ഇമ്രാൻ ഖാൻ്റെ ഭാര്യ ഫാത്തിമ ബീബിക്ക് വിഷം നൽകിയതിന് തെളിവുകളില്ല; വൈദ്യ പരിശോധന നടത്തി

പേഴ്സണൽ ഫിസിഷ്യൻ അസിം യൂസഫ് ആണ് വൈദ്യപരിശോധന നടത്തിയത്

ഇസ്ലാമാബാദ്: തൻ്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ ബുഷ്റ ബീബിയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചതിനു പിന്നാലെ പരിശോധന നടത്തി മെഡിക്കൽ സംഘം. വിഷം നൽകിയതിന് തെളിവുകളൊന്നുമില്ലെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. പേഴ്സണൽ ഫിസിഷ്യൻ അസിം യൂസഫ് ആണ് വൈദ്യപരിശോധന നടത്തിയത്. ബുഷ്റയ്ക്ക് വിഷപദാർത്ഥം നൽകിയതിന് തെളിവുകളൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്ന് ഡോ. യൂസഫ് പറഞ്ഞു.

സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയിൽ വച്ചായിരുന്നു വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചതെന്നായിരുന്നു ഇമ്രാൻ ഖാന്റെ ആരോപണം. 190 മില്യൺ പൗണ്ടിന്റെ തോഷഖാന അഴിമതിക്കേസിന്റെ വാദം കേൾക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തൽ. ജഡ്ജി നാസിർ ജാവേദ് റാണയോടായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്. അഡിയാല ജയിലിലാണ് ഇമ്രാൻ ഖാനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

ബുഷ്റയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുഷ്റ ബീബിയുടെ ആരോഗ്യ സ്ഥിതിയിൽ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടർമാരെ വിശ്വാസമില്ലെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു.

To advertise here,contact us