National

'400 കിട്ടുമെങ്കില്‍ പിന്നെന്തിനാണ് കെജ്‍രിവാളിനെ പേടി'; പ്രതിപക്ഷ ശക്തിപ്രകടനമായി ഇൻഡ്യ മഹാറാലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: അരവിന്ദ് കെജ്‍രിവാളിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണി നടത്തിയ ലോക്തന്ത്ര ബചാവോ മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനമായി മാറി. ഡൽഹി രാം ലീല മൈതാനത്ത് നടന്ന പരിപാടിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേ, നേതാക്കളായ രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. അരവിന്ദ് കെജ്‍രിവാളിന്റെ ഭാര്യ സുനിത, ജാർ‌ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ തുടങ്ങിയവരും റാലിയുടെ ഭാ​ഗമായി. ഹേമന്ത് സോറനെയും കെജ്‍രിവാളിനെയും മോചിപ്പിക്കണമെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് തടയണമെന്നും ഇൻഡ്യ മുന്നണി റാലിയിൽ ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‍രിവാൾ ജയിലിൽ നിന്നയച്ച സന്ദേശം സുനിത വായിച്ചു. മോദി കെജ്‍രിവാളിനോട് ചെയ്തത് ശരിയാണെന്ന് കരുതുന്നോ എന്ന് അവർ സദസിനോട് ചോദിച്ചു. 'ഞാൻ നിങ്ങളോട് ചോദിക്കാൻ ആ​ഗ്രഹിക്കുകയാണ്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ഭർത്താവിനെ ജയിലിലടച്ചിരിക്കുകയാണ്, പ്രധാനമന്ത്രി ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? കെജ്‍രിവാൾ യഥാർത്ഥ ദേശസ്നേഹിയാണെന്നും സത്യസന്ധനാണെന്നും നിങ്ങൾ കരുതുന്നില്ലേ? നിങ്ങളുടെ കെജ്‍രിവാൾ ഒരു സിംഹമാണ്'. സുനിത കെജ്‍രിവാൾ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ നേടാൻ മാച്ച് ഫിക്സിങ്ങിലൂടെ മാത്രമേ ബിജെപിക്ക് സാധിക്കൂ എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. 400 കടക്കാൻ മോദി അമ്പയർമാരെ തിരഞ്ഞെടുത്തുകഴിഞ്ഞു എന്നും രാഹുൽ വിമർശിച്ചു. 'ഈ ഒത്തുകളി തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും ഭരണഘടന മാറ്റം വരുത്തുകയും ചെയ്താൽ രാജ്യം കത്തും, ഓർമ്മിച്ചോളൂ'- രാഹുൽ പറഞ്ഞു.

400 സീറ്റുകൾ നേടാനാകുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിനാണ് ബിജെപി കെ്ജ‍രിവാളിനെ പേടിക്കുന്നതെന്നാണ് അഖിലേഷ് യാദവ് ചോദിച്ചത്. 400 കടക്കുമെന്ന് പറയുന്നവർ പ്രതിപക്ഷ നേതാക്കളെ ഭയക്കുന്നു, നേതാക്കളെ ജയിലിൽ ഇടുന്നു. ലോകത്തെ ഏറ്റവും വലിയ നുണയന്മാരാണ് ബിജെപി. ഇന്ത്യയിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടാൻ പോകുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാനാണ് ഈ ഒത്തൊരുമയെന്ന് റാലിയിൽ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ല. 3567 കോടി പിഴ കോൺഗ്രസിന് ചുമത്തി. കോൺഗ്രസിൻ്റെ പണം കൊള്ളയടിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും ഖാർ​ഗേ പറഞ്ഞു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT