National

'അണ്ണാമലെയുടെ പ്രസ്താവന വംശഹത്യക്ക് വരെ കാരണമായേക്കാം'; ബിജെപി അധ്യക്ഷന് കോടതിയുടെ രൂക്ഷവിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ക്രിസ്ത്യൻ വിഭാ​ഗങ്ങൾക്കെതിരെ നടത്തിയ വിദ്വേഷ പരമാർശത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വംശഹത്യക്ക് വരെ കാരണമായേക്കാവുന്ന പരാമർശമെന്നാണ് അണ്ണാമലൈയുടെ പ്രസ്താവനയെ കോടതി നിരീക്ഷിച്ചത്. തനിക്കെതിരെ നൽകിയ വിദ്വേഷ പരാമർശക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അണ്ണാമലൈ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഹർജി പരി​ഗണിക്കവെയാണ് അണ്ണാമലെയെ ജസ്റ്റിസ് എൻ ആനന്ദ് വെങ്കടേഷ് രൂക്ഷമായി വിമർശിച്ചത്. വിദ്വേഷ പരാമർശം നടത്തിയ ഉടൻ സംഘ‍ർഷം ഉണ്ടായോ എന്നല്ല, അണ്ണാമലൈയുടെ വാക്കുകൾ ആളുകളുടെ മാനസ്സിക നിലയെ സ്വാധീനിച്ചോ എന്നതും കണക്കിലെടുക്കണമെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്.

വി പിയൂഷ് എന്നയാളുടെ പരാതിയിലാണ് അണ്ണാമലൈക്കെതിരെ കേസെടുത്തിരിക്കുന്നത്. 2022 ഒക്ടോബർ 20 ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. ഹിന്ദു സംസ്കാരം തകർക്കാൻ, അന്താരാഷ്ട്ര ഫണ്ട് ലഭിക്കുന്ന ക്രിസ്ത്യൻ മിഷണറി എൻജിഒ പടക്കം പൊട്ടിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ കേസുകൊടുത്തിട്ടുണ്ടെന്നായിരുന്നു വീഡിയോയിൽ അണ്ണാമലൈ പറഞ്ഞത്.

44.25 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിലെ 6.5 മിനിറ്റ് മാത്രം ഭാഗമാണ് അണ്ണാമലൈ എക്സിലൂടെ ഷെയർ ചെയ്തത്. ഇത് ദീപാവലിക്ക് കൃത്യം രണ്ട് ദിവസം മുമ്പ് 2022 ഒക്ടോബർ 22 നാണ് ഷെയർ ചെയ്തതെന്നതും കോടതി നിരീക്ഷിച്ചു. ഹിന്ദു സംസ്കാരത്തിനെതിരെ ക്രിസ്ത്യൻ എൻജിഒ പ്രവർത്തിക്കുന്നുവെന്ന് വരുത്തി തീർക്കാനാണ് പ്രസ്താവനയിലൂടെ അണ്ണാമലൈ ശ്രമിച്ചതെന്നാണ് പ്രഥമ ദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. പ്രസ്താവന നടത്തിയ സമയമാണ് അതിന്റെ വ്യാപ്തി നിശ്ചയിക്കുന്നത്. ഐപിഎസ് ഓഫീസറായിരുന്ന അണ്ണാമലൈക്ക് നിയമം അറിയാമെന്ന് കരുതുന്നു. അറിയപ്പെടുന്ന നേതാവെന്ന നിലയിൽ തന്റെ വാക്കുകൾക്ക് ആളുകളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നും പ്രത്യേകിച്ച് ഹിന്ദുക്കൾക്കിടയിൽ സ്വാധീനം ചെലുത്തുമെന്നും അണ്ണാമലൈക്ക് അറിയാവുന്നതാണെന്നും കോടതി പറഞ്ഞു.

ഒരു പ്രത്യേക മതവിഭാഗത്തെയാണ് പ്രസ്താവന ലക്ഷ്യം വെക്കുന്നത്. അതും ന്യൂനപക്ഷ വിഭാഗം ഭൂരിപക്ഷവിഭാഗത്തിന്റെ സംസ്കാരം നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പറഞ്ഞത്. പ്രത്യേക മത വിഭാഗത്തിൽ വിദ്വേഷണം ഉണ്ടാക്കാൻ വേണ്ടി നടത്തിയ പ്രസ്താവനയാണ് ഇതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

തന്റെ കക്ഷി വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്നും പരാമർശം സമൂഹത്തിൽ വിദ്വേഷമുണ്ടാക്കുകയോ സമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അണ്ണാമലൈയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ വിദ്വേഷ പ്രസംഗം നടത്തിയ ഉടൻ അക്രമം ഉണ്ടായോ എന്നല്ല, ദൂരവ്യാപക പ്രത്യാഘാതമുണ്ടാകാവുന്ന തരത്തിൽ ആളുകളിൽ സ്വാധീനം ചെലുത്താൻ ഇത്തരം പ്രസ്താവനകൾക്ക് കഴിയുമെന്നായിരുന്നു കോടതിയുടെ മറുപടി. സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് ഇത്തരം പ്രസ്താവനകൾ ഏത് നിമിഷവും പൊട്ടിത്തെറിയുണ്ടാകാവുന്ന ബോംബാണെന്നും ഇതിന്റെ ഏറ്റവും അങ്ങേയറ്റം വംശഹത്യവരെയുണ്ടാകാമെന്നും ജസ്റ്റിസ് വെങ്കടേഷ് പറഞ്ഞു. ഒരു പ്രസ്താവനയുണ്ടാക്കുന്ന ശാരീരികമല്ലാത്ത ആഘാതവും ഐപിസി സെക്ഷൻ 153എ (ആളുകൾക്കിടയിൽ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമം)യുടെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT