National

ഇന്‍ഡ്യ നേരിട്ട പരാജയത്തില്‍ രാഹുലിന് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു; ഓഹരി കുംഭകോണ ആരോപണം തള്ളി ബിജെപി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഓഹരി കുംഭകോണ ആരോപണം തള്ളി ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ സഖ്യത്തിനേറ്റ പരാജയത്തില്‍ ആത്മ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് രാഹുല്‍ ബിജെപിക്കെതിരെ രംഗത്തെത്തിയതെന്ന് ബിജെപി നേതാവ് പിയുഷ് ഗോയല്‍ പറഞ്ഞു.

'ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാക്കാന്‍ പ്രധാനമന്ത്രി മോദി പ്രവര്‍ത്തിക്കുമ്പോള്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ഗൂഢാലോചന നടത്തുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ വിപണി മൂലധനം 67 ലക്ഷം കോടിയായിരുന്നെങ്കില്‍ ഇന്നത് 415 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതിലൂടെ ആഭ്യന്തര ചില്ലറ നിക്ഷേപകര്‍ക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്.' പിയൂഷ് ഗോയല്‍ പ്രതികരിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രതികൂട്ടിലാക്കുന്ന രാഹുലിന്റെ ആരോപണത്തില്‍ ബിജെപിയില്‍ നിന്നുള്ള ആദ്യ പ്രതികരണമാണ് പിയൂഷ് ഗോയലിന്റേത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ജൂലൈ 4 ന് നടന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഇക്കാര്യത്തില്‍ പാര്‍ലമെന്ററി സംയുക്ത സമിതി അന്വേഷണം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാം ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഓഹരി വിപണി ഇടിവിനെക്കുറിച്ച് നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും അറിവുണ്ടായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിട്ട ഫലമായിരുന്നു ജൂണ്‍ നാലിന് പുറത്തുവന്നത്. അന്നേ ദിവസം നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടിയുടെ നഷ്ടമാണ് സംഭവിച്ചത്.

ഓഹരിവിപണി കുതിച്ചുയരുമെന്ന് പ്രധാനമന്ത്രി രണ്ടോ മൂന്നോ തവണ രാജ്യത്തോട് പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുത്തനെ ഉയരുമെന്ന് അമിത്ഷായും പറഞ്ഞു. ഇതേകാര്യം നിര്‍മ്മല സീതാരാമനും പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ബിജെപിക്ക് ധാരണയുണ്ടായിരുന്നു. അങ്ങനെയെരിക്കെ എക്‌സിറ്റ് പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയില്‍ മികച്ച നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.

സര്‍ക്കാരിന് 200-220 സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു ഇന്റല്‍ ഏജന്‍സീകള്‍ പറഞ്ഞത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് ശേഷം ഓഹരി വിപണി കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരും എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലെ ബന്ധം അന്വേഷിക്കണം. ഇത് അദാനിയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ല. എക്‌സിറ്റ് പോളിന് തലേദിവസത്തെ സംശയാസ്പദമായ വിദേശ നിക്ഷേപങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഓഹരി വിപണിയില്‍ വലിയ നിക്ഷേപം നടത്താന്‍ അഞ്ച് കോടി കുടുംബങ്ങളോട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയും ആവശ്യപ്പെടുകയാണ്. നിക്ഷേപ നിര്‍ദേശങ്ങള്‍ കൊടുക്കലാണോ അവരുടെ ജോലിയെന്ന് രാഹുല്‍ പരിഹസിച്ചു. ഒരേ ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് അഭിമുഖം അനുവദിച്ചുവെന്നത് പരിശോധിക്കണം. മൂന്നാമതായി ബിജെപിയും വ്യാജ എക്‌സിറ്റ് പോള്‍ നിര്‍മ്മാതാക്കളും വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT