News

അഭിനയ സൗകുമാര്യത്തിന്റെ ഓര്‍മ്മക്ക് രണ്ടര പതിറ്റാണ്ട്‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഒരുകാലത്ത് മലയാള സിനിമയിൽ ക്ഷോഭിക്കുന്ന യൗവനത്തിന്റെ, പ്രതീകമായിരുന്നു നടൻ സുകുമാരൻ. കത്തിക്കയറുന്ന ഡയലോഗുകൾ കൊണ്ട് പ്രേക്ഷകർ ഒന്നടങ്കം നെഞ്ചേറ്റിയ താരത്തിന്റെ വിയോഗവും അപ്രതീക്ഷിതമായിരുന്നു. സുകുമാരൻ വേർപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 26 വർഷങ്ങളാവുകയാണ്.

പൊന്നാനി താലൂക്കിലെ എടപ്പാളുകാരനായ സുകുമാരൻ എംടിയുടെ 'നിര്‍മാല്യ'ത്തിലെ വെളിച്ചപ്പാടിന്റെ മകന്‍ അപ്പുവിലൂടെയാണ് മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. കോളജ് അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച സുകുമാരന്‍, എംടിയുടെ തിരക്കഥയിൽ 'വളര്‍ത്തുമൃഗങ്ങള്‍', 'വാരിക്കുഴി', 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍', 'ഉത്തരം' ഇനീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാകാൻ തുടങ്ങി. 'ബന്ധനം' എന്ന ചിത്രത്തിലെ ക്ലർക്ക് ഉണ്ണികൃഷ്ണനായുള്ള പകർന്നാട്ടത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം.

മേലാളന്മാരുടെ മുഖത്തു നോക്കി നാലു വര്‍ത്തമാനം പറയാന്‍ ധൈര്യപ്പെട്ട സുകുമാരനെ അന്നത്തെ യുവതലമുറ താരമാക്കി. അധ്യാപകൻ കൂടിയായിരുന്ന സുകുമാരൻറെ ഇംഗ്ലീഷ് ഡയലോഗുകൾ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു. സോമന്‍, സുകുമാരന്‍, ജയന്‍ എന്നീ താരങ്ങളുടെ ഉദയം ഒരേകാലത്താണ് സംഭവിക്കുന്നത്. 'സ്ഫോടനം','മനസാ വാചാ കര്‍മണാ', 'അഗ്നിശരം','ശാലിനി എന്റെ കൂട്ടുകാരി' എന്നിങ്ങനെ തെളിമയും ഗരിമയുമുള്ള ഒരുപിടി കഥാപാത്രങ്ങൾ. അവസരം തേടി ഒരു നിർമാതാവിൻറെ പിന്നാലെയും സുകുമാരൻ നടന്നിട്ടില്ല.

വാണിജ്യപ്രധാനമായ ചിത്രങ്ങളിലെ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളും ഒരുപോലെ അഭിനയിച്ച സുകുമാരൻ. ഭാര്യ മല്ലികയ്ക്കൊപ്പം നിര്‍മാതാവുമായി. 250 ഓളം ചിത്രങ്ങളില്‍ മിന്നിത്തിളങ്ങിയ സുകുമാരന്‍, 'ഇരകള്‍' (1985), 'പടയണി' (1986) എന്നീ രണ്ട് സിനിമകളുടെ നിര്‍മ്മാതാവിന്റെ മേലങ്കി അണിഞ്ഞെങ്കിലും, രണ്ടുചിത്രങ്ങളും വാണിജ്യ മേഖലയില്‍ കാര്യമായ ഫലം കൊയ്തില്ല.

മക്കളുടെ സിനിമാപ്രവേശത്തിന് സാക്ഷിയാവാൻ കഴിഞ്ഞില്ലെങ്കിലും അച്ഛൻറെ അതേ പാതയിലാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. രണ്ടു സൂപ്പർ സ്റ്റാറുകൾ ഉള്ള ആ വീട്ടിലെ നെടുംതൂൺ സുകുമാരന്റെ മരണശേഷം അവരെ വളർത്തി ഇവിടെ വരെ എത്തിച്ച മല്ലിക സുകുമാരൻ തന്നെയാണ്. സുകുമാർ എന്ന നടന്റെ മകൻ എന്ന മേൽവിലാസം കൊണ്ടാണ് ആദ്യ സിനിമയിൽ അവസരം ലഭിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ താര കുടുംബം എന്നും സുകുമാരന്റെ ഓർമകളിൽ വാചാലമാകാറുണ്ട്.

'മോദി മണിപ്പൂരിലേക്ക് വരണം, ജനങ്ങളെ കേൾക്കണം'; വീണ്ടും വീണ്ടും ആവശ്യപ്പെട്ട് രാഹുൽ

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി; ഗവർണർ ഒപ്പുവച്ചു

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

'തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം'; സിപിഐ എക്‌സിക്യൂട്ടീവ്

രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

SCROLL FOR NEXT