ശിവജി പ്രതിമ തകർന്നതിൽ പ്രതിഷേധം ശക്തം; മോദിയുടെ അഹങ്കാരത്തിനേറ്റ അടിയെന്ന് ഉദ്ധവ് താക്കറെ

പ്രത്യക്ഷ സമരപരിപാടികളുമായി മഹാ വികാസ് അഘാഡി രംഗത്തെത്തിയിരിക്കുകയാണ്

മുംബൈ: മഹാരാഷ്ട്രയിലെ കൂറ്റൻ ശിവജി പ്രതിമ തകർന്നതിൽ പ്രതിഷേധം ശക്തം. പ്രത്യക്ഷ സമരപരിപാടികളുമായി മഹാ വികാസ് അഘാഡി രംഗത്തെത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അഹങ്കാരത്തിനേറ്റ അടിയെന്നാണ് ഉദ്ധവ് താക്കറെ നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. മോദിയുടെ മാപ്പപേക്ഷയെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ശിവജിയെ അവഹേളിച്ചവരെ പരാജയപ്പെടുത്താൻ ഒന്നിച്ചു നിൽക്കുമെന്ന് മഹാവികാസ് അഘാഡി വ്യക്തമാക്കി. ഏതാനും ദിവസം മുൻപാണ് സിന്ധുദുർഗിൽ ശിവജി പ്രതിമ തകർന്നത്. എട്ട് മാസം മുൻപ് മാത്രം അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകർന്നത്. ഇതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിപക്ഷ പാർട്ടികൾ ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൊലീസ് അനുമതി ലഭിച്ചില്ലെങ്കിലും പ്രവർത്തകർ പ്രതിഷേധമാർച്ച് തുടരുകയാണ്. പ്രധാനമന്ത്രി തെറ്റ് സമ്മതിച്ച സ്ഥിതിക്ക് മഹാരാഷ്ട്ര സർക്കാർ രാജിവെക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഛത്രപതി ശിവജിയെ അപമാനിച്ചവർക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നതാണ് മറാഠ ക്വോട്ട ആക്ടിവിസ്റ്റ് മനോജ് ജരംഗെയുടെ ആവശ്യം.

എന്നാൽ മഹാ വികാസ് അഘാഡിയുടെ പ്രതിഷേധങ്ങൾക്കെതിരെ പ്രതിഷേധിക്കുകയാണ് ബിജെപി. ശിവജി പ്രതിമ തകർന്ന വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ സംസ്ഥാന വ്യാപക പ്രതിഷേധം.

സംസ്ഥാനത്തെ സ്ഥിതി വഷളാകുന്ന സാഹചര്യത്തിൽ ശിവജി പ്രതിമ തകർന്നതിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ശിവജിയെ ആദരിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇവിടെ എത്തിയ ഉടൻ, ആദ്യം പ്രതിമ തകർന്നതിൽ ഞാൻ ശിവജിയോട് മാപ്പ് പറഞ്ഞു. പ്രതിമ തകർന്നതിൽ വേദനിച്ച എല്ലാവരോടും ഞാൻ മാപ്പ് പറയുന്നു'; മഹാരാഷ്ട്രയിലെ പാൽഗറിലെത്തിയ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. മറാഠ വികാരത്തിന് മുറിവേറ്റതിൽ തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്നും മോദി പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ നാലിന് സിന്ധുദുർഗിൽ നാവികസേനാ ദിനാചരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. സ്ക്രൂകളും ബോൾട്ടും തുരുമ്പെടുത്തതാണ് കൂറ്റൻ പ്രതിമ നിലംപതിക്കാൻ കാരണമായതെന്ന നിരീക്ഷണത്തിലാണ് പിഡബ്ല്യുഡി.

പ്രതിമ തകർന്നതിൽ സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിമ തകർന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിമ തകർന്നതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ശിവജി പ്രതിമയുടെ നിർമ്മാണ ടെൻഡറിൽ അഴിമതിയുണ്ടെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു. സർക്കാരാണ് പ്രതിമയുടെ തകർച്ചയ്ക്ക് പിന്നിലെന്നാണ് എൻസിപി നേതാവ് ജയന്ത് പാട്ടീലിന്റെ പ്രതികരണം.

To advertise here,contact us