കൊൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്നുള്ള പ്രതിഷേധത്തിൽ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഭാര്യ ഡോണയ്ക്കൊപ്പമാകും ഗാംഗുലി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തുകയെന്നാണ് റിപ്പോർട്ട്. നേരത്തെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹമാധ്യമമായ എക്സിലെ പ്രൊഫൈൽ പിക്ചർ സൗരവ് ഗാംഗുലി കറുത്ത നിറത്തിലാക്കിയിരുന്നു. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
കൊൽക്കത്ത കൊലപാതകത്തെ ഒറ്റത്തവണ സംഭവിക്കുന്നതെന്ന നിലയിൽ ഗാംഗുലി നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. വിമർശനം ശക്തമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
LIVE BLOG: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കുട്ടി താംബരം എക്സ്പ്രസില്
'എൻ്റെ വാക്കുകൾ എങ്ങനെയാണ് വിലയിരുത്തപ്പെട്ടത് എന്നറിയില്ല. മുമ്പ് പറഞ്ഞത് പോലെ സംഭവിച്ചത് അതിക്രൂരമായ കൊലപാതകമാണ്. ഇപ്പോൾ വിഷയം സിബിഐ അന്വേഷിച്ചുവരികയാണ്. സംഭവിച്ച കുറ്റകൃത്യം ലജ്ജാകരമാണ്', മുൻ ബിസിസിഐ അധ്യക്ഷൻ കൂടിയായ ഗാംഗുലി പറഞ്ഞു. പ്രതിയെ കണ്ടെത്തിയാൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കത്തക്ക വിധം ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പെട്ട സംഭവത്തിൽ രാജ്യത്തെയോ പശ്ചിമബംഗാളിനെയോ കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു ഗാംഗുലിയുടെ പരാമർശം. ബിശ്വ ബംഗ്ല കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വിദ്യാർത്ഥികൾക്ക് മദ്യം, മാഫിയയിൽ കുറഞ്ഞ വിശേഷണമില്ല: ഡോ. സന്ദീപ് ഘോഷിനെതിരെ മുൻ ജീവനക്കാരൻ
'ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാം വിലയിരുത്തപ്പെടേണ്ടതില്ലെന്നാണ് എൻ്റെ നിഗമനം. ഇത്തരം സംഭവങ്ങൾ കൊണ്ട് ആരും സുരക്ഷിതരല്ലെന്ന് ചിന്തിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ ലോകമാകെ നടക്കുന്നുണ്ട്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന് വിചാരിക്കുന്നത് ശരിയല്ല. പശ്ചിമബംഗാളിൽ മാത്രമല്ല രാജ്യത്തുടനീളം സ്ത്രീകൾ സുരക്ഷിതരാണ്. നമ്മൾ ജീവിക്കുന്ന സ്ഥലം ഏറ്റവും മികച്ചതാണ്. ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തി വിലയിരുത്തരുത്' എന്നാണ് ഗാംഗുലി പറഞ്ഞത്.
അതേസമയം യുവ ഡോകടറുടെ കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയ കേസെടുത്തിരുന്നു. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടർമാരുടെ സുരക്ഷക്കായി ടാസ്ക് ഫോഴ്സും കോടതി രൂപീകരിച്ചു. കേസിൻ്റെ തൽസ്ഥിതി റിപ്പോർട്ട് നാളെ സമർപ്പിക്കാനും സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കൊൽക്കത്ത പൊലീസിനെയും ബംഗാൾ സർക്കാരിനേയും രൂക്ഷമായി വിമർശിച്ച കോടതി പൊലീസ് എന്തുചെയ്യുകയായിരുന്നുവെന്നും ചോദിച്ചു. കൊലപാതകം നടന്ന ആശുപത്രിയിൽ അക്രമികൾ അഴിഞ്ഞാടുമ്പോൾ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയായിരുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.
'ദാദ' വസ്ത്രമഴിച്ചു, ശരിയായല്ല തൊട്ടത്; കുട്ടിയുടെ വാക്കുകളിൽ പുറംലോകമറിഞ്ഞത് ഞെട്ടിക്കുന്ന പീഡനം
ഓഗസ്റ്റ് ഒമ്പതിനായിരുന്നു ആർജി കർ ആശുപത്രിയിലെ സെമിനാർ ഹാളിൽ നിന്നും യുവ ഡോക്ടറുടെ അർധനഗ്നമായ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മാർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 13ന് കേസ് കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറി. കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജ് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.