ഡല്ഹി: രാജ്യത്തെ ഗ്രാമപ്രദേശങ്ങളില് സൈക്കിള് ഉപയോഗിച്ച് സ്കൂളിലേക്ക് പോകുന്ന പെണ്കുട്ടികളുടെ എണ്ണത്തില് വന് വര്ധന. സൈക്കിള് വിതരണ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില് സൈക്കിള് ഉപയോഗിക്കുന്ന വിദ്യാര്ത്ഥിനികളുടെ എണ്ണം വര്ധിച്ചിട്ടുണ്ടെന്ന് റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. 2007 മുതല് 2017 വരെയുള്ള പത്ത് വര്ഷത്തെ കണക്കുകളാണ് റിപ്പോര്ട്ടില് ഉള്പ്പെട്ടിട്ടുള്ളത്.
ഐഐടി ഡല്ഹിയിലെയും നാര്സീ മോഞ്ചീ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും ഗവേഷകര് നടത്തിയ പഠനത്തില് സൈക്കിള് ഉപയോഗിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ പെണ്കുട്ടികളുടെ എണ്ണം വര്ധിച്ചത് നിശബ്ദ വിപ്ലവമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ട്രാന്സ്പോര്ട്ട് ജിയോഗ്രഫി എന്ന ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
'ഹാഥ്റസ്','ഉന്നാവോ' കേസിലെ അന്വേഷണ ഉദ്യോഗസ്ഥർ ബംഗാളിലേക്ക്; അന്വേഷണം കടുപ്പിക്കാൻ സിബിഐ
രാജ്യത്ത് 2007ല് 6.6 ശതമാനം കുട്ടികളാണ് സൈക്കിളില് സഞ്ചരിച്ചതെങ്കില് 2017ല് അത് 11.22 ശതമാനമായി വര്ധിച്ചു. ഇക്കാലയളവില് സൈക്കിളില് സ്കൂളില് പോകുന്ന പെണ്കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വര്ധനയാണുണ്ടായത്. 2007ല് 4.5 ശതമാനം പെണ്കുട്ടികളാണ് സൈക്കിള് ഉപയോഗിച്ചതെങ്കില് 2017ല് അത് 11 ശതമാനമായി വര്ധിച്ചു. 2007-08, 2014, 2017-18 എന്നീ വര്ഷങ്ങളില് വിദ്യാഭ്യാസത്തിലെ സാമൂഹികമായ ഇടപെടലിനെക്കുറിച്ചുള്ള ദേശീയ സാമ്പിള് സര്വേയിലെ വിവരങ്ങളെ മുന്നിര്ത്തിയാണ് ഗവേഷകരായ സൃഷ്ടി അഗര്വാള്, രാഹുല് ഗോയല്, അദിത് സേത് എന്നിവര് പഠനം നടത്തിയിരിക്കുന്നത്.
'പെണ്കുട്ടികള്ക്കിടയില് ഏറ്റവും കൂടുതല് അനിശ്ചിതത്വം നിലനില്ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് വിപ്ലവകരമായ മാറ്റമാണ്. പുരുഷന്മാരെ സംബന്ധിച്ച് സ്ത്രീകള് യാത്രകള് ചെയ്യുന്നത് കുറവാണ്,' സൃഷ്ടി അഗര്വാള് പറയുന്നു. പഠനക്കാലയളവില് അഞ്ച് വയസുമുതല് 17 വയസുവരെയുള്ള പെണ്കുട്ടികളില് സൈക്കിള് ഉപയോഗിക്കുന്നവരുടെ എണ്ണം രണ്ട് മടങ്ങായിട്ടുണ്ടെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. എന്നാല് നഗരപ്രദേശങ്ങളില് ഈ രീതിയിലുള്ള മാറ്റം കാണാന് സാധിക്കുന്നില്ല. നഗര പ്രദേശങ്ങളിലെ പെണ്കുട്ടികളില് സൈക്കിള് ഉപയോഗിക്കുന്നവരുടെ എണ്ണം 2007ല് 7.8 ശതമാനമായിരുന്നെങ്കില് 2017ല് അത് 8.3ശതമാനമായി മാത്രമേ വര്ധിച്ചുള്ളു.
മങ്കിപോക്സ് ഇന്ത്യയിലും മുൻകരുതൽ; വിമാനത്താവളങ്ങളിലടക്കം ജാഗ്രതാ നിര്ദേശവുമായി ആരോഗ്യ മന്ത്രാലയം
ഗ്രാമങ്ങളിലെ സൈക്കിള് വിതരണ പദ്ധതികള് വലിയ രീതിയിലുള്ള മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു. രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് സൈക്കിള് നല്കുകയോ ഒരു സൈക്കിള് വാങ്ങാനുള്ള പണം നല്കുകയോ ചെയ്യുന്ന സൈക്കിള് വിതരണ പദ്ധതി ആരംഭിച്ചത്. 2007 മുതല് 2017 വരെയുള്ള വര്ഷങ്ങളില് പെണ്കുട്ടികളിലെ സൈക്കിൾ സവാരി വര്ധിച്ച ആദ്യ പത്ത് സംസ്ഥാനങ്ങളും പദ്ധതിയില് ഉള്പ്പെട്ടവയായിരുന്നു. 14 മുതല് 17 വരെ വയസുള്ള സ്കൂളില് പോകുന്ന കുട്ടികള്ക്കാണ് സംസ്ഥാനങ്ങള് സൈക്കിള് വിതരണം ചെയ്തത്.
2015ല് തന്നെ പദ്ധതി ആരംഭിച്ച പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല് പേര് സൈക്കിള് ഉപയോഗിക്കുന്നത്. 2014ല് ബംഗാളില് 15.4 ശതമാനം പേരായിരുന്നു സൈക്കിള് ഉപയോഗിച്ചതെങ്കില് 2017ല് 27.6 ശതമാനത്തോളം അത് ഉയര്ന്നു. മൂന്ന് വര്ഷത്തിനിടെ 12 ശതമാനം വര്ധനയാണുണ്ടായത്. ഏറ്റവും വലിയ മാറ്റമുണ്ടായത് ബിഹാറിലെ ഗ്രാമപ്രദേശങ്ങളിലാണ്. ബിഹാറില് എട്ട് മടങ്ങായാണ് വര്ധിച്ചത്. അസം, ഛത്തീസ്ഗഡ്, ജാര്ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, തമിഴ്നാട്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളില് ഒരു പതിറ്റാണ്ടിനിടെ സൈക്കിള് ഉപയോഗിക്കുന്ന പെണ്കുട്ടികളുടെ എണ്ണം രണ്ട് മടങ്ങായി വര്ധിച്ചു.