനുവദിച്ചെന്നും ഖാര്ഗെ ആരോപിച്ചു.

ഈ സംഭവങ്ങളെല്ലാം രാജ്യത്തിന്റെ ആധുനിക, പുരോഗമന, മതേതരത്വ ഇന്ത്യയെന്ന പ്രതിച്ഛായ തകര്ത്തു. അത്തരമൊരു സാഹചര്യത്തില് ഭരണകക്ഷി, വര്ഗീയ സംഘടനകള്, ഒരു വിഭാഗം മാധ്യമങ്ങള് ചേര്ന്ന് 'തീ'യിലേക്ക് ഇന്ധനം പകരുകയാണെന്നും ഖാര്ഗെ കൂട്ടിച്ചേര്ത്തു.

To advertise here,contact us