News

'നല്ല തിരക്കഥകൾ തിരഞ്ഞെടുക്കാനായില്ല'; അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കണ്ണീരണിഞ്ഞ് സണ്ണി ഡിയോൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

2001ലെ ബ്ലോക്ബസ്റ്റർ ചിത്രം 'ഗദ്ദർ: ഏക് പ്രേം കഥ'യ്ക്ക് ശേഷം കരിയറിൽ തുടർച്ചയായ പരാജയങ്ങളാണ് നടൻ സണ്ണി ഡിയോൾ നേരിട്ടത്. 2023ൽ 'ഗദ്ദർ 2'ലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ താരം ഗോവൻ ചലച്ചിത്രമേളയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഹിന്ദി സിനിമയിലെ തന്റെ യാത്രയെക്കുറിച്ച് കണ്ണീരണിഞ്ഞാണ് സണ്ണി ഡിയോൾ സംസാരിച്ചത്.

മുതിർന്ന നടൻ ധർമേന്ദ്രയുടെ മകനായ സണ്ണി ഡിയോൾ 1983ൽ 'ബേതാബ്' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നാല് പതിറ്റാണ്ട് നീണ്ട കരിയറിൽ റവെയിൽ, രാജ് കുമാർ സന്തോഷി, അനിൽ ശർമ്മ തുടങ്ങിയ സംവിധായകരുമായി സഹകരിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സണ്ണി ഡിയോൾ പറഞ്ഞു.

'ഞാൻ വളരെ ഭാഗ്യവാനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമകളെക്കുറിച്ച് ചില ചിന്തകൾ ഉണ്ടായിരുന്നു. ഞാൻ ആഗ്രഹിച്ച രീതിയിൽ സിനിമ ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എന്റെ അച്ഛൻ, അമിതാഭ് ബച്ചൻ, വിനോദ് മേഹ്ര, മിഥുൻ ചക്രബർത്തി എന്നിവർ ചെയ്തിരുന്ന സിനിമകൾ വളരെ വ്യത്യസ്തമായിരുന്നു. അത്തരം സിനിമകൾ പിന്നീട് എനിക്കും ലഭിച്ചു.'

ഒരു താരമാകാൻ ആഗ്രഹിച്ചില്ലെന്നും അഭിനേതാവുക മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അച്ഛന്റെ സിനിമകൾ കണ്ട് വളർന്ന തനിക്ക് അദ്ദേഹത്തിന് കരിയറിൽ ലഭിച്ചത് പോലെ വ്യത്യസ്തമായ സിനിമകൾ ചെയ്യാനായിരുന്നു ആഗ്രഹമെന്നും സണ്ണി ഡിയോൾ പറഞ്ഞു.

താൻ മുൻകാലങ്ങളിൽ ചെയ്ത സിനിമകളാണ് പരാജയങ്ങൾ നേരിടാൻ കാരണമെന്നും സണ്ണി ഡിയോൾ പറഞ്ഞു. 'ഗദ്ദർ റിലീസായത് ഞാനിന്നും ഓർക്കുന്നു. ആ വർഷത്തെ ഗംഭീര ഹിറ്റ് ആയിരുന്നു ചിത്രം. പക്ഷേ അതിന് ശേഷം എന്റെ കഷ്ടപ്പാടുകളും തുടങ്ങി. എനിക്ക് നല്ല തിരക്കഥകൾ തിരഞ്ഞെടുക്കാനായില്ല. ഒന്നും ശരിയായി വന്നില്ല. ചിലത് ബിസിനസ് ഉണ്ടാക്കി, ചിലത് എങ്ങുമെത്താതെ പോയി. എന്നാൽ 20 വർഷങ്ങൾക്ക് ശേഷം ഗദ്ദറിലൂടെ തന്നെ ഞാനെന്റെ സന്തോഷം കണ്ടെത്തിയിരിക്കുന്നു,' സണ്ണി ഡിയോൾ പറഞ്ഞു.

കരിയറിൽ ഇപ്പോൾ വിജയം കണ്ടെത്താനായത് ഒരിക്കലും പിന്മാറാതെ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നതിനാൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. 500 കോടിക്ക് മുകളിലാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ 'ഗദ്ദർ 2' നേടിയത്. സമീപകാലത്തെ ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ചിത്രത്തിന്റെത്. പഠാന്‍ 28 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടുമാണ് ഇന്ത്യന്‍ ബോക്സ് ഓഫിസില്‍ 500 കോടി കടന്നത്. 24 ദിവസം കൊണ്ട് ഗദ്ദറിന് ഈ നേട്ടം സാധ്യമായിരുന്നു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT