National

അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള താങ്ങുവില ഉറപ്പ്; രാഹുൽ ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്ന കർഷകരുടെ പ്രതിഷേധം പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ശക്തമാകവെ അധികാരത്തിലെത്തിയാൽ സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് നൽകി രാഹുൽ ഗാന്ധി. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഉറപ്പ്.

'കർഷക സഹോദരങ്ങളെ, ഇന്ന് ഒരു ചരിത്ര ദിനമാണ്! സ്വാമിനാഥൻ കമ്മീഷൻ പ്രകാരം എല്ലാ കർഷകർക്കും വിളകൾക്ക് നിയമപരമായ എം എസ് പി ഗ്യാരണ്ടി നൽകാൻ കോൺഗ്രസ് തീരുമാനിച്ചു. ഈ നടപടി 15 കോടി കർഷക കുടുംബങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കി അവരുടെ ജീവിതത്തെ മാറ്റിമറിക്കും. നീതിയുടെ പാതയിൽ കോൺഗ്രസിൻ്റെ ആദ്യ ഉറപ്പാണിത്'; രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

എം എസ് സ്വാമിനാഥന് ഭാരതരത്നം പ്രഖ്യാപിച്ച ബിജെപി സർക്കാർ സ്വാമിനാഥൻ പറഞ്ഞതൊന്നും നടപ്പിലാക്കാൻ ശ്രമിക്കുന്നില്ലെന്ന് ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്. അവരെ തടയുന്നു, കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നു. എന്താണ് അവർ പറയുന്നത്? അവരുടെ അധ്വാനത്തിൻ്റെ ഫലം മാത്രമാണ് അവർ ചോദിക്കുന്നതെന്നും ബിജെപി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.

എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയുടെ നിയമപരമായ ഗ്യാരണ്ടി ആവശ്യപ്പെട്ടാണ് കർഷകർ സമരം ശക്തമാക്കിയിരിക്കുന്നത്. എല്ലാ വിളകൾക്കും എംഎസ്പി ഉറപ്പുനൽകുന്ന നിയമം വേണമെന്നാണ് പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യം. എം എസ് പിക്ക് കീഴിൽ വരുന്ന പ്രധാനവിളകളായ ഗോതമ്പിൻ്റെയും അരിയുടെയും ഉൾപ്പെടുന്ന വിളകളുടെ ഭൂരിഭാഗവും സംഭരിക്കുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ പ്രധാനമായും സമരമുഖത്തുള്ളത്. ഭാരിച്ച ശരാശരി ഉൽപ്പാദനച്ചെലവിൻ്റെ 50 ശതമാനമെങ്കിലും എംഎസ്പി വർധിപ്പിക്കുക എന്നതായിരുന്നു സർക്കാർ നിയോഗിച്ച കമ്മീഷൻ്റെ ശുപാർശ.

ഡൽഹിയിലേക്ക് മാർച്ച് ചെയ്ത കർഷകരുടെ മാർച്ച് നേരത്തെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടർന്ന് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ശംഭുവിൽ കർഷകർ പാലത്തിൻ്റെ ബാരിക്കേഡുകൾ തകർക്കുകയും പൊലീസ് ബാരിക്കേഡ് പാലത്തിൽ നിന്നും വലിച്ചെറിയുകയും ചെയ്തു. ശംഭുവിന് പുറമെ ജിന്തിലും സംഘർഷമുണ്ടായി. പഞ്ചാബ്-ഹരിയാന അതിർത്തിയായ ജിന്തിൽ കർഷകരും ഹരിയാന പൊലീസും തമ്മിൽ ഏറ്റുമുട്ടി.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT