"Power tends to corrupt, and absolute power corrupts absolutely"
അധികാരത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്. അതെപ്പോഴും ദുർവിനിയോഗത്തിന്റെ വശത്തേക്ക് ചെരിഞ്ഞാണിരിക്കുക. ആ ചെരിവിന് വശപ്പെടാതെ നേരെനിന്നുപോകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ സംവിധാനങ്ങളോ വളരെ ചുരുക്കമാണ്. അതുകൊണ്ടാണ് നേര്, നീതി, ന്യായം, സുതാര്യത എന്നിവയൊക്കെ പത്തരമാറ്റ് വിലയുള്ള കാര്യങ്ങളാവുന്നത്. ഒരു അനീതി നടക്കുന്നു, അതിനെതിരെ ശബ്ദമുയർത്താൻ ചുരുക്കം ചിലർ തയ്യാറാവുന്നു. പക്ഷേ, ആ എതിർസ്വരത്തിന് എത്രമാത്രം പിന്തുണ ലഭിക്കും? അനീതിക്ക് വിധേയരാകേണ്ടി വന്നവർക്ക് പൂർണമായും നീതി ലഭിക്കുമെന്ന് എന്താണ് ഉറപ്പ്? വർത്തമാനകാല സാഹചര്യത്തിൽ നിന്നുകൊണ്ട് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നിങ്ങൾ ശ്രമിച്ചുനോക്കൂ. മനഃസാക്ഷിയുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ ഉത്തരം നിങ്ങളെ വേദനിപ്പിക്കും!
എല്ലാക്കാലത്തും അധികാരത്തിന്റെ / അധികാരമുള്ളവരുടെ ഒപ്പം നിൽക്കാനാണ് ഭൂരിപക്ഷത്തിനും താല്പര്യം. അവർ മുന്നോട്ടുവെക്കുന്ന ആശയങ്ങളും തീരുമാനങ്ങളും ഭൂരിപക്ഷപിന്തുണയോടെ നടപ്പാകും. എതിർസ്വരങ്ങളെ നിശബ്ദമാക്കാനുള്ള ഗിമ്മിക്കൊക്കെ അധികാരവർഗത്തിന് വശമുണ്ട്. സ്വയമോ അല്ലെങ്കിൽ ആജ്ഞാനുവർത്തികളായി ചുറ്റും നിൽക്കുന്നവരെക്കൊണ്ടോ അവരത് വിദഗ്ധമായി നടപ്പാക്കും. സമൂഹത്തിലും തൊഴിലിടങ്ങളിലും പൊതുവായി കണ്ടുവരുന്ന ഈ പ്രവണതയുടെ പ്രതിഫലനം മാത്രമാണ് മലയാള സിനിമാരംഗത്തും നമ്മൾ കാണുന്നത്. പല കാലങ്ങളിലും ഒറ്റപ്പെട്ട ശബ്ദമായി മാത്രം ഉയർന്നുവന്നിരുന്ന സിനിമാരംഗത്തെ പുഴുക്കുത്തുകൾ സംഘടിതമായി നിന്ന് വിളിച്ചുപറയാൻ ഡബ്ല്യുസിസി വേണ്ടിവന്നു എന്നുമാത്രം. പുരുഷാധിപത്യത്തിന്റെ അച്ചുതണ്ടിൽ കറങ്ങിയിരുന്ന മലയാളസിനിമയെ ഉടച്ചുവാർക്കേണ്ടത് അനിവാര്യമാണെന്ന് ഉറച്ചുപറയാൻ ഒരുകൂട്ടം പെണ്ണുങ്ങൾ കാണിച്ച ധൈര്യത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടും അതിന്മേലുള്ള ചൂടുപിടിച്ച ചർച്ചകളും. നേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ച്, ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് ഒന്നിനു പിറകെ ഒന്നായി സ്ത്രീകൾ വെളിപ്പെടുത്തുന്നു. ചാനൽ ചർച്ചകളിലും മാധ്യമപ്രവർത്തകർക്കു മുമ്പിലും അതിനെക്കുറിച്ച് സധൈര്യം പറയാൻ അവർ തയ്യാറാവുന്നു. ചിലർ തങ്ങളെ ഉപദ്രവിച്ചവരെക്കുറിച്ച് പേര് സഹിതം തുറന്നുപറയുന്നു, മറ്റ് ചിലരാവട്ടെ വ്യക്തികളെ ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും പൊള്ളിക്കുന്ന അനുഭവങ്ങളുണ്ടായെന്ന് സമ്മതിക്കുന്നു. ഈ സത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമൂഹത്തിലെ ഒരുവിഭാഗം നിലകൊള്ളുമ്പോൾ മറുവിഭാഗം കാലങ്ങളായി പുരുഷാധിപത്യം വാർത്തെടുത്ത ആ അച്ചിൽ ഇട്ടുപരുവപ്പെടുത്തിയ സ്ഥിരം വിമർശനമുന്നയിക്കുന്നു. ഇത്രയും കാലം ഇവർ ഇതൊന്നും പറയാതിരുന്നതെന്താണ്? ഇപ്പോഴിത് പറയുന്നതിന് പിന്നിലുള്ളത് ഗൂഢാലോചനയല്ലേ? ഇവരൊന്നും അത്ര നല്ലതൊന്നുമല്ല, അന്നിതൊക്കെ സമ്മതത്തോടെ ചെയ്തിട്ടായിരിക്കും ഇപ്പോ തിരിച്ചുപറയുന്നത്.......ഇങ്ങനെ നീളുന്നു വിമർശനങ്ങൾ.
പക്ഷേ, ഒന്നാലോചിച്ചു നോക്കൂ. അധികാരവും സ്വാധീനവും ഉള്ള ഒരാളോട് / പ്രസ്ഥാനത്തോട് എതിരിട്ടുനിന്ന പെണ്ണുങ്ങളെ എല്ലാക്കാലത്തും നമ്മുടെ സമൂഹം ട്രീറ്റ് ചെയ്തിട്ടുള്ളത് ഏതുവിധത്തിലാണ്? മീ ടൂ മൂവ്മെന്റ് ലോകമെമ്പാടും മാറ്റങ്ങളുണ്ടാക്കിയപ്പോഴും മലയാളസിനിമ പുറംതിരിഞ്ഞു നിന്നിട്ടുണ്ട്. 2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നല്ലോ ഡബ്ല്യുസിസി ഉണ്ടായത്. അതേ വർഷം ഒക്ടോബറിൽ മലയാള താരസംഘടനയായ എഎംഎംഎയ്ക്കെതിരെ ഡബ്ല്യുസിസി അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ നടി റീമ കല്ലിങ്കൽ ഇക്കാര്യം ചോദിച്ചതുമാണ്. 'രാജ്യം മീ ടൂ ക്യാമ്പയിനെ പിന്തുണയ്ക്കുകയും വേട്ടക്കാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുമ്പോഴും മലയാളസിനിമാ രംഗം അതിനു വിപരീതമായാണ് പ്രവർത്തിക്കുന്നത്. ബോളിവുഡിൽ ഒരാഴ്ച്ചയ്ക്കിടെ ഉണ്ടായ കേസുകൾ നോക്കൂ, ലൈംഗികാരോപണ വിധേയനായ സംവിധായകനായ ചിത്രത്തിൽ നിന്ന് പ്രൊഡക്ഷൻ ഹൗസ് ഒഴിവാക്കി. എന്തിന് സഹനിർമ്മാതാവിനെ പോലും അത്തരത്തിൽ ഒഴിവാക്കിയ സംഭവമുണ്ടായി. ഇവിടെയോ ആരോപണവിധേയനെ ചേർത്തുപിടിച്ച് സിനിമ ഒരുക്കുമെന്ന് പറയുന്ന അവസ്ഥയും'. റിമ അന്ന് പറഞ്ഞത് ഇന്നും പ്രസക്തമാണ്. നടനും എംഎല്എയുമായ മുകേഷിനെതിരേ സിനിമാ സാങ്കേതിക പ്രവര്ത്തകയായ ടെസ് ജോസഫ് മീ ടൂ ആരോപണവുമായി രംഗത്തെത്തിയതും അക്കാലത്ത് മലയാള സിനിമാമേഖലയെ ഉലച്ചിരുന്നു. പത്തൊന്പത് വര്ഷം മുന്പ് ഒരു ടെലിവിഷന് പരിപാടിക്കിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ടെസ് ജോസഫ് രംഗത്ത് വന്നത്, എന്നിട്ടെന്തെങ്കിലും സംഭവിച്ചോ?
ഈ സാഹചര്യത്തിൽ തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ആര് വരുമായിരുന്നു എന്നാണ്? അതിക്രമം ഉണ്ടായതിനെക്കുറിച്ച് തുറന്നുപറയാൻ സ്ത്രീകൾ മടിക്കുന്നതിന് കാരണം പലതാണ്. തുറന്നുപറയാൻ വൈകി എന്നതിനർത്ഥം ആ അതിക്രമം അവരാസ്വദിച്ചു എന്നോ അതൊരു ഉഭയസമ്മതബന്ധം ആയിരുന്നു എന്നോ അല്ല. ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ഒരു സ്ത്രീയെ എത്രമാത്രം തകർക്കുമെന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാവേണ്ടത്. ശാരീരികമായും മാനസികമായും അവർ കടന്നുപോകേണ്ടി വരുന്ന ആഘാതം വളരെ വലുതായിരിക്കും. ഒന്നും സംഭവിച്ചിട്ടില്ലെന്ന് ആശ്വസിക്കാനോ ചൂഷകർക്കെതിരെ പടവാളെടുക്കാനോ കഴിയുന്ന അവസ്ഥയിലായിരിക്കില്ല ഒരു അതിജീവിതയുമുള്ളത്. ആദ്യഘട്ടത്തിലെ മാനസികാഘാതം മറികടന്ന് അവൾ ആരോടെങ്കിലും വിവരം പങ്കുവെക്കാൻ തയ്യാറായി എന്നിരിക്കട്ടെ. അക്കാര്യം കേൾക്കുന്ന കുടുംബാംഗമോ സുഹൃത്തോ ആരുമായ്ക്കോട്ടെ ഉടനടിയുണ്ടാകുന്ന പ്രതികരണം എന്തായിരിക്കും. അവളുടെ ഭാവിയെക്കരുതി മറക്കാൻ ഉപദേശിച്ചേക്കാം, അല്ലെങ്കിൽ ചൂഷകന്റെ സ്വാധീനവും സമൂഹത്തിലെ സ്ഥാനവും അവളുടെ ജീവിതം തന്നെ തകർക്കുമെന്ന ആശങ്ക പങ്കുവെച്ചേക്കാം. ഇതൊക്കെ സാധ്യതകളാണ്. ഇനിയുമുണ്ട് കടമമ്പകൾ. പൊലീസിൽ പരാതി നൽകിയെന്നിരിക്കട്ടെ, അവരുടെ ചോദ്യങ്ങളും സമീപനവും അതിജീവിതയ്ക്ക് അനുകൂലമാകാനുള്ള സാധ്യത എത്രത്തോളമായിരിക്കും. റേപ്പിന് വിധേയയായ സ്ത്രീയോട് പരാതി കൊടുക്കാഞ്ഞതെന്താണ് എന്ന് ചോദിക്കുമ്പോൾ ഇനിയൊരു വെർബൽ റേപ്പിനുകൂടി വിധേയയാകാൻ വയ്യ എന്ന് മറുപടി പറഞ്ഞതായുള്ള വിവരം കേൾക്കുമ്പോ മനസിലാകാത്തവരല്ലല്ലോ നമ്മൾ. കേസും കോടതിയുമായി മുന്നോട്ടുപോകുമ്പോൾ അവൾ അനുഭവിക്കേണ്ടി വരുന്ന ട്രോമ വേറെ. കോടതിമുറിയിലും മാധ്യമങ്ങൾക്കു മുമ്പിലും എത്രയോ തവണ നടന്നതിനെയൊക്കെ ഓർത്തെടുത്ത് പറയേണ്ടിവരും. ഐഡന്റിറ്റി വെളിപ്പെടുത്താതെയുള്ള ജീവിതം എത്രകാലം തുടരേണ്ടി വരും. കേരളം കണ്ട എക്കാലത്തെയും വലിയ ലൈംഗികചൂഷണമായിരുന്നല്ലോ സൂര്യനെല്ലിയും വിതുരയുമൊക്കെ. ആ അതിജീവിതമാരുടെ പിൽക്കാല ജീവിതം ഉദാഹരണങ്ങളായി നമുക്കുമുമ്പിൽ ഇല്ലേ?
മാറ്റങ്ങളുണ്ടാവേണ്ടത് സമൂഹത്തിനാകെയാണ്. എന്നാൽ മാത്രമേ അതിക്രമത്തിന് വിധേയരായവർക്ക് അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടാവൂ. മറനീക്കി പുറത്തുവരുന്ന അതിജീവിതരെ ചേർത്തുപിടിച്ച് ഞങ്ങൾ നിനക്കൊപ്പമുണ്ടെന്ന് തെളിയിക്കാനാകണം. വേട്ടക്കാരനൊപ്പമല്ല ഇരയ്ക്കൊപ്പമാണെന്ന പറച്ചിലല്ല അത് തെളിയിക്കുന്ന പ്രവർത്തിയാണ് ഉണ്ടാവേണ്ടത്. സിനിമാ രംഗം തന്നെ നോക്കൂ. അലൻസിയർ, മുകേഷ്, വിജയ് ബാബു, ലിജു കൃഷ്ണ, രഞ്ജിത്ത്, സിദ്ദിഖ് തുടങ്ങിയവർക്കൊക്കെ എതിരെ ലൈംഗികാരോപണങ്ങൾ വന്നു. പേരുവെളിപ്പെടുത്താത്ത സംഭവങ്ങൾ വേറെയും. എന്നിട്ട് നമ്മളടങ്ങുന്ന സമൂഹം പ്രതികരിക്കുന്നതെങ്ങനെയാണ്? പുറമേ അതിജീവിതർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഫേക്ക് ഐഡികളിൽ നിന്ന് അതേ അതീജീവിതർക്കെതിരെ ബുള്ളിയിങ് നടത്തുകയും പോൺസൈറ്റുകളിൽ അവരുടെ നഗ്നദൃശ്യങ്ങൾ തിരയുകയും ചെയ്യുന്ന സമൂഹം കൂടിയാണിത്. എന്നിട്ടാണ് ധീരഘോരം ആർത്തുവിളിച്ച് ചോദിക്കുന്നത്, ഇവരൊക്കെ ഇത്രയും കാലം എന്തുകൊണ്ട് പരാതി പറഞ്ഞില്ല എന്ന്?
മീ ടൂ മൂവ്മെന്റിനെ കാലം അടയാളപ്പെടുത്തിയത് ലിംഗരാഷ്ട്രീയത്തിലേക്ക് അഥവാ ജെന്ഡര് പൊളിറ്റിക്സിലേക്കുള്ള സ്ത്രീമുന്നേറ്റത്തിന്റെ ആദ്യപടിയായി കൂടിയാണ്. ലൈംഗികാതിക്രമങ്ങള്ക്ക് ഇരയാകേണ്ടി വരുന്നത് സ്ത്രീയുടെ കുറ്റം കൊണ്ടല്ല എന്നും അതു മറച്ചുവയ്ക്കേണ്ടതല്ല എന്നും ഉറച്ചുപറഞ്ഞ മീ ടൂ, ഇരയായതു കൊണ്ട് മാത്രം ഒരു പെണ്ണും കളങ്കിതയാവുന്നില്ല എന്നും ലോകത്തെ ബോധ്യപ്പെടുത്തി. അതിനു പിന്നാലെ തുറന്നുപറച്ചിലുകൾക്ക് കൂടുതൽ പേർക്ക് ധൈര്യം വന്നു. ഇത്രയും കാലം അതിജീവിതർ അനുഭവിക്കേണ്ടി വന്ന വേദനയും നിസ്സഹായതയും സമൂഹത്തില് നിന്ന് നേരിടേണ്ടി വന്ന ആക്ഷേപങ്ങളും അതേ തീവ്രതയിലല്ലെങ്കിലും നേരിടാന് ലൈംഗികാതിക്രമികളും നിര്ബന്ധിതരാവുന്ന സാഹചര്യമുണ്ടായി. കേരളത്തിലേക്ക്, മലയാളസിനിമാരംഗത്തേക്ക് അത് എത്താൻ പിന്നെയും ഏഴ് വർഷങ്ങൾ കൂടി വേണ്ടിവന്നു, പൂഴ്ത്തിവെക്കലിന്റെ ഘട്ടം കടന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണേണ്ടി വന്നു. ഒന്നിനു പിന്നാലെ ഒന്നായി ഇനിയും സ്ത്രീകൾ മുന്നോട്ടുവരും, തങ്ങൾ നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയും. അതിക്രമികളുടെ മുഖംമൂടി വലിച്ചെറിയും. പലര്ക്കും അധികാരസ്ഥാനങ്ങളില് നിന്നുള്ള പടിയിറങ്ങേണ്ടി വരും. ഇതൊരു തുടക്കമാണെന്ന് വിശ്വസിക്കാം. മാറ്റത്തിന്റെ അടയാളപ്പെടുത്തൽ ഇവിടെ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.......!