Opinion

ഉള്ളിയും പൊതുതിരഞ്ഞെടുപ്പും

സ്വാതി പാർവതി

ഉള്ളി നമ്മുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുക മാത്രമല്ല ചിലപ്പോഴെങ്കിലും രാഷ്ട്രീയക്കാരുടെ കണ്ണ് നനയിക്കുകയും ചെയ്യാറുണ്ട്. ഉള്ളി വിലയിലുണ്ടായിട്ടുള്ള ഏറ്റിറക്കങ്ങൾ തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിച്ച സംഭവങ്ങളും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. 1980 ൽ നടന്ന പൊതു തിരഞ്ഞെടുപ്പ് അറിയപ്പെട്ടതു തന്നെ 'Onion Election' എന്നായിരുന്നു. 1977 ൽ അധികാരത്തിൽ വന്ന ജനതാ സർക്കാരിൻറെ കാലത്ത് ആഭ്യന്തര കമ്പോളത്തിൽ ഉള്ളിയുടെ വില കുതിച്ചുയർന്നു. അതോടെ ഉള്ളിയുടെ വിലക്കയറ്റം വലിയൊരു തിരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കുന്നതിൽ കോൺഗ്രസും ഇന്ദിരാ ഗാന്ധിയും വിജയിക്കുകയും തിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കുകയും ചെയ്തു. 1998 ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ നിലംപതിച്ചത് ഉള്ളി വിലയുടെ പേരിലായിരുന്നു. ഒരിക്കൽ കൂടി രാജ്യം ഒരു പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഉള്ളി വില വീണ്ടും ഒരു പ്രധാന വിഷയമായി ഉയർന്നു വന്നിരിക്കുകയാണ്.

സവാള ഗിരി ഗിരി...

ലോകത്ത് ഉള്ളി കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉള്ളിയുടെ തൊണ്ണൂറ് ശതമാനവും ഉല്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉള്ളി കമ്പോളവും നാസിക്കിലാണ്.

കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നു. ആഭ്യന്തര കമ്പോളത്തിൽ ഉള്ളി വില ഉയരുന്നത് തടയാനും വിലക്കയറ്റം തിരഞ്ഞെടുപ്പിൽ സർക്കാരിൻറെ സാദ്ധ്യതകളെ സ്വാധീനിക്കാതിരിക്കാനുമുള്ള മുൻകരുതലായിരുന്നു ഇത്. രാജ്യത്ത് ഉള്ളി വില കുതിക്കുന്നത് തടയാൻ ഇത് സഹായകരമായെങ്കിലും ഉള്ളി കർഷകർ പക്ഷെ പ്രതിസന്ധിയിലായി.

തിരഞ്ഞെടുപ്പിനിടെ മെയ് നാലാം തീയതി കയറ്റുമതി നിരോധിച്ച നടപടി സർക്കാർ പിൻവലിച്ചു. മഹാരാഷ്ട്രയിലുണ്ടായേക്കാവുന്ന തിരിച്ചടി കണക്കിലെടുത്തായിരുന്നു ഈ രാഷ്ട്രീയ നീക്കം

കയറ്റുമതി നിരോധിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ നാസിക്കിൽ വലിയ കർഷക പ്രക്ഷോഭം തന്നെയുണ്ടായി. തുടർന്ന് തിരഞ്ഞെടുപ്പിനിടെ മെയ് നാലാം തീയതി കയറ്റുമതി നിരോധിച്ച നടപടി സർക്കാർ പിൻവലിച്ചു. മഹാരാഷ്ട്രയിലുണ്ടായേക്കാവുന്ന തിരിച്ചടി കണക്കിലെടുത്തായിരുന്നു ഈ രാഷ്ട്രീയ നീക്കം. പ്രധാനമായും പടിഞ്ഞാറൻ മഹാരാഷ്ട്ര പോളിങ് ബൂത്തിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. പൊടിക്കൈകള്‍ കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തിയെങ്കിലും കയറ്റുമതി നിരോധനം ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നു തന്നെയാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ഉള്ളിയുടെ മിനിമം കയറ്റുമതി വില (MEP) ടണ്ണിന് 550 ഡോളറായി നിശ്ചയിക്കുകയും 40% കയറ്റുമതി ചുങ്കം ഏർപ്പെടുത്തുകയും ചെയ്തത് ലാഭത്തെ ബാധിച്ചു എന്നതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. അധിക കയറ്റുമതി ചുങ്കം മൂലം അന്താരാഷ്ട്ര കമ്പോളത്തിലെ മറ്റ് കയറ്റുമതിക്കാരായ പാകിസ്താനോടും ഈജിപ്തിനോടും മത്സരിക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഈ പിന്നോട്ട് പോകൽ ഗുണകരമായിരിക്കുന്നതാകട്ടെ പാകിസ്താനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനെയാണ് സഹായിക്കുന്നത് എന്നു പോലും കർഷകർ ആരോപിക്കുന്നു. ആഭ്യന്തര കമ്പോളത്തിലാകട്ടെ ഉള്ളിയുടെ വില ക്വിൻറലിന് 1200 -1600 രൂപ എന്ന നിരക്കിലുമാണ്. ഇതുകൊണ്ട് ഉല്പാദന ചിലവ് പോലും ഈടാകുന്നില്ല എന്നാണ് കർഷകരുടെ പരാതി. ഈ സാഹചര്യം തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി സഖ്യത്തിന് തിരിച്ചടിയാകും.

നാസിക്, ദിൻദേരി അടക്കമുള്ള മണ്ഡലങ്ങൾ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ജനവിധി ബിജെപിക്ക് എതിരാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്

മഹാരാഷ്ട്രയിലെ ഉള്ളി കണ്ണീർ

പന്ത്രണ്ട് ലോക്സഭാ മണ്ഡലങ്ങളാണ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലുള്ളത്. 'Onion Belt' എന്നാണ് ഈ മേഖല അറിയപ്പെടുന്നതു തന്നെ. നാസിക്, ദിൻദേരി അടക്കമുള്ള മണ്ഡലങ്ങൾ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ ജനവിധി ബിജെപിക്ക് എതിരാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഈ മാസം 15 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി നാസിക്കിലെത്താനിരിക്കെ 50 കർഷക പ്രക്ഷോഭകാരികളെ കരുതൽ തടങ്കലിലാക്കിയിരുന്നു. വലിയ പ്രതിഷേധങ്ങൾക്ക് ഇത് വഴിവെച്ചിരുന്നു. കർഷകരുടെ എതിർപ്പ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ അത് ബിജെപി സഖ്യത്തിന് വൻ തിരിച്ചടിയാകും. ഉള്ളി ഒരിക്കൽ കൂടി രാഷ്ട്രീയക്കാരുടെ കണ്ണ് നനയിക്കും എന്നർത്ഥം. പ്രതിപക്ഷത്തിന് ചിലപ്പോൾ അത് ആനന്ദക്കണ്ണീരുമാകാം.

തിരുവനന്തപുരം വിമാനത്താവളത്തിലെ സമരം തുടരുന്നു, ആവശ്യം ശമ്പള പരിഷ്കരണം; ബുദ്ധിമുട്ടിലായി യാത്രക്കാർ

ഗുരുവായൂരമ്പല നടയിൽ കല്യാണ മേളം; വിവാഹിതരാകുന്നത് 356 വധൂവരന്മാർ

സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; അതീവ ജാഗ്രത

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

SCROLL FOR NEXT