ആഹാരം വേണമെങ്കിൽ സൈനികരുമായി നിർബന്ധിത ലൈംഗിക ബന്ധം; യുദ്ധം തകർത്ത സുഡാനിൽ സ്ത്രീകൾ അനുഭവിക്കുന്നത്

'ഞാൻ കടന്നുപോയ ദുരനുഭവം എനിക്ക് ഓർക്കാൻ പോലും വയ്യ. ഒരു ശത്രുവിന് പോലും ഈ അവസ്ഥ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കില്ല...'

ഖാർട്ടോം: യുദ്ധം തകർത്ത സുഡാനിൽ അതീവ ​ഗുരുതരമാണ് സ്ത്രീകളുടെ അവസ്ഥയെന്ന് റിപ്പോർട്ടുകൾ. കുടുംബത്തിന് ഭക്ഷണം കണ്ടെത്താൻ സൈനികരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിതരായിരിക്കുകയാണ് സുഡാൻ നഗരമായ ഒംദുർമാനിലെ സ്ത്രീകളെന്നാണ് ദ ​ഗാർഡിയൻ പങ്കുവച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. കുടുംബത്തിന് ഒരു നേരത്തെ ആഹാരം കണ്ടെത്താൻ സൈനികരുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടുക മാത്രമാണ് തങ്ങളുടെ മുന്നിലെ ഏക പോം വഴിയെന്ന് സുഡാനിലെ ഒംദുർമാൻ നഗരത്തിൽ നിന്ന് പലായനം ചെയ്ത 24 ഓളം സ്ത്രീകൾ പറഞ്ഞതായി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഭക്ഷണം സംഭരിച്ച് സൂക്ഷിച്ചിരിക്കുന്ന ഫാക്റ്ററികളിൽ വച്ചാണ് സ്ത്രീകൾ ഈ അതിക്രമം നേരിടുന്നത്. 'എന്റെ രക്ഷിതാക്കൾ പ്രായാധിക്യമുള്ളവരാണ്. ഭക്ഷണം തേടിപ്പോകാൻ എന്റെ മകളെ ഞാൻ ഒരിക്കലും അനുവദിക്കില്ല. ഞാൻ സൈനികർക്കടുത്തേക്ക് പോയി, അത് മാത്രമാണ് ഭക്ഷണം ലഭിക്കാനുള്ള മാർ​ഗം. ഫാക്ടറികളുടെ ചുറ്റും എവിടെയും അവരാണുള്ളത്'; മീറ്റ് പ്രൊസസിങ് ഫാക്ടറിയിൽ വച്ച് സൈനികർ ലൈം​ഗികാതിക്രമം നടത്തിയ സ്ത്രീ ​ഗാർഡിയനോട് പങ്കുവച്ച വാക്കുകളാണിത്. കഴിഞ്ഞ വർഷം മെയിലായിരുന്നു സംഭവം.

സുഡാനിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെയാണ് ഇവിടുത്തെ സ്ത്രീകൾ ഈ ക്രൂരത നേരിടേണ്ടി വന്ന് തുടങ്ങിയത്. കഴിഞ്ഞ വർഷം ഏപ്രിൽ 15 ന് സംഘർഷം ആരംഭിച്ചത് മുതൽ സൈനികർ സ്ത്രീകളെ ക്രൂരമായി ആക്രമിക്കുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പതിനായിരക്കണക്കിന് പേരാണ് സുഡാനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ 150000 ആണ് കൊല്ലപ്പെട്ടവരുടെ കണക്കെന്നാണ് ഔനൗദ്യോ​ഗിക വിവരം. യുദ്ധം എത്തിച്ച ഏറ്റവും മോശം അവസ്ഥയാണ് സുഡാനിൽ കാണാനാകുക. ഒരു കോ‌ടിയോളം പേരാണ് സുഡാനിൽ നിന്ന് പലായനം ചെയ്തത്. ജനങ്ങളെ ദുരിതക്കയത്തിലെത്തിക്കുക കൂടിയായിരുന്നു ആഭ്യന്തരകലാപം.

സൈന്യം അഴിച്ചുവിടുന്ന ലൈം​ഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സ്ത്രീകൾ നടത്തുന്നത്. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ വളരെ വ്യവസ്ഥാപിതമായാണ് സൈന്യം സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം അഴിച്ചുവിടുന്നത്. ഉപേക്ഷിക്കപ്പെട്ട വീടുകളിൽ പ്രവേശിക്കുന്നതിനടക്കം പകരമായി സൈന്യം ചോദിക്കുന്നത് ലൈം​ഗിക ബന്ധത്തിലേർപ്പെ‌ടണമെന്നതാണ്. ഈ ഉപേക്ഷിക്കപ്പെട്ട വീടുകളിൽ ഇനിയും ബാക്കിയാകുന്ന വസ്തുക്കൾ പ്രാദേശിക മാർക്കറ്റിൽ വിറ്റ് പണം കണ്ടെത്താനാണ് പലരും ഈ വീടുകളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതെന്നും സ്ത്രീകൾ പറയുന്നു.

സൈനികരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെ ഭക്ഷണവും ഒരു ഒഴിഞ്ഞ വീട്ടിൽ നിന്ന് അടുക്കള വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും എടുക്കാൻ അനുവദിച്ചുവെന്ന് ഒരു സ്ത്രീ പറഞ്ഞു. 'ഞാൻ കടന്നുപോയ ദുരനുഭവം എനിക്ക് ഓർക്കാൻ പോലും വയ്യ. ഒരു ശത്രുവിന് പോലും ഈ അവസ്ഥ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കില്ല... എന്റെ കുട്ടികൾക്ക് ആഹാരം നൽകണമെന്നതുകൊണ്ട് മാത്രമാണ് ഞാനിത് ചെയ്തത്'; അവർ പറഞ്ഞു.

Courtesy: The Guardian

To advertise here,contact us