പരാതി നൽകാനെത്തിയ യുവാവിനോട് നിങ്ങളുടെ നേതാവല്ലെന്ന് ബിജെപി എംപി; മർദിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

പൗരന്മാർക്ക് അവരുടെ പരാതികൾ പറയാവുന്ന ഒരു പൊതു സമ്പർക്ക പരിപാടിക്കിടെയായിരുന്നു സംഭവം

പട്ന: ശനിയാഴ്ച ബിഹാറിലെ ബെഗുസരായ് ജില്ലയിൽ നടന്ന ജനതാ ദർബാറിനിടെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങിനെ മുഖത്തടിക്കാൻ ശ്രമിച്ച് യുവാവ്. പൗരന്മാർക്ക് അവരുടെ പരാതികൾ പറയാവുന്ന ഒരു പൊതു സമ്പർക്ക പരിപാടിക്കിടെ പരാതി ബോധിപ്പിക്കാനെത്തിയ യുവാവിനെ ഞാൻ നിങ്ങളുടെ എംപിയല്ല എന്ന് പറഞ്ഞ് അകറ്റിയതാണ് പ്രകോപനത്തിന് പിന്നിൽ. മുഹമ്മദ് സഹജദു സമാൻ (സൈക്കി) എന്ന യുവാവാണ് മന്ത്രിയുടെ മുഖത്തടിക്കാൻ ശ്രമിച്ചത്.

ദർബാർ അവസാനിപ്പിച്ച് വേദിയിൽ നിന്നും ഗിരിരാജ് സിങ് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ സൈക്കിയുൾപ്പെടെയുള്ള ചിലർ പരാതി നൽകാൻ മന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ അവരെ നോക്കി ഞാൻ നിങ്ങളുടെ എംപിയല്ല എന്നായിരുന്നു മന്ത്രിയുടെ ആക്രോഷം. പ്രകോപിതരായ സംഘം മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയും പിന്നാലെ സൈക്കി അക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യുവാവിനെ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.

യുവാവ് പരിപാടിയിലേക്ക് കടന്നുവരികയും മൈക്ക് ബലമായി പിടിച്ചുവാങ്ങിയ ശേഷം തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഗിരിരാജ് സിങ്ങിന്റെ ആരോപണം. അക്രമിയുടെ വസ്ത്രധാരണവും താടിയും കാരണം തീർച്ചയായും തേജസ്വി യാദവും അഖിലേഷ് യാദവും അക്രമിയെ ആയിരിക്കും പിന്തുണക്കുകയെന്നും തനിക്ക് ആരെയും ഭയമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം അസമിൽ മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനുള്ള ഇടവേള നിർത്തലാക്കിയ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗിരിരാജ് സിങ് പറഞ്ഞു. ഈ നടപടി സ്വീകരിച്ചതിന് അസമിലെ നിയമസഭാ സ്പീക്കർക്കും സംസ്ഥാന സർക്കാരിനും ഞാൻ നന്ദി പറയുന്നു. നിയമത്തിൽ ഏകീകൃതത ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരു മത സമൂഹത്തിനും മുൻഗണന നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

12 മണി മുതൽ 2 മണി വരെയായിരുന്നു ഇടവേള. എന്നാൽ ഈ ഇടവേള അസമിൽ ഇനി ഉണ്ടായേക്കില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽക്കെ അസം നിയമസഭയിൽ മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച നമസ്കാരത്തിന് സമയം അനുവദിച്ചിരുന്നുവെന്നും ബിജെപി എംഎൽഎ ബിശ്വജിത് ഫുകാൻ പറഞ്ഞു.

നിയമസഭ പ്രവർത്തനസമയത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 9.30 മുതലായിരുന്നു അസം നിയമസഭ പ്രവർത്തനം ആരംഭിച്ചിരുന്നത്. വെള്ളിയാഴ്ചകളിൽ ഇത് 9 മണിയാകും. എന്നാൽ ഇടവേള പിൻവലിച്ചതിനാൽ നിയമസഭയുടെ പ്രവർത്തനം വെള്ളിയാഴ്ചകളിലും 9.30 മുതൽ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുമാനം ചരിത്രപ്രധാനമാണെന്നായിരുന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രതികരണം. ഇടവേള ഇല്ലാതാക്കിയതോടെ നിയമസഭ കൂടുതൽ കാര്യക്ഷമമായി ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമത്തിനെതിരെ വിമർശനവുമായി തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. മുസ്ലിം വിഭാഗത്തെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥരാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനപ്രീതിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തരംതാഴ്ന്ന ശ്രമങ്ങൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,contact us