Opinion

സുരേഷ് ഗോപിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം, എന്നാല്‍ നിമിഷ രാഷ്ട്രീയം പറഞ്ഞുകൂടെന്നോ?

രോഷ്നി രാജന്‍

'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കില്ല...' പൗരത്വഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ രാജ്യമെമ്പാടും കൊടുമ്പിരി കൊണ്ടിരുന്ന നാളുകളില്‍, കൊച്ചിയില്‍ നടന്ന തെരുവ് പ്രക്ഷോഭത്തില്‍ മലയാള നടി നിമിഷ സജയന്‍ നടത്തിയ ഒരു രാഷ്ട്രീയ പ്രസ്താവനയാണിത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വാക്കുകളുടെ പേരില്‍ നിമിഷ സജയന്‍ ആക്രമിക്കപ്പെടുകയാണ്, അറപ്പുളവാക്കുന്നതും വിദ്വേഷകരവുമായ വാക്കുകള്‍ കൊണ്ടുള്ള അതിരൂക്ഷമായ സൈബര്‍ ആക്രമണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെയാണ് അധിക്ഷേപ കമന്റുകളും വീഡിയോകളുമായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ ഒരു വലിയ അശ്ലീല ആണ്‍കൂട്ടം നിമിഷയ്‌ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. അക്രമാഹ്വാനം, തെറിവിളി, കേട്ടാലറയ്ക്കുന്ന ഭാഷ.... സംഘ്പരിവാര്‍ ഹാന്‍ഡിലുകള്‍ സര്‍വ സന്നാഹങ്ങളുമായി നിമിഷ സജയന്‍ എന്ന നടിയെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ഒന്നേയുള്ളൂ, അവര്‍ ഒരു രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞു.

സിനിമയിലെ ആണുങ്ങള്‍ രാഷ്ട്രീയം തുറന്നുപറയാറുള്ള, തെരഞ്ഞെടുപ്പില്‍ വരെ മത്സരിക്കുന്ന ഒരു നാട്ടിലാണ് രാഷ്ട്രീയ നിലപാട് പറഞ്ഞതിന്റെ പേരില്‍ ഒരു നടി ഇത്രമേല്‍ തീവ്രമായ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. നിലപാടുകളില്‍ വേറിട്ടുനില്‍ക്കുന്ന നിമിഷ സജയന് നേരെ ഇതാദ്യമായല്ല സൈബര്‍ ആക്രമണം നടക്കുന്നത്. ജിയോ ബേബിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ റിലീസിന് ശേഷം സിനിമയിലെ അവസാന സീനുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് പറഞ്ഞുകൊണ്ട് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ രംഗത്തുവന്നിരുന്നു. സിനിമയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയന് നേരെയും അന്ന് അധിക്ഷേപങ്ങളുണ്ടായി.

ഒരു സിനിമാ നടിക്കുവേണ്ട ഭംഗിയില്ല, സിനിമകളില്‍ ചിരിക്കാത്ത മുഖമാണ്, അഹങ്കാരിയാണ് എന്നെല്ലാമുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തുടങ്ങി കോളനി താരം എന്ന വംശീയ വിശേഷണം നിമിഷയ്ക്ക് നേരെ ഉണ്ടായി. ഏറ്റവും ഒടുവിലിതാ നാല് വര്‍ഷം മുമ്പ് പറഞ്ഞൊരു പ്രസ്താവനയുടെ പേരില്‍ വീണ്ടുമവര്‍ നിമിഷയെ ഉന്നംവക്കുകയാണ്. എന്തുകൊണ്ട് നിമിഷ സജയന്‍ ഇത്രയ്ക്ക് ആസൂത്രിതമായി ആക്രമിക്കപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു ഉത്തരമേയുള്ളൂ...നടിമാരാണെങ്കില്‍ ഇങ്ങനെ ജീവിച്ചുകൊള്ളണം, ഇങ്ങനെ അഭിനയിച്ചുകൊള്ളണം, എന്നൊക്കെയുള്ള പൊതു ആണ്‍ബോധ നിര്‍മിതിയ്ക്ക് പുറത്താണ് നിമിഷ സജയന്റെ സിനിമയ്ക്കകത്തും പുറത്തുമുള്ള അസ്തിത്വം.

മേക്കപ്പിടാന്‍ ഇഷ്ടമല്ലേ എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്ന അവതാരകയോട് ഇഷ്ടമല്ല എന്ന് പറയാന്‍ മടിയില്ലാത്ത, അടുക്കള സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ലെന്ന ആശയം ചേര്‍ത്തുപിടിക്കുന്ന, ആക്രമിക്കപ്പെടുന്ന സഹപ്രവര്‍ത്തകക്കൊപ്പം മാത്രമെന്ന് സംശയലേശമില്ലാതെ പ്രഖ്യാപിക്കുന്ന, പൗരത്വ ഭേദഗതിക്കെതിരായി പ്രതിഷേധിച്ച് തെരുവിലിറങ്ങുന്ന, ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ തുറന്ന നിലപാടുള്ള നിമിഷ സജയനെ വിദ്വേഷ രാഷ്ട്രീയം ഉള്ളില്‍ പേറുന്ന ആണ്‍കൂട്ടത്തിന് ഭയമാണ്.

നിലപാടുകള്‍ സ്വീകരിച്ചതിന്റെ കൂടി പേരില്‍ മുഖ്യധാരാ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട കനി കുസൃതിയും ദിവ്യപ്രഭയും അടക്കമുള്ള നടിമാരും, സമരം ചെയ്തതിന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നടപടിയേറ്റ പായല്‍ കപാഡിയയെ പോലുള്ള സംവിധായകരും ലോക സിനിമയ്ക്ക് മുന്നില്‍ അഭിമാനതാരങ്ങളായി നിലകൊണ്ട കാലമാണിത്. പ്രിയപ്പെട്ട നിമിഷ സജയന്‍, രാഷ്ട്രീയാഭിപ്രായങ്ങളുടെയും നിലപാടുകളുടെയും വിശാലമായ ലോകത്ത് നിങ്ങളിനിയും ഒരുപാട് ദൂരം സഞ്ചരിക്കൂ...

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; ഒപ്പം പി ശശിയും

എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധിയിലേക്ക്

കുറ്റസമ്മതം?; 99-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ആരെവിടെ കൂടിക്കാഴ്ച നടത്തിയാലും പ്രശ്നമില്ല, നടക്കുന്നത് പിണറായിയെ തകർക്കാനുള്ള ശ്രമം;മന്ത്രി റിയാസ്

എഡിജിപി ആര്‍എസ്എസ് നേതാവ് രാംമാധവിനെയും കണ്ടു; രണ്ട് തവണ കണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

SCROLL FOR NEXT